News - 2024

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രൈസ്തവ വനിതകളെ മുസ്ലീം മതസ്ഥര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 26-10-2016 - Wednesday

റോട്ടെന്‍ബര്‍ഗ്: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക്, ഇസ്ലാം മതവിശ്വാസികളില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ഇതിനു മുമ്പും സമാനമായ പല റിപ്പോര്‍ട്ടുകളും ജര്‍മ്മനിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്ലാം മതവിശ്വാസികളായ അഭയാര്‍ത്ഥികള്‍, സ്ത്രീകള്‍ക്കു നേരെയാണ് കൂടുതലായും ഭീഷണി മുഴക്കുന്നത്.

റോട്ടെന്‍ബര്‍ഗ് എന്ന സ്ഥലത്തുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ റിപ്പോര്‍ട്ടാണ് 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടന നടത്തിയ സര്‍വ്വേയിലൂടെ പുറത്തു വന്നിരിക്കുന്നത്. ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം മടങ്ങിയെത്തിയ ഒരു ക്രൈസ്തവ അഭയാര്‍ത്ഥിയുടെ മുറിയില്‍ 'എല്ലാ മുസ്ലീങ്ങളുടെയും അറിവിലേക്ക്; അവിശ്വാസികളായവരുടെ ശിരഛേദനം നടത്തേണ്ട സമയം ആയിരിക്കുന്നു' എന്ന ഭീഷണി പതിച്ചിരുന്നതായി അഭയാര്‍ത്ഥികള്‍ ഓപ്പണ്‍ ഡോര്‍സിനോട് വെളിപ്പെടുത്തി.

ഇറാനില്‍ നിന്നും എത്തിയ ക്രൈസ്തവ അഭയാര്‍ത്ഥിയായ വനിതയ്ക്ക് ഏറെ ഭയപ്പെടുത്തുന്ന ഒരനുഭവം അടുത്തിടെയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പിനുള്ളിലൂടെ നടന്നു പോയപ്പോള്‍ ഒരു സംഘം പുരുഷന്‍മാര്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങളില്‍ ആരെങ്കിലും ഒരു ഇറാനിയന്‍ വനിതയെ ഇന്നു കണ്ടാല്‍ അവളെ ഉടന്‍ തന്നെ മാനഭംഗപ്പെടുത്തി കൊല്ലുമെന്നാണ് അവര്‍ ഭീഷണിയായി പറഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളിലെ വനിതകള്‍ മാനഭംഗത്തിനിരയാകുവാനും, കൊല്ലപ്പെടുവാനുമുള്ള സാധ്യത വര്‍ദ്ധിച്ചു വരുന്നതായി ഇതിനോടകം തന്നെ വിവിധ കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ഐഎസ് ഭീഷണി ഭയന്ന് തങ്ങള്‍ മറ്റൊരു രാജ്യത്ത് വന്നപ്പോള്‍ അവിടെയും ഇസ്ലാം മതസ്ഥര്‍ ശരിയത്ത് നിയമവും, പ്രാകൃതമായ മറ്റ് ആചാരങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അഭയാര്‍ത്ഥി ക്യാമ്പിലെ സ്ത്രീകള്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള പല ക്രൈസ്തവ സ്ത്രീകളും ഇസ്ലാം മതസ്ഥരെ പേടിച്ച് ബൈബിള്‍ തങ്ങളുടെ കൂടാരങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥികളായി രാജ്യത്തു എത്തിയ ഇസ്ലാം മതസ്ഥരില്‍ പലരും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ഇത്തരം ആളുകള്‍ക്ക് നേരെയാണ് കൂടുതലായും ഭീഷണി ഉയരുന്നത്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 743 ക്രൈസ്തവ അഭയാര്‍ത്ഥികളും, പത്ത് യസീദികളും നിരന്തമായി പലവിധ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് ഓപ്പണ്‍ ഡോര്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഭരണകൂടം ഗൗരവമായി കൈകാര്യം ചെയ്യണമെന്നാണ് പീഡനം അനുഭവിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.