
പടിഞ്ഞാറൻ ജർമ്മനിയിലെ കൊളോൺ നഗരത്തിൽ എട്ടു പേർ ഉൾപ്പെട്ട ഒരു സംഘം വിചാരണ നേരിടുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ സിറിയയിലെ ഇസ്ലാമിക് തീവ്രവാദികൾക്ക് പണ സമാഹരണത്തിനായി ജർമ്മനിയിൽ പള്ളികളും സ്കൂളുകളും കുത്തിതുറന്ന് കവർച്ച നടത്തിയതിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്.
2011-നും 2014-നും ഇടയ്ക്ക് കൊളോണിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി 19000 യൂറോ വിലമതിക്കപ്പെടുന്ന വസ്തുക്കൾ ഇവർ കൊള്ളയടിച്ചുവെന്ന് കോടതിയിലെ മൊഴികളിൽ നിന്നും വ്യക്തമായി. കൊള്ളയ്ക്ക് ശേഷം പള്ളികൾക്കും സ്കൂളുകൾക്കും വലിയ നാശ നഷ്ട്രങ്ങൾ വരുത്തിയാണ് സംഘം സ്ഥലം വിട്ടിരുന്നത്.
ദേവാലയങ്ങളിൽ കയറിയതിനു ശേഷം കാഴ്ച്ചവെയ്പ്പ് വസ്തുക്കളും ദിവ്യകുർബ്ബാനയ്ക്കു വേണ്ടി ഉപയോഗിക്കുന്ന പാനപാത്രങ്ങൾ, കുരിശുകൾ, കാണിക്ക തുടങ്ങി എല്ലാം സംഘം കൊള്ളയടിച്ചതായി ചീഫ് പ്രോസിക്യൂട്ടർ നഡ്ജ ഗുഡർമാൻ പറഞ്ഞു.
ഈ എട്ടംഗ സംഘം സ്കൂളുകളിൽ നിന്നും പണം ക്യാഷ് കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവയും മോഷ്ടിക്കാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. കൊള്ളമുതലിന്റെ എത്രത്തോളം ഭാഗം സിറിയയിലെ തീവ്രവാദികളുടെയടുക്കൽ എത്തി എന്നത് ഇനിയും വ്യക്തമല്ല. ഇപ്പോഴത്തെ വിചാരണയ്ക്ക് അത് പ്രസക്തവുമല്ല.
ഈ എട്ടംഗ സംഘത്തിന്റെ തലവൻ എന്ന് കരുതപ്പെടുന്നത് മൊറാക്കോ കാരനായ ഒരു മനുഷ്യനാണ് എന്ന് വാദിഭാഗം വെളിപ്പെടുത്തി. ഒരു യൂട്യൂബ് വീഡിയോയിൽ ഇയാൾ മുസ്ലീങ്ങളോട് ജിഹാദ് നടത്താൻ ആവശ്യപ്പെടുന്നതായി കോടതി കണ്ടെത്തി.പ്രസ്തുത വീഡിയോയിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ കൊടി ദൃശ്യമാണ് എന്ന് കോടതിയുടെ ഒരു വക്താവ് അറിയിച്ചു.
26 വയസ്സുള്ള ഈ മൊറാക്കോകാരൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാനായി സിറിയയിലേക്ക് പോകും വഴിയാണ് പിടിയിലായത്.
ഡസൽഡോർഫ് നഗരത്തിൽ ഉടനെ നടക്കാനിരിക്കുന്നു മറ്റൊരു വിചാരണയിൽ ഈ സംഘത്തിലെ മൂന്നു പേർ ഇതിനോട് സമാനമായ കുറ്റങ്ങൾക്ക് വിചാരണ നേരിടാനിരിക്കുകയാണ്.