News - 2024

സാത്താന്‍ എന്നതൊരു വാസ്തവമാണെന്ന് വിവരിക്കുന്ന അന്തരിച്ച ലോകപ്രശസ്ത ഭൂതോച്ചാടന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അവസാന പുസ്‌തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു

സ്വന്തം ലേഖകന്‍ 25-10-2016 - Tuesday

റോം: സാത്താന്‍ എന്നത് വെറും പ്രതീകമല്ലെന്നും യഥാര്‍ത്ഥമായി ഉള്ളതാണെന്നും വിവരിക്കുന്ന അന്തരിച്ച ലോകപ്രശസ്ത ഭൂതോച്ചാടന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അവസാന പുസ്‌തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഫാദര്‍ ഗബ്രിയേല്‍ അന്തരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമായ 'ആന്‍ എക്‌സോര്‍സിസ്റ്റ് എക്‌സ്‌പ്ലേയിന്‍ ദ ഡിമോണിക്' (An Exorcist Explains the Demonic) പുറത്തുവന്നത്. കഴിഞ്ഞ മാസം 16-ാം തീയതിയായിരുന്നു ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചത്.

വ്യക്തികളിലേക്ക് സാത്താന്‍ പൊതുവായി മൂന്നു തരം ചിന്തകളാണ് കുത്തിനിറയ്ക്കുന്നതെന്ന് ഫാദര്‍ അമോര്‍ത്ത് തന്റെ പുസ്തകത്തില്‍ പറയുന്നു. നമ്മള്‍ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ക്ക് ചെയ്യുവാന്‍ സാധിക്കും എന്ന തോന്നലാണ് ഇതില്‍ ആദ്യത്തേത്. നമ്മേ വിധിക്കുവാനോ, നിയന്ത്രിക്കുവാനോ ആര്‍ക്കും അധികാരമില്ലെന്ന തോന്നലാണ് രണ്ടാമത്തേത്. അവസാനമായി നമ്മുടെ ദൈവം നമ്മള്‍ തന്നെയാണെന്ന ചിന്ത സാത്താന്‍ വരുത്തുന്നുവെന്നും ഫാദര്‍ അമോര്‍ത്ത് തന്റെ ഗ്രന്ഥത്തിലൂടെ വിശദീകരിക്കുന്നു. ഈ മൂന്നു തരത്തിലുള്ള ചിന്ത ഉള്ളവര്‍ അതിനെ സാത്താന്റെ പ്രവര്‍ത്തനമാണിതെന്ന് ഒരിക്കലും വിശ്വസിക്കുകയില്ല. പകരം അതൊരു തത്വചിന്താപരമായ തോന്നലാണെന്നു പ്രചരിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുകയെന്നും ഫാദര്‍ അമോര്‍ത്ത് പുസ്തകത്തില്‍ പറയുന്നു.

ദൈവത്തെ ആരാധിക്കുകയാണെന്ന് അവകാശപ്പെട്ട്, തെറ്റായ പല ആരാധന രീതികളിലേക്ക് ആളുകളെ തള്ളിവിടുന്നതും സാത്താന്റെ പ്രവര്‍ത്തനമാണെന്ന് ഫാദര്‍ അമോര്‍ത്ത് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഹാലോവീന്‍ പോലുള്ളവ വെറും ആഘോഷങ്ങളായി കണക്കിലാക്കുന്നതിനെയും അതില്‍ പങ്കെടുക്കുന്നതിനെയും ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് രൂക്ഷമായി വിമര്‍ശിക്കുന്നു.

സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും, അതിന്റെ വിവധ വശങ്ങളെ കുറിച്ചും സെപ്റ്റംബറില്‍ തന്നെ നിരവധി കത്തോലിക്കാ മാധ്യമങ്ങൾ ഈ പുസ്തകത്തെ ആധാരമാക്കി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ കാത്തലിക് ഹെറാള്‍ഡീൽ പ്രസിദ്ധീകരിച്ച ഫാദര്‍ ജോണ്‍ ഷുല്‍സ്‌ഡോര്‍ഫിന്റെ ലേഖനത്തിൽ ഇപ്രകാരം പറയുന്നു- "സാത്താനെന്നതും, വീണു പോയ മാലാഖമാരെന്നതും വെറും കഥയല്ല. അതൊരു സത്യമാണ്. അവര്‍ ദൈവത്തെ വെറുക്കുന്നു. അവര്‍ നിങ്ങളെ വെറുക്കുന്നു. അവര്‍ അവരെ തന്നെ വെറുക്കുന്നു".

ഫാദര്‍ ജോണിന്റെ ലേഖനം പ്രസിദ്ധീകരിച്ച അതെ സമയം തന്നെ സ്ഥിരം പംക്തികള്‍ എഴുതുന്ന പാസ്റ്റര്‍ ഇയൂവെന്റസും സാത്താന്റെ വിവിധ ഉദ്ദേശങ്ങളെ സംബന്ധിക്കുന്ന ലേഖനം എഴുതിയിരുന്നു. നമ്മുടെ ഉള്ളിലെ തിന്മ നിറഞ്ഞ ചില കാര്യത്തെ ആണ് പലരും സാത്താന്‍ എന്ന് വിളിക്കുന്നതെന്നും, എന്നാല്‍ ഇത് തെറ്റാണെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. സാത്താന്‍ മറ്റൊരു വ്യക്തിത്വമാണ്. അവന്റെ സ്വാധീനത്തിന് വഴങ്ങിയാണ് പലപ്പോഴും നാം ചില തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ പുസ്തകത്തില്‍ പറയുന്ന വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിന്തകള്‍ അദ്ദേഹം തന്റെ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.


Related Articles »