News - 2024

വിശ്വാസം ഏറ്റുപറയുവാന്‍ ക്രൈസ്തവര്‍ മടി കാണിക്കുന്നതിന് പിന്നിലെ പ്രധാന കാരണം സമൂഹത്തില്‍ അപഹാസ്യരാകുമെന്ന വ്യര്‍ത്ഥചിന്ത: ബിഷപ്പ് നിക്ക് ബെയ്ന്‍സ്

സ്വന്തം ലേഖകന്‍ 02-12-2016 - Friday

ലണ്ടന്‍: തങ്ങളുടെ വിശ്വാസം പൊതുസ്ഥലങ്ങളില്‍ തുറന്നു പറയുവാന്‍ ക്രൈസ്തവര്‍ മടികാണിക്കുന്നതായി ലീഡ്‌സ് രൂപതാ ബിഷപ്പ് നിക്ക് ബെയ്ന്‍സ്. ബ്രിട്ടണില്‍ മതേതര ചിന്താഗതിക്കാര്‍ കൂടുന്നതിനാലാണ് ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ മടിക്കുന്നതെന്നും ക്രൈസ്തവ വിശ്വാസം തുറന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളെ കളിയാക്കുമെന്നതിനാലാണ് ഭൂരിഭാഗം പേരും വിശ്വാസികളാണെന്ന കാര്യം പരസ്യമായി സമ്മതിക്കാത്തതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായ നിക്ക് ബെയ്ന്‍സ് വിശദീകരിക്കുന്നു.

തങ്ങളുടെ വിശ്വാസം തുറന്നു പറയുവാന്‍ ആരും മടികാണിക്കേണ്ടതില്ലെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിഷപ്പ് നിക് ബെയ്ന്‍സിന്റെ പ്രതികരണവും വന്നിരിക്കുന്നത്. പുരോഗമനവാദം ഉന്നയിക്കുന്നവരുടെ ഇടയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നതായും ബിഷപ്പ് നിക്ക് ബെയ്ന്‍സ് ചൂണ്ടികാണിച്ചു.

"ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും, ഞാനൊരു ക്രിസ്ത്യാനിയാണെന്നും പറയുവാന്‍ ഇന്ന് പലരും മടിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, പൊതുവായ ഇടങ്ങളിലും ക്രൈസ്തവ സാക്ഷ്യം തുറന്നു പറയുവാന്‍ എല്ലാവരും പിന്നോക്കം പോകുന്നു. മതേതര വിശ്വാസികളും, പുരോഗമനവാദികളും തങ്ങളെ ഇതിന്റെ പേരില്‍ കളിയാക്കുമെന്ന ഭയമാണ് പലരേയും വിശ്വാസം തുറന്നു പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസികളേ മാനസികമായി തളര്‍ത്തുവാന്‍ വേണ്ടിയാണ് ഇത്തരം ആളുകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്". ബിഷപ്പ് നിക്ക് പറഞ്ഞു.

"ക്രിസ്തുമസ് ക്രൈസ്തവരുടെ ആഘോഷമാണ്. അതിന് ക്രൈസ്തവ മതവുമായിട്ടാണ് ബന്ധമുള്ളത്. ചിലര്‍ ശ്രമിക്കുന്നത് ക്രിസ്തുമസിനെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനാണ്. ഈദ് ആഘോഷത്തെ മുസ്ലീം വിശ്വാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇത്തരക്കാര്‍ പറയുമോ?. ഒരു സംഘം ആളുകള്‍ ചില അബദ്ധധാരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ നിന്നും പീഡനം നേരിടേണ്ടി വരുന്നു". ബിഷപ്പ് നിക്ക് ബെയ്ന്‍സ് പറഞ്ഞു.

ക്രൂശിതരൂപം കഴുത്തില്‍ ധരിച്ചതിന് അടുത്തിടെ ഷിര്‍ളി ചാപ്ലിന്‍ എന്ന നഴ്‌സിന് ജോലിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടി വന്നിരുന്നു. ക്രൂശിതരൂപം അഴിച്ചുമാറ്റുവാന്‍ ചിലര്‍ ഷിര്‍ളി ചാപ്ലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതിരുന്ന നഴ്‌സിനെ ഡെസ്‌ക് ജോലികളിലേക്ക് അധികൃതര്‍ തരംതാഴ്ത്തുകയായിരുന്നു. യുകെയില്‍ പുരോഗമനവാദികളും, മതേതരവാദികളും ക്രൈസ്തവ വിശ്വാസത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തികളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ്പ് നിക്ക് ബെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.


Related Articles »