News - 2024
ക്രിസ്തുമസിനോട് അനുബന്ധിച്ച് 32 തടവുകാരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിക്കും
സ്വന്തം ലേഖകന്‍ 10-12-2016 - Saturday
ലാഹോര്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് തടവറയില്‍ കഴിയുന്ന 32 പേരെ മോചിപ്പിക്കുവാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാഖ് ചാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയ മനുഷ്യാവകാശ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായ കമ്രാന്‍ മൈക്കിളാണ് ഈ പ്രഖ്യാപനം നടത്തിയത്. ലാഹോറിലെ ജില്ലാ സെഷന്‍സ് കോടതികളിലെ ജഡ്ജിമാര്‍ ഇതിനുള്ള പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.
ക്രിസ്തുമസിന്റെ സന്തോഷം കണക്കിലെടുത്താണ് പ്രത്യേക മോചനം തടവുകാര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. തടവുപുള്ളികളോട് ജയിലില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മന്ത്രി പ്രത്യേകം ചോദിച്ച് മനസിലാക്കി. ജയിലില്‍ തടവുകാരുടെ ക്ഷേമത്തിനായി നടത്തുന്ന വിവിധ പദ്ധതികള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും അദ്ദേഹം വിലയിരുത്തി. പ്രശ്‌നങ്ങളൊന്നുമില്ലാതെ മെച്ചപ്പെട്ട രീതിയില്‍ ജയില്‍ പരിപാലിക്കുന്ന ജീവനക്കാരെ മന്ത്രി കമ്രാന്‍ മൈക്കിള്‍ പ്രത്യേകം അഭിനന്ദിച്ചു.
കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ 69 തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരിന്നു. ഫൈസലാബാദിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവില്‍ കഴിഞ്ഞിരുന്നവരെയാണ് സര്‍ക്കാര്‍ അധികൃതര്‍ മോചിപ്പിച്ചത്. തടവുകാരോട് കൂടുതല്‍ ദയ കാണിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിഫലനമെന്നോണമാണ് അധികൃതര്‍ തടവുകാരെ വിട്ടയക്കുവാന്‍ തീരുമാനിച്ചതെന്ന്‍ ക്രൈസ്തവ സെനറ്റര്‍ കൂടിയായ കമ്രാന്‍ മൈക്കിള്‍ പ്രതികരിച്ചിരിന്നു. രാജ്യത്തു ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സമുന്നത നേതാവാണ് കമ്രാന്‍ മൈക്കിള്‍.