News - 2025
ദയാവധത്തിന് വിധേയരാകുന്നവര്‍ക്ക് അന്ത്യകൂദാശ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി സ്വിസ്സ് ബിഷപ്പ്
സ്വന്തം ലേഖകന്‍ 12-12-2016 - Monday
ബേണ്‍: ദയാവധത്തിന് വിധേയരാകുന്നവര്‍ക്ക് അന്ത്യകൂദാശകള്‍ നല്‍കുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി സ്വിസ്സ് കത്തോലിക്ക ബിഷപ്പ്. ഡിസംബര്‍ 10-ാം തീയതി ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ചൂര്‍ രൂപതയുടെ ബിഷപ്പായ വിറ്റസ് ഹുഓണ്‍ഡര്‍ പുറപ്പെടുവിച്ച രേഖയിലൂടെയാണ് വൈദികര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് ദയാവധം മൂലം മരിക്കുന്ന ആളുകളുടെ എണ്ണം പെരുകുകയാണ്. ഇത്തരത്തില്‍ ദയാവധത്തിന് വിധേയരാകുന്നവരുടെ സഹായത്തിനായി നില്‍ക്കുന്നവര്‍ അന്ത്യകൂദാശ നല്‍കണമെന്ന് പുരോഹിതരോട് അഭ്യര്‍ത്ഥിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിലാണ് ബിഷപ്പ് വിറ്റസ് ഹുഓണ്‍ഡര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
"മരണത്തിന്റെ മുമ്പില്‍ ശരിയായി തീരുമാനങ്ങള്‍ എടുക്കുക എന്നത് ദുഷ്‌കരമാണ്. മനുഷ്യര്‍ അവിടെ നിസ്സഹായരാണ്. ക്ലേശം അനുഭവിക്കുന്ന ഒരു രോഗി മരിക്കുവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ സഹായത്തിനായി നില്‍ക്കുന്ന വ്യക്തികളിലൂടെ അന്ത്യകൂദാശ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുവാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ കര്‍ശനമായി വിലക്കുന്നു. വൈദികര്‍ക്ക് ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ഏക നടപടി അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. ദൈവത്തിന്റെ കരുണ രോഗികളുടെ മേല്‍ വര്‍ഷിക്കപ്പെടുവാന്‍ ഇത് ഇടയാക്കും". ബിഷപ്പ് വിറ്റസ് ഹുഓണ്‍ഡര്‍ വിശദീകരിക്കുന്നു.
സഭയുടെ പ്രബോധന പ്രകാരം വൈദ്യശാസ്ത്രത്തിലെ ചികിത്സകള്‍ ജീവന്റെ വിലയേയും, മരണത്തേയും ബഹുമാനിക്കണം എന്ന് വ്യക്തമാക്കുന്നുണ്ടെന്നും ബിഷപ്പ് ചൂണ്ടികാണിക്കുന്നു. ഇതിനാല്‍ തന്നെ സ്വാഭാവിക മരണത്തിലേക്ക് കടക്കുവാനുള്ള വഴികളില്‍ വൈദ്യശാസ്ത്രം തടസം സൃഷ്ടിക്കരുത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ നേരത്തെ ആക്കുവാൻ ആര്‍ക്കും അധികാരമില്ലെന്നും, അത് ദൈവേഷ്ടത്താല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണെന്നും സൂറിച്ചിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയയ ബിഷപ്പ് ഹുഓണ്‍ഡര്‍ വ്യക്തമാക്കി.