News - 2024

അബോര്‍ഷനു വേണ്ടി എത്ര ന്യായവാദം ഉന്നയിച്ചാലും സഭ ശക്തമായി എതിര്‍ക്കുമെന്ന് ഐറിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്

സ്വന്തം ലേഖകന്‍ 10-12-2016 - Saturday

ഡബ്ലിന്‍: ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ ഉടന്‍ തന്നെ മരിക്കുവാനിരിക്കുന്നവരായിട്ടാണ് നിയമത്തിന്റെ പലവ്യാഖ്യാനങ്ങളിലും പരാമര്‍ശിക്കുന്നതെന്ന് ഐറിഷ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. സിറ്റിസണ്‍ അസംബ്ലിയോടുള്ള സഭയുടെ പ്രതികരണമായിട്ടാണ് കത്തോലിക്ക മെത്രാന്‍ സമിതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. 'പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു' എന്ന വ്യാഖ്യാനം നല്‍കി നടത്തുന്ന എല്ലാത്തരം ഗര്‍ഭഛിദ്രത്തേയും കത്തോലിക്ക സഭ ശക്തമായി എതിര്‍ക്കുന്നുവെന്നും ബിഷപ്പുമാര്‍ അറിയിച്ചു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന പ്രത്യേക സബ്മിഷന്‍, സിറ്റിസണ്‍ അസംബ്ലിക്ക് മെത്രാന്‍ സമിതി കൈമാറിയിട്ടുണ്ട്. 'ടൂ ലിവ്‌സ്, വണ്‍ ലൗ' എന്ന പേരിലുള്ള സബ്മിഷനാണ് സഭ നല്‍കിയിരിക്കുന്നത്.

ഉദരത്തില്‍ കുഞ്ഞ് ഉരുവാകുന്ന സമയം മുതല്‍ തന്നെ ജീവിക്കുവാനുള്ള എല്ലാ അവകാശങ്ങളും കുട്ടിക്ക് ലഭിക്കുന്നതായി സബ്മിഷന്‍ പ്രത്യേകം എടുത്തു പറയുന്നു. ഈ അവകാശം ഗര്‍ഭാവസ്ഥയിലുള്ള എല്ലാ കുട്ടികള്‍ക്കും തുല്യമാണെന്നും സഭ ചൂണ്ടികാണിക്കുന്നു. ചില സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അമ്മയുടെ ആരോഗ്യത്തേയും ജീവനേയും വരെ ദോഷകരമായി ബാധിക്കുന്ന തലത്തിലേക്ക് ഗര്‍ഭാവസ്ഥയിലെ ശിശുവിന്റെ വളര്‍ച്ച കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിലെല്ലാം അമ്മയുടെ ജീവന് നല്‍കുന്ന അതേ പ്രാധാന്യം തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ജീവനും നല്‍കണമെന്ന് സഭ വ്യക്തമാക്കുന്നു.

ഗര്‍ഭസ്ഥ ശിശുക്കളുടെ ചെറിയ ന്യൂനതകള്‍ പോലും അവരുടെ ജീവന് ഭീഷണിയാകുന്ന തലത്തിലേക്കാണ് രാജ്യത്തേയും, ലോകത്തേയും സാഹചര്യങ്ങള്‍ കൊണ്ട് ചെന്ന്‍ എത്തിക്കുന്നതെന്ന് മെത്രാന്‍ സമിതി വിലയിരുത്തി. ചെറിയ ന്യൂനതകളുള്ള കുഞ്ഞുങ്ങള്‍ പോലും എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാല്‍ മതിയെന്നതാണ് പൊതുവായ വികാരമെന്നും, ഇത് മനുഷ്യ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും മെത്രാന്‍ സമിതിയുടെ സബ്മിഷന്‍ ചൂണ്ടികാണിക്കുന്നു. എട്ടാം ഭേദഗതി നിലനില്‍ക്കുന്നതിനാലാണ് അയര്‍ലണ്ടില്‍ ഇന്ന് ആയിരക്കണക്കിന് വ്യക്തികള്‍ ജീവിച്ചിരിക്കുന്നതെന്ന് സഭ പ്രത്യേകം പരമര്‍ശിക്കുന്നു.

അബോര്‍ഷന്‍ നിയമങ്ങളെ സംബന്ധിക്കുന്ന എട്ടാം ഭേദഗതിയിലേക്കുള്ള വിവിധ സബ്മിഷനുകള്‍ സിറ്റിസണ്‍ അസംബ്ലി സ്വീകരിക്കുന്ന നടപടികള്‍ നടന്നുവരികയാണ്. അടുത്ത വെള്ളിയാഴ്ച വരെ സബ്മിഷനുകള്‍ സമര്‍പ്പിക്കാം. ഇത്തരത്തില്‍ സിറ്റിസണ്‍ അസംബ്ലിക്ക് ലഭിക്കുന്ന സബ്മിഷനുകള്‍ അവര്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തും.


Related Articles »