News - 2024

മനുഷ്യന്റെ നന്മയ്ക്കും പ്രകൃതിയുടെ സംരക്ഷണത്തിനുമായി ശാസ്ത്ര സമൂഹം പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 30-11-2016 - Wednesday

വത്തിക്കാന്‍: രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ മറന്ന് പ്രകൃതിയുടെ സംരക്ഷണത്തിനും മനുഷ്യന്റെ നന്മയ്ക്കുമായി ശാസ്ത്ര സമൂഹം പ്രവര്‍ത്തിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പൊന്തിഫിക്കല്‍ അക്കാഡമി ഓഫ് സയന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍, പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌ ഉള്‍പ്പെടെയുള്ള പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. 25നു ആരംഭിച്ച സമ്മേളനം ഇന്നലെ സമാപിച്ചു. സ്റ്റീഫന്‍ ഹോംക്കിങ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായിരിന്നു.

"നാം ഓരോരുത്തരും ഒരു മ്യൂസിയത്തിന്റെ നടത്തിപ്പിനെ നോക്കുവാന്‍ ഏല്‍പ്പിച്ചിരിക്കുന്ന വെറും ചുമതലക്കാരല്ല. മറിച്ച് ഈ ലോകത്തിന്റെ സംരക്ഷണത്തിനും, അതിന്റെ മുന്നോട്ടുള്ള നടത്തിപ്പിലും ഉത്തരവാദിത്വപൂര്‍വ്വം ഇടപെടല്‍ നടത്തേണ്ട വ്യക്തികളാണ്. ലോകത്തിലെ ജൈവ വൈവിധ്യത്തെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ചിലര്‍ ചിന്തിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഉടയവര്‍ അവരാണെന്നാണ്. ജൈവഘടനയുടെ കവര്‍ച്ചക്കാരാണ് ഇവര്‍".

"ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് മനുഷ്യന്റെ പാരിസ്ഥിതിക മനംമാറ്റമാണ്. സൃഷ്ടിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഇത്തരമൊരു മനംമാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇതിലൂടെ സാമൂഹിക നീതി ഉറപ്പാക്കുവാന്‍ സാധിക്കണം. നീതിയില്ലാത്ത തരത്തിലുള്ള വിഭവങ്ങളുടെ പങ്കിടലും, ചിലരെ വേര്‍തിരിച്ചു നിര്‍ത്തുന്നതുമെല്ലാം അന്യായത്തിലേക്കും കലഹത്തിലേക്കുമാണ് വഴിതെളിക്കുന്നത്". പാപ്പ ശാസ്ത്രസമൂഹത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും, രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ വളരെ വേഗം കീഴ്‌പ്പെടുത്തുന്നതായും പാപ്പ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തേയും അതിലൂടെ ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളേയും അതിജീവിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

"ജൈവവ്യവസ്ഥയേ സംരക്ഷിക്കുന്ന സ്ഥിരതയുള്ള പദ്ധതികള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രസമൂഹം കൂടുതല്‍ മുന്‍തൂക്കം നല്‍കണം. സാമ്പത്തികവും, രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ കീഴടക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെ മനുഷ്യന്റെ സഹവര്‍ത്തിത്വത്തിനും, ജനാധിപത്യത്തിനും, നീതിക്കും, സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ശാസ്ത്രലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കണം". പാപ്പ പറഞ്ഞു.


Related Articles »