News - 2025
മോക്ഷത്തിന് പരിധി നിശ്ചയിക്കുന്നവരെ പറ്റി ജാഗരൂകരായിരിക്കുക : ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 16-10-2015 - Friday
October 15 വ്യാഴാഴ്ച, St. Martha’s House- ലെ പ്രഭാഷണത്തിൽ, ദൈവകൃപയ്ക്ക് പരിധി നിശ്ചയിക്കുന്ന വ്യാജനിയമജ്ഞരെ പറ്റി ജാഗ്രതയായിരിക്കാൻ, ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
'പത്ത് കൽപ്പനകൾ പ്രധാനമാണ്. പക്ഷേ, നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നത് പരമപ്രധാന'മാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
നിയമജ്ഞർ ദൈവത്തിന്റെ അനന്തമായ ദയയ്ക്ക് പരിധി നിശ്ചയിക്കുന്നു. ദൈവസ്നേഹത്തെ അവർ അതിർത്തികൾക്കുള്ളിലാക്കുന്നു. 'മോക്ഷത്തിന്റെ വാതിൽ കാവൽക്കാർ' എന്ന് സ്വയം കരുതുന്ന ആ വിധത്തിലുള്ള ആളുകളിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാൻ St. മാർത്തയിൽ നടത്തിയ വിശുദ്ധ പ്രഭാഷണത്തിൽ പിതാവ് ആഹ്വാനം ചെയ്തു.
മോക്ഷം ദൈവത്തിന്റെ വരദാനമാണ്. അവിടുത്തെ അപരിമേയമായ സ്നേഹത്തിന്റെയും കരുണയുടേയും പ്രതിബിംബമാണത്.
അറിവിന്റെ വഴിയിൽ വിലങ്ങുതടിയായി നിൽക്കുന്ന ന്യായാധിപൻമാരെ യേശു തന്നെ ശാസിക്കുന്നതായി കാണാം.
"അറിവിന്റെ താക്കോൽ നിങ്ങൾ കവർന്നെടുത്തിരിക്കുന്നു. അറിവിലേക്ക് നിങ്ങൾ പ്രവേശിക്കുന്നില്ല . എന്നതു മാത്രമല്ല, നിങ്ങൾ മറ്റുള്ളവരെ തടഞ്ഞു നിറുത്തുകയും ചെയ്യുന്നു." ഇവിടെ താക്കോൽ എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്നത് അറിവിന്റെ താക്കോലാണ്, നിത്യജീവന്റെ താക്കോലാണ്.
പത്തു കൽപ്പനകൾ പാലിച്ചാൽ മാത്രംമതി മോക്ഷപ്രാപ്തിക്ക് എന്ന് നിയമജ്ഞർ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മോക്ഷപ്രാപ്തിക്ക് തടസം നിൽക്കുന്നത് അതിലേതിന്റെയെങ്കിലും ലംഘനം മാത്രമാണെന്ന് അവർ വിധിയെഴുതുന്നു.
അവർ ദൈവസ്നേഹത്തിന് പരിധി നിശ്ചയിക്കുന്നു. അനന്തമായ ദൈവസ്നേഹത്തിന് പകരം അതിരുകളിൽ തളച്ചിട്ടിരിക്കുന്ന ദൈവസ്നേഹത്തെ പറ്റിയാണ് ഈ നിയമജ്ഞർ പഠിപ്പിക്കുന്നത്.
ക്രിസ്തുവും പിന്നീട് St. പോളും ഇത്തരത്തിലുള്ള നിയമജ്ഞരുമായാണ് കലഹിച്ചത്.
"പത്തു പ്രമാണങ്ങൾ പ്രധാനപ്പെട്ടതാണ്. എന്നാൽ ഏറ്റവും പ്രധാനം 'ദൈവത്തെ സ്നേഹിക്കുക, തന്റെ അയൽക്കാരനെ സ്നേഹിക്കുക' എന്നതാണ്. ഇതാണ്, ഇതു മാത്രമാണ് മോക്ഷത്തിലേക്കുള്ള വഴി തുറക്കുന്ന താക്കോൽ. ഈ കൽപ്പനയിൽ മറ്റെല്ലാം അടങ്ങിയിരിക്കുന്നു."
"നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കാനൊരുങ്ങുമ്പോൾ ഓർത്തിരിക്കുക. നിങ്ങളുടെ സ്നേഹം സ്നേഹം തന്നെയായിരിക്കണം. അതിന് പിന്നിൽ ഉദ്ദേശങ്ങൾ ഒന്നും ഉണ്ടാകരുത്."
ഇതാണ് ദൈവരാജ്യത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൽപ്പന.
അന്നേ ദിവസം തിരുനാൾ ആഘോഷിച്ച ആവിലായിലെ St. തെരേസയുടെ 500-ാം വാർഷീകമാണ് ഈ വർഷം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. St. തെരേസയും ദൈവസ്നേഹത്തിന്റെ പരിധിയില്ലായ്മ അനുഭവിച്ചറിഞ്ഞതാണ്. തെരേസയും അക്കാലത്തെ നിയമജ്ഞരാൽ അധിക്ഷേപിക്കപ്പെട്ടു.
"സ്നേഹം മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണ് എന്ന് വിശ്വസിച്ച എത്രയോ വിശുദ്ധർ പീഠനത്തിന് വിധേയരാക്കപ്പെട്ടിരിക്കുന്നു. എത്രയോ വിശുദ്ധ ർ ! ജോ ൻ ഓഫ് ആർക്കിനെ പറ്റി ഓർക്കുക." നാം സ്വയം ചോദിക്കുക, "ദൈവത്തിന്റെ കരുണയും സ്നേഹവും അവിടുന്ന് വാഗ്ദാനം ചെയ്യുന്ന മോക്ഷവും എനിക്ക് അർഹതപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നുവോ?''
ദൈവം ഒരു അമ്മയെ പോലെയാണ്.കാരണം ദൈവം പരിധിയും ഉപാധികളുമില്ലാത്ത സ്നേഹം നൽകുന്നു.
"ദൈവസ്നേഹത്തിന് ഉപാധിയും പരിധിയും നിശ്ചയിക്കുന്ന വ്യാജ പ്രാമാണികരെ കരുതിയിരിക്കുക" അദ്ദേഹം പറഞ്ഞു.
