News - 2025
ഇഗ്ലണ്ടിലെ സീറോ-മലബാർ ഇടവക രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ലങ്കാസ്റ്റർ രൂപത
അഗസ്റ്റസ് സേവ്യർ 05-11-2015 - Thursday
ഇഗ്ലണ്ടിലെ പ്രസ്റ്റണിൽ സീറോ-മലബാർ ഇടവക രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ലങ്കാസ്റ്റർ രൂപത ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞതായി ഇൻഡിപെൻഡന്റ് കാത്തലിക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്റ്റണിൽവച്ച് പുതിയ സീറോ-മലബാർ ഇടവക ഉത്ഘാടനം ചെയ്തതിനു ശേഷം "ഇടവകക്കാരെ പുറത്താക്കി, ഇംഗ്ലീഷിലുള്ള ദിവ്യബലി ഒഴിവാക്കി മലയാളം ദിവ്യബലിയോടെ ദേവാലയം തുറന്നു" എന്ന തലക്കെട്ടോടെ Daily Mail വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രൂപത മന്ദിരത്തിൽ നിന്നും ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പുണ്ടായി. പുതിയ ഒരു ആത്മീയ ഉദ്യമത്തെ 'വളച്ചൊടിക്കാനും കരിതേച്ചു കാണിക്കാനുമുള്ള' ശ്രമമാണിതെന്ന് മെത്രാൻ ഓഫീസ് പ്രതികരിച്ചു.
ലങ്കാസ്റ്റർ ബിഷപ്പ് മൈക്കിൾ കാംബെൽ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലെ 'രൂപവും ഭാവവും' നിഷേധാന്മകമാണെന്നും, സീറോ-മലബാർസഭാ വിശ്വാസികൾ പ്രെസ്റ്റണിലെ കത്തോലിക്കാ ദേവാലയങ്ങൾക്ക് നൽകുന്ന ആത്മീയ നവോന്മേഷം മനസ്സിലാക്കാൻ ലേഖകന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാർ സഭാ വിശ്വാസികൾക്കും, അവർക്ക് നേതൃത്വം നൽകുന്ന സീറോ-മലബാർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കും, തുടർന്നും ലങ്കാസ്റ്റർ അതിരൂപതയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.സെന്റ്. ഇഗ്നേഷ്യസ് ഇടവകാംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
2014 ഡിസംബർ 2-ാം തിയതി മുതൽ അടച്ചിട്ടിരിക്കുന്ന ഒരു ദേവാലയമാണിത്. അവിടെയാണ് സീറോ-മലബാർ സഭയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നത്. ഒക്ടോബർ 3-ാം തിയതിയിലെ ഉത്ഘാടന ദിവ്യബലിയിൽ പഴയ ഇടവകാംഗങ്ങൾ അടക്കം വളരെയധികം വിശ്വാസികൾ പങ്കെടുത്തിരുന്നു.
ലേഖനത്തിൽ 'പ്രതിഷേധത്തിന്റെ' വനിതയായി ചിത്രീകരിച്ചിരിക്കുന്ന മിസ്സിസ് മോയിര കാഡ് വെൽ എന്ന സ്ത്രീ സെന്റ് ഇഗ്‌നേഷ്യസ് ഇടവകയിലെ അംഗമല്ല എന്നു മാത്രമല്ല, ഈ രൂപതയിലെ തന്നെ അംഗമല്ല എന്ന് മെത്രാന്റെ ഓഫീസ് പുറത്തു വിട്ട രേഖയിൽ ചൂണ്ടിക്കാട്ടി.സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിനടുത്തു തന്നെയുള്ള, ഇംഗ്ലീഷ് മാർട്ടിയേർസ്, സെന്റ് ജോസഫ്സ് എന്നീ ദേവാലയങ്ങളിൽ ഇംഗ്ലീഷ് കുർബാന ഉള്ളതാണെന്നും അറിയിപ്പുണ്ടായി.
ഞായറാഴ്ച്ചത്തെ ദിവ്യബലികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നൂറിലും താഴെയെത്തിയപ്പോൾ പളളിയുടെയും പള്ളിമേടയുടെയും ചിലവുകൾ താങ്ങാനാവാതെ വന്നതുകൊണ്ടാണ് 2014-ൽ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയം അടച്ചു പൂട്ടിയത്. പള്ളിയും പള്ളി മേടയും പ്രവർത്തനസജ്ജമാക്കാൻ ഏകദേശം പത്ത് ലക്ഷം പൗണ്ട് വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു, കമ്മ്യൂണിറ്റി നേതാവായി പെട്ടന്ന് പ്രത്യക്ഷപ്പെട്ട മിസ്സിസ് കാഡ് വെൽ ഈ വസ്തുതകളൊന്നും അറിയാത്ത പോലെയാണ് അഭിപ്രായം പ്രകടിപ്പിച്ചത്.ബിഷപ്പ് മൈക്കിൾ കാംബെൽ പറയുന്നു .ഇടവക ഏകീകരണം വളരെ വിഷമം പിടിച്ച ഒരു പ്രക്രീയയാണ്. നേരത്തെയുള്ള സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗങ്ങൾ പുതിയ ഇടവകകളിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, പുതിയ ഇടവകകളിൽ ഇവരുടെ സാന്നിദ്ധ്യം ഒരു മുതൽകൂട്ടായിരിക്കും എന്നതിൽ സംശയമില്ല.
ഇനിയും പുതിയ ഇടവകകളിലേക്ക് മാറാൻ മടി കാണിക്കുന്നവർ, നാം ഇവിടെ സൂചിപ്പിച്ച കാര്യങ്ങളെ പറ്റി ആലോചിച്ച്, സഭയുടെ ശക്തിക്കും വളർച്ചയ്ക്കും ഉതകുന്ന തീരുമാനം എടുക്കണെമെന്ന് അഭ്യർത്ഥിക്കുന്നു."നാമെല്ലാം കുരിശുമുഖാന്തിരം ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ഓർമ്മയോടെ, സീറോ-മലബാർ സഭയുടെ പുതിയ ഉദ്യമങ്ങൾക്കും, ഇടവക വികാരി Fr. മാത്യു ചൂരപ്പൊയ്കയിലിനും, ഇടവകാംഗങ്ങൾക്കും, ഞങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു" ബിഷപ്പ് മൈക്കിൾ കാംബെൽ പറഞ്ഞു.
