കൊച്ചി: നോട്ടിനു വേണ്ടി നാടു നെട്ടോട്ടമോടിയപ്പോൾ അത്യാവശ്യക്കാർക്കു നിത്യച്ചെലവിനു പണം കണ്ടെത്താൻ പള്ളിയിലെ നേർച്ചപ്പെട്ടി തുറന്നു കൊടുത്തു ഇടവക ശ്രദ്ധേയമാകുന്നു. കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ രണ്ടു നേർച്ചപ്പെട്ടികളാണ് ഇന്നലെ രാവിലെ ജനങ്ങൾക്കായി കൈക്കാരന്‍മാരുടെയും ഇടവക വികാരിയായ ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെയും തീരുമാനത്തെ തുടര്‍ന്നു തുറന്നു കൊടുത്തത്.
"നോട്ട് കിട്ടാനില്ലെന്നു സാധാരണക്കാരായ പലരും വന്നു സങ്കടം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എല്ലാവരും ചേർന്നെടുത്തത്"- ഇടവക വികാരിയും സിറോ മലബാർ സഭയുടെ വക്താവുമായ ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
അനേകര്‍ക്ക് ആശ്വാസമായി മാറിയ പുതിയ തീരുമാനത്തെ അഭിനന്ദിച്ചു നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേര്‍ച്ച പെട്ടിയില്‍ നിന്നെടുത്ത പണം കൊണ്ട് അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനും ഉപയോഗിച്ച അനേകര്‍ പ്രദേശത്ത് ഉണ്ട്. എടിഎം കാർഡ് ഇല്ലാത്തവരും നേർച്ചപ്പെട്ടിക്കു മുന്നിലെത്തി. പെട്ടികളിലുണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾക്കു മാത്രം ആവശ്യക്കാരുണ്ടായില്ല.
"രാവിലെ ആറിനുതന്നെ നേർച്ചപ്പെട്ടികൾ തുറന്നുവച്ചിരുന്നു. അത്യാവശ്യക്കാർക്ക് തങ്ങൾക്കു വേണ്ട തുകയെടുക്കാം. പിന്നീട് പണം കയ്യിൽ വരുമ്പോൾ നേർച്ചപ്പെട്ടിയിൽ തിരികെ നിക്ഷേപിക്കാം" ട്രസ്റ്റിമാരായ ജോഷി ചിറയത്തിന്റേയും ജിജു വാണികുളത്തിന്റേയും വാക്കുകകളാണിത്.
പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളാണ് ഇടവകയുടെ തുറന്ന സഹായത്തെ സ്വീകരിച്ചത്. ബാങ്കുകൾ ഞായറാഴ്ചത്തെ സേവനം അവസാനിപ്പിച്ചപ്പോഴും തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നു തന്നെയിരുന്നു.