News - 2024

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ മ്യൂസിയത്തിന് വനിതാ മേധാവി

സ്വന്തം ലേഖകന്‍ 22-12-2016 - Thursday

വത്തിക്കാന്‍: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ മ്യൂസിയത്തിന്റെ മേധാവിയായി ഒരു വനിത നിയമിക്കപ്പെട്ടു. ബാര്‍ബറ ജാട്ട എന്ന 54-കാരിയെയാണ് തല്‍സ്ഥാനത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. 2007 മുതല്‍ മ്യൂസിയത്തിന്റെ തലവനായി സേവനം ചെയ്തിരുന്ന 77-കാരന്‍ അന്റോണിയോ പൗലൂസിക്ക് പകരമാണ് ബാര്‍ബറ നിയമിതയാകുന്നത്.

ഇറ്റാലിയന്‍ ആര്‍ട്ട് ഹിസ്റ്റോറിയന്‍ എന്ന രീതിയില്‍ പ്രശസ്തി ആര്‍ജിച്ച ബാര്‍ബറ, ഗ്രാഫിക്കല്‍ ആര്‍ട്ട്‌സില്‍ പ്രത്യേക കഴിവുള്ള വ്യക്തിയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ മ്യൂസിയത്തിന്റെ വൈസ് ഡയറക്ട്ടറായി സേവനം ചെയ്തു വരികെയാണ് ബാര്‍ബറയ്ക്കു പുതിയ നിയമനം ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയത്തിന്റെ തലപ്പത്തേക്ക് എത്തുന്ന ബാര്‍ബറ, 1996 മുതല്‍ വത്തിക്കാനില്‍ ജോലി ചെയ്തു വരികയായിരുന്നു. വത്തിക്കാന്‍ ലൈബ്രറിയിലെ പ്രിന്റിംഗ് വിഭാഗത്തിലാണ് ബാര്‍ബറ തന്റെ ജോലി ആരംഭിച്ചത്.

സിസ്റ്റൈന്‍ ചാപ്പല്‍ ഉള്‍പ്പെടെയുള്ള 50 പ്രധാനപ്പെട്ട ഗാലറികള്‍ ഉള്‍ക്കൊള്ളുന്നതാണു വത്തിക്കാന്‍ മ്യൂസിയം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് വത്തിക്കാന്‍ മ്യൂസിയത്തിലേക്കു വര്‍ഷം തോറും സന്ദര്‍ശനത്തിനായി എത്തുന്നത്. രണ്ടു ലക്ഷത്തോളം വസ്തുക്കള്‍ ശേഖരമായുള്ള മ്യൂസിയത്തില്‍, ഇരുപതിനായിരത്തോളം വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണുവാനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 27,000 സ്‌ക്വയര്‍ ഫീറ്റില്‍ ചുമര്‍ചിത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

2017 ജനുവരി ഒന്നാം തീയതി ബാര്‍ബറ ജാട്ട മ്യൂസിയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കും. വിവാഹിതയായ ബാര്‍ബറ മൂന്നു കുട്ടികളുടെ അമ്മയുമാണ്.


Related Articles »