News - 2024

അന്ത്യനിമിഷങ്ങളെ ഒരുക്കത്തോടെ സ്വീകരിക്കുവാന്‍ പുതിയ പദ്ധതിയുമായി യുകെയിലെ കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

ലണ്ടന്‍: ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് എത്തിയിരിക്കുന്നവര്‍ക്ക് പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും മടങ്ങുന്നതിനായി യുകെയിലെ കത്തോലിക്ക സഭ പുതിയ പദ്ധതി തയ്യാറാക്കി. 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പേരിലാണ് ഈ പ്രത്യേക പദ്ധതി അറിയപ്പെടുന്നത്. ഇതിനായി വെബ്‌സൈറ്റും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും സഭ ആരംഭിച്ചിട്ടുണ്ട്. നല്ല മരണത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍, ആനിമേറ്റഡ് കഥകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ ഇവയില്‍ ലഭ്യമാകും.

സൗഖ്യമാക്കുവാന്‍ കഴിയാത്ത രീതിയിലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരേയും, വാര്‍ദ്ധക്യത്തെ തുടര്‍ന്ന് അവശരായവരേയും പദ്ധതിയിലൂടെ സഹായിക്കുവാനാണ് സഭ പ്രധാനമായും ലക്ഷ്യമിടുന്നത്. മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആളുകള്‍ക്ക് പങ്കുവയ്ക്കാം. പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും വിടവാങ്ങുന്നതിനായി വൈദികരും കന്യാസ്ത്രീകളും ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കും.

വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ ബിഷപ്പായ ജോണ്‍ ഷെറിംഗ്ടണ്‍ 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. "ലോകത്തിലേക്ക് ജനിച്ചുവീണ എല്ലാ മനുഷ്യരും ഒരു നാള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ മുഖാഭിമുഖം കാണണം. രോഗത്തിലും, ദുരിതത്തിലും മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം അവസ്ഥകളിലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യാശയോടെ ഇഹലോകവാസം അവസാനിപ്പിക്കുന്നതിനായി നാം അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കണം. മരണം എന്നത് ഈ ലോകത്തിലെ ജീവിതത്തിന്റെ അവസാനം മാത്രമാണെന്നും ഏവരും മനസിലാക്കണം. പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്കുള്ള നമ്മുടെ യാത്രയുടെ ആരംഭം മാത്രമണ് ഇത്". ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ വിശദീകരിച്ചു.

' ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' പദ്ധതിയുടെ സേവനം കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, പദ്ധതിയുടെ ഭാഗമാകുവാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. സകല വിശുദ്ധരുടെയും തിരുനാളായി സഭ ആഘോഷിച്ച ഇന്നലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.