Daily Saints. - October 2025

October 30: വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസ്

സ്വന്തം ലേഖകന്‍ 30-10-2024 - Wednesday

1531-ല്‍ സ്പെയിനിലെ സെഗോവിയയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. അധികം വൈകാതെ ജെസ്യൂട്ട് സന്യാസിമാര്‍ അദ്ദേഹത്തെ തന്റെ പിതാവിന്റെ നാടായ സെഗോവിയയില്‍ ഒരു ദൌത്യവുമേല്‍പ്പിച്ചു അയച്ചു. ഇതില്‍ അദ്ദേഹം വളരെയേറെ സന്തോഷവാനായിരുന്നു. തന്റെ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയായപ്പോള്‍ തന്റെ പിതാവിന്റെ മരണത്തിനു മുന്‍പ് വ്യവഹാരങ്ങള്‍ ഏറ്റെടുക്കുവാന്‍ വേണ്ടി തന്റെ വസതിയിലേക്ക് തിരികെ വന്നു.

അദ്ദേഹത്തന്റെ സഹോദരനാകട്ടെ സ്കൂളിലേക്ക് തിരികെ പോയി. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു, അതില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടികളും ജനിച്ചു. എന്നാല്‍ വീരോചിതമായ സഹനങ്ങളിലൂടെ ഈ ആത്മാവിനെ ശുദ്ധീകരിക്കുകയായിരുന്നു ദൈവത്തിന്റെ പദ്ധതി. 5 വര്‍ഷത്തിനു ശേഷം വിഭാര്യനായ ഇദ്ദേഹത്തിന്റെ പക്കല്‍ തന്റെ 3 വയസ്സ് മാത്രം പ്രായമുള്ള ഒരു മകന്‍ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങള്‍ തന്റെ പാപങ്ങള്‍ മൂലമാണ് തനിക്ക്‌ വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാള്‍ ഈ ലോകത്തില്‍ തന്നെ നാരകീയ പീഡനങ്ങള്‍ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിന് ശേഷം പാപപരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയും മരിച്ചു. ഈ ലോകത്ത്‌ തനിക്കുള്ള ഏക ബന്ധമായ തന്റെ മകന്റെ നിഷ്കളങ്കമായ മുഖത്ത് നോക്കി, തന്റെ ഈ മകന്‍ എന്നെങ്കിലും ദൈവത്തിന്റെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ അവനെ തിരിച്ചെടുത്തുകൊള്ളുവാന്‍ അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഈ അപേക്ഷ ദൈവം സ്വീകരിച്ചു.

അല്‍ഫോണ്‍സസ്, സെഗോവിയ ഉപേക്ഷിച്ച് വലെന്‍സിയായിലേക്ക്‌ പോയി. അവിടെ വച്ച് മുന്‍പ്‌ സെഗോവിയായില്‍ വച്ച് താന്‍ വളരെ അധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്‌തിട്ടുള്ള ഒരു ജെസ്യൂട്ട് സന്യാസിയെ കാണുകയും അവിടെ താമസിക്കുകയും ചെയ്തു. ഈ പുരോഹിതന്‍ ദൈവസ്നേഹത്തില്‍ ആത്മവിശ്വാസം നേടുന്നതിനായി അദ്ദേഹത്തെ സഹായിച്ചു. തനിക്ക്‌ 38 വയസ്സായപ്പോള്‍ അദ്ദേഹം തന്നെയും ജെസ്യൂട്ട് സഭയില്‍ ചേര്‍ക്കണമെന്നപേക്ഷിച്ചു. എന്നാല്‍ മതിയായ നിര്‍ദ്ദേശങ്ങളില്ല എന്ന കാരണത്താലും മോശം ആരോഗ്യസ്ഥിതി മൂലവും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു.

രണ്ട് വര്‍ഷത്തോളം അദ്ദേഹം രണ്ട് കുടുംബങ്ങളിലെ കുട്ടികളുടെ ആചാര്യനായി ജോലി ചെയ്തു. പിന്നീട് സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും അങ്ങനെ അദ്ദേഹത്തിന് ജെസ്യൂട്ട് സന്യാസസഭയില്‍പ്രവേശനം ലഭിക്കുകയും ചെയ്തു. തന്റെ മതപരമായ ജീവിതം മുഖ്യമായും അദ്ദേഹം ചിലവിട്ടത് മജോര്‍ക്കാ ദ്വീപിലെ ഒരു ജെസ്യൂട്ട് കോളേജിലെ ചുമട്ടുകാരനായിട്ടാണ്. സ്വതസിദ്ധമായ പൂര്‍ണ്ണ എളിമയിലും ദൈവ സ്നേഹത്തിലും ജീവിച്ച ഈ വിശുദ്ധന്റെ ആത്മീയ ജീവിതമാകട്ടെ മാനസിക പീഡനങ്ങളുടേതായിരുന്നു.

ദൈവഹിതത്താല്‍ കഠിനമായ ഏതു പരീക്ഷണവും സന്തോഷത്തോടും എളിമയോടും സ്വീകരിച്ചിരുന്ന ഈ വിശുദ്ധനെ നാരകീയ ശക്തികള്‍ നിരന്തരം ശല്ല്യപ്പെടുത്തി. വിശുദ്ധന്‍ തന്നെ തന്നെ ക്രൂശിതനായ ക്രിസ്തുവിന്റെ മടിയില്‍ സമര്‍പ്പിച്ചു.

പലതരത്തിലുള്ള രോഗങ്ങളാലും മറ്റും ഇദ്ദേഹത്തിന്റെ ജീവിതം നരക തുല്ല്യമാക്കിയിട്ടും തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം പിന്നോട്ടു പോയില്ല. 1591-ല്‍ അദ്ദേഹത്തിന് 60 വയസ്സായപ്പോള്‍ ആണ് ഒരു കട്ടിലിന്മേല്‍ കിടക്കാനുള്ള അനുവാദം കിട്ടിയത്‌. അതുവരെ അദ്ദേഹം കസേരയിലും മേശയിലുമായിട്ടാണ് ഉറങ്ങിയിരുന്നത്. പ്രായമായ വൈദികര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള ഒരു പള്ളിയില്‍ അദ്ദേഹം സേവനത്തിലേര്‍പ്പെട്ടു. അവിടെ വച്ച് അവര്‍ തങ്ങളുടെ ജീവചരിത്രം എഴുതുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെ 1604-ല്‍ ഒരു മടിയും കൂടാതെ വിശുദ്ധന്‍ ആ ജോലി ആരംഭിച്ചു.

പുതിയ മേലധികാരി തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹത്തെ പലപ്പോഴും ശിക്ഷിച്ചെങ്കിലും അതെല്ലാം തന്റെ സഹനത്തിന്റെ ഭാഗമായി അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു “എന്റെ മുന്നിലുള്ള ഈ ബുദ്ധിമുട്ടുകളില്‍, എന്തുകൊണ്ട് ഞാന്‍ ഒരു കഴുതയെപോലെ പെരുമാറികൂടാ ? തന്നെ കുറിച്ചു ആരെങ്കിലും മോശമായി സംസാരിച്ചാല്‍ കഴുത ഒന്നും പറയുകയില്ല. തന്നെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവന്‍ ഒന്നും പറയില്ല. ആരെങ്കിലും തന്നെ അവഗണിച്ചാല്‍ കഴുത ഒന്നും തിരിച്ച് പറയില്ല. അവന് ആരെങ്കിലും ഭക്ഷണം കൊടുക്കാതിരുന്നാല്‍ അവന്‍ ഒന്നും പറയില്ല. അവനെ ആരെങ്കിലും നിന്ദിച്ചാല്‍ - അവന്‍ മറുത്തൊന്നും പറയില്ല.

1617-ല്‍ വിശുദ്ധ അല്‍ഫോണ്‍സസ് മരണമടഞ്ഞു; ഇതിനോടകം തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധന്‍ എന്ന നിലയില്‍ കാണുകയും സ്നേഹിക്കുകയും ചെയ്തു. 1825-ല്‍ അദ്ദേഹം വിശുദ്ധന്‍മാരുടെ പട്ടികയിലേക്ക്‌ നാമകരണം ചെയ്യപ്പെട്ടു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. ആര്‍ത്തെമാസ്

2. പോന്തൂസിലെ ആസ്റ്റേരിയൂസ്

3. സ്പെയിനിലെ ലെയോനില്‍ വച്ചു രക്തസാക്ഷിത്വം വരിച്ച ക്ലാവുഡിയൂസ്,

ലുപ്പേര്‍ക്കുസ്, വിക്ടോരിയൂസ്

4. മോന്താവിലെ ഡോറോത്തി

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »