News - 2024
മദര്‍ തെരേസ നീതിക്കായി ദാഹിച്ചവരുടെ ശബ്ദം: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 08-05-2019 - Wednesday
സ്‌കോപ്യേ: നീതിക്കായി ദാഹിക്കുന്നവരുടെ ശബ്ദമായിരുന്നു കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയെന്നു ഫ്രാന്‍സിസ് പാപ്പ. വടക്കന്‍ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്യേയില്‍ മദര്‍ തെരേസയുടെ ജന്മസ്ഥലത്തുള്ള സ്മാരകത്തിലെ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പാവങ്ങളില്‍ പാവങ്ങളായവരോട് ദൈവത്തിനുള്ള സ്‌നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ മദര്‍ തെരേസയെന്നും പാവപ്പെട്ടവരില്‍ ദൈവപുത്രന്റെ മുഖം ദര്‍ശിക്കാന്‍ മദറിനു കഴിഞ്ഞെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ബള്‍ഗേറിയയിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷമാണ് മാര്‍പാപ്പ വടക്കന്‍ മാസിഡോണിയയിലെത്തിയത്. മദര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയിലെ കന്യാസ്ത്രീകള്‍ ഏറെ ആഹ്ലാദത്തോടെയാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. പാപ്പയെ സ്വീകരിക്കുവാന്‍ മദറിന്റെ രണ്ടു ബന്ധുക്കളും അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി. സഭാംഗങ്ങളുമായും അവരെ ആശ്രയിച്ചു കഴിയുന്ന അഗതികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ആദ്യമായാണ് ഒരു മാര്‍പാപ്പ സ്‌കോപ്യേയില്‍ സന്ദര്‍ശനം നടത്തുന്നത്.