News - 2024

യുക്രൈന് വത്തിക്കാന്റെ ക്രിസ്തുമസ് സമ്മാനം: ആറു മില്യണ്‍ യൂറോ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും

സ്വന്തം ലേഖകന്‍ 24-12-2016 - Saturday

വത്തിക്കാന്‍: യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്കായി ആറു മില്യണ്‍ യൂറോ നല്‍കുവാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സമിതി 'കോര്‍ ഉനം' തീരുമാനിച്ചു. കിഴക്കന്‍ യുക്രൈനില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഈ പണം ചെലവഴിക്കും. പതിനായിരത്തില്‍ പരം മനുഷ്യജീവനാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ദുരിതമുഖത്ത് സഹായമെത്തിക്കുവാനുള്ള വത്തിക്കാന്റെ തീരുമാനം പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും.

ഭക്ഷണം, പാര്‍പ്പിടം, മരുന്ന്, ശുചിത്വത്തിന് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവയ്ക്കായാണ് ആറു മില്യണ്‍ യൂറോയും ചെലവഴിക്കുക. മതമോ, ന്യൂനപക്ഷങ്ങളുടെ വര്‍ഗമോ നോക്കിയല്ല പണം ചെലവഴിക്കുകയെന്നും, എല്ലാവരിലേക്കും സഹായം എത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഏപ്രില്‍ മാസത്തിലാണ് യുക്രൈനെ സഹായിക്കുന്നതിനായി പ്രത്യേകം ഫണ്ട് സ്വരൂപിക്കുവാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് പിരിവ് നടത്തിയത്. ഏപ്രില്‍ മുതല്‍ തന്നെ യുക്രൈനിലെ സഭാ നേതാക്കന്‍മാരോട്, പണം ഏതെല്ലാം മേഖലയിലാണ് ചെലവിടേണ്ടതെന്ന് 'കോര്‍ ഉനം' ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കാണ് ആദ്യം സഹായം എത്തിക്കുക.




Related Articles »