Meditation. - December 2024
ദൈവസ്നേഹത്തിന്റെ തിരുനാളായ ക്രിസ്തുമസ്
സ്വന്തം ലേഖകന്‍ 26-12-2022 - Monday
"എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു" (ഹെബ്രായര്‍ 1:2).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 26
ഒരു വിധത്തില്‍ പറഞ്ഞാല്‍ പാപത്താല്‍ മുറിവേല്ക്കപ്പെട്ട മനുഷ്യന്റെ, സത്യത്തിനും, മാപ്പിനും, കാരുണ്യത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ള നിരന്തരമായ അന്വേഷണചരിത്രത്തിന്റെ അത്ഭുതകരമായ വശത്തെപ്പറ്റി ചിന്തിക്കുവാന്‍ ക്രിസ്തുമസ് നമ്മെ സന്നദ്ധമാക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, അവന്റെ സ്നേഹത്തിലും ജീവിതത്തിലും നമ്മേ പങ്കാളികളാക്കി രക്ഷനല്കുവാനുള്ള സത്യം ക്രിസ്തുമസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ദൈവസ്നേഹത്തിന്റെ തിരുന്നാളാണ് ക്രിസ്തുമസ്. സ്നേഹം നിമിത്തമാണ് അവന്‍ നമ്മെ സൃഷ്ടിച്ചത്. ക്രിസ്തുവിലൂടെ നമ്മെ വീണ്ടെടുത്ത് സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മെ കാത്തിരിക്കുന്നതും സ്നേഹം നിമിത്തമാണ്. സഭയുടെ മഹാഗുരുവായിരുന്ന വിശുദ്ധ ബര്‍ണാര്‍ഡ്, തന്റെ 'മൂന്നാം ആഗമന' പ്രഭാഷണത്തില്‍ പറയുന്നു: ''നാം എളുപ്പം വഴിതെറ്റിപ്പോകും, പ്രവൃത്തിയില്‍ ബലഹീനരാണ്; പ്രതിരോധത്തിലും ബലഹീനരാണ്. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നതില്‍, നാം നമ്മെത്തന്നെ വഞ്ചിക്കുന്നു; നന്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നമുക്കതിനുള്ള ശക്തിയില്ല".
"തിന്മയെ ചെറുക്കാന്‍ പാടുപെടുമ്പോള്‍ മനസ് മടുത്ത് നാം കീഴടങ്ങുന്നു. ആയതിനാല്‍ രക്ഷകന്റെ ആഗമനവും, ഇപ്രകാരം രോഗബാധിതരായ മനുഷ്യരുടെയിടയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യവും ആവശ്യമാണ്. ഞങ്ങളുടെയിടയില്‍ പാര്‍ത്ത്, ഞങ്ങളുടെ അന്ധതയില്‍ വിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് ഞങ്ങളെ പ്രകാശിപ്പിക്കേണമേ! ഞങ്ങളുടെ കൂടെ ഇരുന്ന്, ഞങ്ങളുടെ ബലഹീനതയില്‍, സഹായം നല്കേണമേ! ഉയിര്‍ത്തെഴുന്നേറ്റ്, ബലഹീനതയില്‍ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പൊരുതുകയും ചെയ്യേണമേ!".
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.12.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.