News - 2024

വിശ്വാസമെന്നത് ഒരു സിദ്ധാന്തമല്ല, അത് ദൈവവുമായുള്ള കൂടികാഴ്ച: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 01-12-2016 - Thursday

വത്തിക്കാന്‍: ക്രിസ്തുവിലുള്ള വിശ്വാസമെന്നത് കേവലമൊരു തത്വശാസ്ത്രമോ ഒരു സിദ്ധാന്തമോ അല്ലെന്നും, അത് ദൈവവുമായുള്ള കൂടിക്കാഴ്ചയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമായ തലങ്ങളിലേക്ക് വിശ്വാസികളുടെ ചിന്തയെ കൂട്ടിക്കൊണ്ടു പോയത്. പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുക, ദാനധര്‍മ്മങ്ങളില്‍ ഉല്‍സാഹമുള്ളവരാകുക, ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ആഹ്ലാദിക്കുക എന്നീ മൂന്നു തലങ്ങള്‍ ശരിയായി നിര്‍വഹിക്കുമ്പോഴാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിശ്വാസികള്‍ യോഗ്യരാകുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു.

"ആഗമന കാലഘട്ടമെന്നത് വിവിധ കൂടിക്കാഴ്ചയെ കുറിച്ച് നാം ധ്യാനിക്കുന്ന ഒരു കാലം കൂടിയാണ്. കന്യകാ മറിയവുമായുള്ള കൂടിക്കാഴ്ച, യോഹന്നാന്റെ അമ്മയുമായുള്ള കൂടിക്കാഴ്ച, ആട്ടിടയന്‍മാരുമായുള്ള കൂടിക്കാഴ്ച, ജ്ഞാനികളുമായുള്ള കൂടിക്കാഴ്ച തുടങ്ങി അത് നീളുന്നു. ദൈവവുമായുള്ള കൂടിക്കാഴ്ച നാം ഒരുസ്ഥലത്ത് സ്ഥിരമായി നിന്നാല്‍ പ്രാപിക്കുവാന്‍ പറ്റുന്ന ഒന്നല്ലന്ന് ഇതില്‍ നിന്നും നാം മനസിലാക്കണം. ദൈവത്തെ കാണുവാന്‍ അനേകര്‍ സഞ്ചരിച്ചു. യാത്രചെയ്തു വേണം നാം രക്ഷകന്റെ അരികിലേക്ക് എത്തുവാന്‍. ക്രിസ്തുവിനെ കാണുവാന്‍ നാമും യാത്ര ചെയ്യേണ്ടതുണ്ട്". പാപ്പ പറഞ്ഞു.

ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എന്തെല്ലാം തയ്യാറെടുപ്പുകള്‍ വേണം ഇതിനായി നാം ചെയ്യേണ്ടതെന്ന കാര്യത്തെ കുറിച്ച് ഇടയ്ക്ക് നാം ഓര്‍ക്കണം. നാം താമസിക്കുന്ന ഇടങ്ങളിലുള്ള മനുഷ്യരോട് കാണിക്കുന്ന സഹിഷ്ണുത ഒരു മികച്ച ദാനശീലമാണെന്നു പിതാവ് ഉദാഹരണം സഹിതം വ്യക്തമാക്കി.

"നമ്മുടെ വീട്ടിലുള്ളവരോടും, നാം എന്നും ഇടപഴകുന്നവരോടും സഹിഷ്ണുതയോടെ പെരുമാറുന്നത് തന്നെ നല്ലൊരു ദാനധര്‍മ്മാണ്. കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോഴും, ഭര്‍ത്താവോ ഭാര്യയോ ദേഷ്യപ്പെടുമ്പോഴും, വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ ശാഠ്യത്തോടെ സംസാരിക്കുമ്പോഴും നാം ഈ നല്ല ഗുണം കാണിക്കണം. ഇത്തരമൊരു ഗുണം നമ്മില്‍ സൃഷ്ടിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ച്ചയെ ഏറെ അടുപ്പിക്കുന്ന ഒന്നാണ് സഹിഷ്ണുത". പാപ്പ വിശദീകരിച്ചു.

ദൈവത്തോട് ശരിയായി രീതിയില്‍ കൂടിക്കാഴ്ച നടത്തുവാന്‍ അവിടുത്തെ നമ്മള്‍ സ്തുതിച്ച് മഹത്വപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു. നമ്മള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ദൈവത്തെ തേടി മുന്നോട്ട് പോകുമ്പോള്‍ കര്‍ത്താവ് നമ്മേ തേടി നമ്മുടെ അരികിലേക്കു വരും. ദൈവത്തിങ്കലേക്ക് നാം ഒരു ചുവട് നടക്കുമ്പോള്‍, നമ്മിലേക്ക് ദൈവം പത്ത് ചുവട് നടന്ന് അടുക്കുമെന്നു പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

"വിശ്വാസമെന്നത് തത്വശാസ്ത്രമോ, സിദ്ധാന്തമോ അല്ലെന്നും, ദൈവത്തേ നേരില്‍ കാണുന്ന കൂടിക്കാഴ്ച്ചയാണെന്നും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പറയുമായിരുന്നു. ദൈവത്തെ കാണുവാന്‍ നമുക്ക് സാധിക്കണം. ഇതൊരു ചെറിയ കാര്യമല്ല. ദൈവത്തിന്റെ കാരുണ്യവുമായി കൂടിക്കാഴ്ച നടത്താത്തവരായി ആരും തന്നെയില്ല. അവിടുത്തെ നോക്കി കാണുവാന്‍ നമുക്ക് വിശ്വാസം കൂടിയേ മതിയാകൂ". ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് വിശദീകരിച്ചു.