നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു.
1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും നിര്‍വഹിച്ചത്. 1862-ല്‍ ക്യാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക്കാമായിരുന്നു.
1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധന്‍ പിന്തുണച്ചു. തുടര്‍ന്ന്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും രാജിവെച്ച ഇദ്ദേഹം, താന്‍ ആര്‍ക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേല്‍ വില്‍നാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാര്‍ച്ച് 25ന് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്‍ തടവിലാക്കി. 1864-ജൂണില്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഇത് ഒരു രാഷ്ട്രീയ രക്തസാക്ഷിയെ സൃഷ്ടിക്കും എന്നുള്ള ഭയത്താല്‍ സൈബീരിയയിലെ ഉപ്പ് ഖനിയില്‍ നിര്‍ബന്ധിത സേവനത്തിനായി വിശുദ്ധനെ അയച്ചു. ശിക്ഷാവിധിയിലെ കുറേകാലം ഇര്‍കുട്സ്ക് എന്ന സ്ഥലത്തായിരുന്നു ചിലവഴിച്ചത്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ സ്ഥലത്തുള്ള ഒരു പുതിയ പള്ളിയില്‍ സൂക്ഷിച്ച് ആദരിച്ചു വരുന്നു.
1873-ല്‍ മോചനം നേടിയ വിശുദ്ധന്‍ തന്റെ ജന്മദേശമായ ലിത്വാനിയ വിട്ട് ഫ്രാന്‍സിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ല്‍ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാര്‍മ്മലൈറ്റ് സഭയില്‍ ചേരുകയും റാഫേല്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയില്‍ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു.
പോളണ്ടില്‍ വിഭജിച്ച് കിടക്കുന്ന കര്‍മ്മലീത്തക്കാരെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1889-ല്‍ പോളണ്ടിലെ വാഡോവിസ് എന്ന സ്ഥലത്ത് ഒരു സന്യാസിനീ മഠം സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സസ് മേരി മാരുരേക്കിനൊപ്പം വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്കിടയിലും ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്കിടയിലും ആദ്ധ്യാത്മിക നിയന്താവ് എന്ന നിലയില്‍ വിശുദ്ധന്‍ പ്രശസ്തനാണ്. ഉത്സുകിയായ ഇടവക വികാരി എന്ന നിലയില്‍ മണിക്കൂറുകളോളം ഇദ്ദേഹം ഇടവക ജനത്തിനിടയില്‍ കുമ്പസാരത്തിനും മറ്റ് ഭക്തി കാര്യങ്ങള്‍ക്കുമായി വിശുദ്ധന്‍ ചിലവഴിച്ചിട്ടുണ്ട്. 1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
ഇതര വിശുദ്ധര്‍
1. പ്രവാചകനായ അബ്ദിയാസ്
2. അനസ്താസിയാസു ദ്വിതീയന്‍ പാപ്പാ
3. ഏഷ്യാമൈനറില്‍ ഇസൗരിയായില്‍ ആസാസ്
4. സെസരയായിലെ ബാര്‍ലാം
5. അന്‍റലുഷ്യായിലെ ക്രിസ്പിന്‍
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക