News - 2025
ലണ്ടൻ നഗരത്തിലൂടെ നടന്ന ജപമാല പ്രദക്ഷിണത്തില്‍ 5000-ത്തോളം പേര്‍ പങ്കെടുത്തു
ഷാജു പൈലി 21-10-2015 - Wednesday
ലണ്ടൻ നഗരത്തിലൂടെ നടന്ന ജപമാല പ്രദക്ഷിണത്തില്‍ 5000-ത്തോളം പേര്‍ പങ്കെടുത്തതായി 'കത്തോലിക് യൂണിവേഴ്സ്' റിപ്പോർട്ട് ചെയ്യുന്നു. 2015 ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെയും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുമായി ഏതാണ്ട് 5000-ത്തോളം പേര്‍ പങ്കെടുത്ത തലസ്ഥാന നഗരിയുടെ പരമ്പരാഗത വിശ്വാസ ജപമാല റാലിക്ക് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചു.
വെസ്റ്റ്മിനിസ്റ്റര്‍ കത്രീഡലിനു പുറത്ത് നിന്നും ആരംഭിച്ച പടുകൂറ്റന്‍ പ്രദക്ഷിണം ഉയര്‍ത്തിപ്പിടിച്ച തൂവെള്ള കളറുള്ള ഫാത്തിമ മാതാവിന്റെ രൂപത്തിനു നീണ്ട നിരയായി ബെല്‍ഗ്രാവിയ, നൈറ്റ്സ്ബ്രിജ് ഉള്‍പ്പെടെയുള്ള ലണ്ടനിലെ പ്രധാന സ്ഥലങ്ങലിലൂടെ മന്ദം മന്ദം നീങ്ങി. അവസാനം കെന്‍സിംഗ്ടണിലെ ബ്രോംപ്ടണ്‍ റോഡിലുള്ള കത്തോലിക്കാ പള്ളിയില്‍ സമാപിച്ചു.
പ്രദക്ഷിണ വഴി ഉടനീളം ഭക്തിപൂര്‍വ്വം ജപമാല എത്തിക്കുകയും മാതാവിന്‍റെ പ്രസിദ്ധമായ കീര്‍ത്തനങ്ങളും ചൊല്ലികൊണ്ടാണ് പ്രദക്ഷിണം നീങ്ങിയത്. നിരവധി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നിലൂടെയും നിരവധി ഫാഷന്‍ ബുട്ടീക്കുകള്‍, ഹാര്‍വി നിക്കോള്‍സും ഹാരോട്സ് എമ്പോറിയം തുടങ്ങിയ വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്നിലൂടെയും കടന്നു പോയപ്പോള്‍ അത്ഭുതത്തോടുകൂടിയാണ് ആയിരകണക്കിന് ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളുടെ ഈ വിശ്വാസ ജപമാല റാലിയെ നോക്കി കണ്ടത്.
ഉച്ചകഴിഞ്ഞ് ബ്രോംപ്ടണ്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന സമാപനത്തില്‍ ലണ്ടന്‍ വാണ്ട്സ്വര്‍ത്തിലെ സെന്റ് മേരി മഗ്ദലന കത്തോലിക്ക പള്ളിയില്‍ നിന്നെത്തിയ ഫാ. മാര്‍ട്ടിന്‍ എഡ്വാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഉത്സാഹപൂര്‍വ്വം ആയിരകണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്. ഭക്തിപൂര്‍വ്വമായ ആശീര്‍വാദത്തോടെ ഉച്ചകഴിഞ്ഞുള്ള ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.
