News - 2024

പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 02-01-2017 - Monday

വത്തിക്കാന്‍: പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. 2017-ല്‍ നടത്തിയ തന്റെ ആദ്യത്തെ പ്രസംഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയവരോടായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞത്. അരലക്ഷത്തില്‍ അധികം പേര്‍ മാര്‍പാപ്പയുടെ പുതുവര്‍ഷത്തിലെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലേക്ക് എത്തിയിരുന്നു.

ദൈവമാതാവിന്റെ തിരുനാളും, ലോക സമാധാന ദിനവും സഭ ആചരിക്കുന്നത് ജനുവരി മാസം ഒന്നാം തീയതിയാണ്. ഈ രണ്ടു പ്രത്യേകതകളും കണക്കിലെടുത്താണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ഇടയ്ക്ക് നാം ദൈവത്തില്‍ നിന്നും അകലുമ്പോള്‍ നമ്മേ ദൈവത്തിലേക്ക് ചേര്‍ത്തു പിടിക്കുന്നത് പരിശുദ്ധ അമ്മയാണ്. ആത്മീയമായി നാം അനാഥരാകുക എന്നതിനെ ഒരു തരം ക്യാന്‍സറിനോട് മാത്രമേ ഉപമിക്കുവാന്‍ സാധിക്കുകയുള്ളു. നമ്മുടെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന ഭീകരമായ രോഗമാണ് ആത്മീയ അനാഥത്വം. ദൈവം അവന്റെ അമ്മയെ നമുക്കായി നല്‍കിയിരിക്കുകയാണ്. അമ്മയാണ് നമ്മേ അനാഥത്വത്തിന്റെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും വിടുവിക്കുന്നത്". മാർപാപ്പ പറഞ്ഞു.

തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടുള്ള തന്റെ അനുശോചനം മാര്‍പാപ്പ പ്രസംഗത്തിന്റെ മധ്യേ അറിയിച്ചു. പ്രത്യശപൂര്‍വ്വം ശുഭചിന്തകളോടെ രാജ്യത്തിന് നേരിട്ട ഈ വലിയ ദുരന്തത്തില്‍ നിന്നും പൗരന്‍മാര്‍ക്ക് കരകയറുവാന്‍ കഴിയട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. പുതുവര്‍ഷ തലേന്ന് രാത്രി, ഒരു നിശാക്ലബില്‍ തീവ്രവാദിയായ അക്രമി നടത്തിയ വെടിവയ്പ്പില്‍ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കരങ്ങളെ ദൈവം ശക്തീകരിക്കട്ടെ എന്നും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ലോകത്തില്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തുന്ന, തീവ്രവാദത്തിന്റെ ഭീഷണികളെ നേരിടുവാനായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പ്രയത്‌നങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

"വെറുപ്പിനോടും, പകയോടും നമുക്ക് വിടപറയാം. സാഹോദര്യ ബന്ധവും, അനുരഞ്ജനവും നമുക്ക് വര്‍ദ്ധിപ്പിക്കാം. ഇപ്രകാരമാണ് നാം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ചുവടുകള്‍ വയ്ക്കുന്നത്. പ്രത്യാശയും, സ്‌നേഹവും, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സഹനവുമാണ് ഇന്നത്തെ ലോകത്തിലെ പല ദുഷ്ടതകള്‍ക്കും എതിരെയുള്ള ശക്തമായ മറുമരുന്ന്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിക്കുകയും, വേര്‍ത്തിരിവുകളും അഭിപ്രായ വ്യത്യസങ്ങളും പുതുവര്‍ഷത്തില്‍ നാം മറക്കുകയും ചെയ്യണം". അദ്ദേഹം പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ തന്റെ വാഹനമായ പോപ് മൊബിലിയോയില്‍ കയറിയാണ് സാധാരണ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷ ദിനത്തില്‍ ചത്വരത്തിലൂടെ നടന്നാണ് പാപ്പ വിശ്വാസികളുടെ അരികിലേക്ക് ചെന്നത്. ബാരിക്കേഡുകള്‍ക്ക് അപ്പുറം നിന്ന വിശ്വാസികളുടെ അരികിലേക്ക് ചെന്ന് അവര്‍ക്ക് ഹസ്തദാനം നടത്തിയും, തനിക്കായി നല്‍കിയ ആശംസാകാര്‍ഡുകളും ചെറു സമ്മാനങ്ങളും സ്വീകരിച്ചും പാപ്പ മുന്നോട്ടു നീങ്ങി. കുട്ടികളെ എടുക്കുവാനും, അവരുടെ നെറുകയില്‍ ചുംബിക്കുവാനും പാപ്പ മറന്നില്ല.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »