News - 2024

ബോക്കോ ഹറാമിനെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി

സ്വന്തം ലേഖകന്‍ 28-12-2016 - Wednesday

ലാഗോസ്: 2009 മുതല്‍ നൈജീരിയായെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ക്രിസ്തുമസ് ദിനത്തിലാണ് ബോക്കോ ഹറാം തീവ്രവാദികളെ സൈന്യം പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി ബുഹാരി അറിയിച്ചത്. സാമ്പിസാ ഉള്‍വനത്തിലേക്ക് പലായനം ചെയ്ത ബോക്കോ ഹറാം തീവ്രവാദികളെ, അവരുടെ താവളത്തില്‍ ചെന്നു സൈന്യം കീഴ്‌പ്പെടുത്തിയെന്നാണ് ബുഹാരി പ്രഖ്യാപിച്ചിരിക്കുന്നത്.

"നൈജീരിയന്‍ പട്ടാളം ബോക്കോ ഹറാം തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയിരിക്കുന്നു. സാമ്പിസാ വനത്തിലേക്ക് കടന്ന സൈന്യം, ബോക്കോ ഹറാമിന്റെ അവസാന കേന്ദ്രമായ ക്യാമ്പ് സീറോയില്‍ എത്തി അവരെ കീഴ്‌പ്പെടുത്തിയതായി ആര്‍മിയുടെ തലവന്‍ എന്നെ അറിയിച്ചു. ഡിസംബര്‍ 22-ാം തീയതി ഉച്ചക്ക് 1.35-നാണ് ക്യാമ്പ് സീറോ പട്ടാളം പിടിച്ചടക്കിയത്. രാജ്യത്തിന്റെ സൈന്യത്തെ ഏറെ ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു. ബോക്കോ ഹറാം അംഗങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക എന്നതാണ് നമ്മുടെ അടുത്ത ഉത്തരവാദിത്വം". പ്രസിഡന്റ് മുഹമ്മദു ബുഹാരി പറഞ്ഞു.

ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ചിബോക്ക് പെണ്‍കുട്ടികളുടെ മോചനമാണ് അടുത്ത ലക്ഷ്യമെന്നും ബുഹാരി കൂട്ടിച്ചേര്‍ത്തു. 2014 ഏപ്രിലില്‍ 300 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ 100-ല്‍ പരം പെണ്‍കുട്ടികള്‍ പലപ്പോഴായി രക്ഷപെടുകയോ, തീവ്രവാദികളാല്‍ തന്നെ മോചിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗീക അടിമകളാക്കി ബോക്കോ ഹറാം തീവ്രവാദികള്‍ ഉപയോഗിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ടായിരിന്നു.

ചില പെണ്‍കുട്ടികള്‍ ഇതിനോടകം തന്നെ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തടവില്‍ കഴിയുന്ന ശേഷിക്കുന്ന പെണ്‍കുട്ടികളെ കൂടെ കണ്ടെത്തി രക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇനി സൈന്യത്തിനുള്ളത്. അടുത്തിടെ 21 പെണ്‍കുട്ടികളെ കൂടി ബോക്കോ ഹറാം തീവ്രവാദികള്‍ മോചിപ്പിച്ചിരുന്നു.

തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതയായ ഗ്ലോറി ഡാമ എന്ന പെണ്‍കുട്ടിയുടെ വാക്കുകളില്‍ നിന്നു തന്നെ ബോക്കോ ഹറാമിന്റെ തടവറയില്‍ ഇവര്‍ അനുഭവിച്ച ഭീകരത വ്യക്തമാണ്."നാല്‍പതു ദിവസത്തോളം ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്. വനത്തിനുള്ളില്‍ വലിയ സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും നടക്കുക പതിവാണ്. ഇത്തരത്തില്‍ ഒരു സ്‌ഫോടനം നടന്നപ്പോള്‍ തലനാരിഴയ്ക്കാണ് തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് ഞാന്‍ രക്ഷപ്പെട്ടത്. ഒരിക്കല്‍ കൂടി ബന്ധുക്കളെ കാണാനാകും എന്നു ഞാന്‍ കരുതിയിരുന്നില്ല". ഗ്ലോറി ഡാമ പറഞ്ഞു.

ബോക്കോ ഹറാം തകര്‍ക്കപ്പെടും എന്ന് സ്വപ്നത്തില്‍ ക്രിസ്തു തന്നോടു വെളിപ്പെടുത്തി നല്‍കിയെന്ന്‍ മൈഡുഗുരി രൂപതയുടെ ബിഷപ്പായ ഒലിവര്‍ ഒലിവര്‍ ഡാഷേ ഡോയീമി നേരത്തെ പറഞ്ഞിരിന്നു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും സ്വപ്‌നത്തില്‍ ബിഷപ്പ് ഒലിവര്‍ ഡാഷിക്ക് വെളിപാട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈഡുഗുരി രൂപതയിലും രാജ്യത്തിന്റെ മറ്റു പല സ്ഥലങ്ങളിലുമുള്ള ദേവാലയങ്ങളിലും ജപമാലകള്‍ ചൊല്ലി ബോക്കോ ഹറാം ഭീകരവാദികളുടെ അവസാനത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു.

ബോക്കോ ഹറാമിന്റെ പതനത്തെ ഒയോ രൂപതയുടെ ബിഷപ്പായ ഇമ്മാനുവേല്‍ ബഡീജോ സ്വാഗതം ചെയ്തു. "ബോംബ് സ്‌ഫോടനവും, വെടിവയ്പ്പും ഏറെ കുറഞ്ഞിരിക്കുന്നു. വടക്കന്‍ നൈജീരിയായുടെ പല ഭാഗങ്ങളിലേക്കും ഇതിനു മുമ്പ് കടന്നു ചെല്ലുവാന്‍ പോലും കഴിയില്ലായിരുന്നു. ഈ മേഖലകളിലെല്ലാം ഇപ്പോള്‍ ശാന്തത കൈവന്നിരിക്കുന്നു. ആളുകള്‍ തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് ഇപ്പോള്‍ മടങ്ങി പോകുകയാണ്". ബിഷപ്പ് ഇമ്മാനുവേല്‍ ബഡീജോ പറഞ്ഞു.

അതേ സമയം ടറാബ, ബൗച്ചി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബോക്കോ ഹറാമിനോട് അനുഭാവമുള്ളവര്‍ വീണ്ടും ഒത്തുചേരുന്നുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2009-ല്‍ ആണ് ബോക്കോ ഹറാം തീവ്രവാദ സംഘടന നൈജീരിയായില്‍ നിലവില്‍ വന്നത്. ഇരുപതിനായിരത്തില്‍ പരം നൈജീരിയക്കാരെയാണ് ബോക്കോ ഹറാം കൊലപ്പെടുത്തിയത്. 2.3 മില്യണ്‍ ആളുകളെ അവര്‍ ഭവനരഹിതരാക്കി.