News - 2024

ഭൂകമ്പത്തിനു ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-01-2017 - Friday

വത്തിക്കാന്‍: ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ജീവിതത്തെ തിരികെ പിടിക്കുവാന്‍ ആവശ്യമായത് പ്രത്യാശയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ ജനങ്ങളോട് സംസാരിക്കുയായിരിന്നു മാര്‍പാപ്പ. ഭൂചലനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരേയും ഭവനങ്ങളേയും നഷ്ടമായവര്‍, മാര്‍പാപ്പയെ കാണുവാന്‍ പോള്‍ ആറാമന്‍ ഹാളിലാണ് എത്തിയത്.

"നിങ്ങള്‍ക്ക് നിങ്ങളെ തന്നെ പുനര്‍നിര്‍മ്മിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നല്ലൊരു നാളയ്ക്കുള്ള ശുഭാപ്തി വിശ്വാസം നല്ലതാണ്. അതിനും മുന്നേ നമുക്കാവശ്യം പ്രത്യാശയാണ്. ഭൂചലനത്തിന്റെ വാര്‍ത്ത കേട്ട ദിവസം എന്റെ മനസ് വല്ലാതെ വേദനിച്ചിരുന്നു. വേദനയോടെയാണ് അന്ന് ഞാന്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ കടന്നു പോയത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തന്നെ പലതും നഷ്ടമായിട്ടുണ്ടെന്ന് എനിക്ക് അറിയാം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

2016 ആഗസ്റ്റ് 24-ാം തീയതിയാണ് മധ്യഇറ്റലിയിലെ പ്രധാന സ്ഥലങ്ങളെ പിടിച്ചുലച്ച ഭൂകമ്പം ഉണ്ടായത്. 290 പേരാണ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ക്ക് തങ്ങളുടെ വീടുകളും, സ്വത്തുക്കളും ഒരു നിമിഷം കൊണ്ട് നഷ്ടമായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏറെ നാശം സൃഷ്ടിച്ചത് അമാട്രിസ് പട്ടണത്തിലാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒക്ടോബര്‍ ആദ്യമാണ് പാപ്പ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

അന്ന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ, ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അരികിലേക്ക് നേരിട്ട് എത്തിയാണു തന്റെ സ്വാന്തന വാക്കുകള്‍ പകര്‍ന്നു നല്‍കിയത്. വത്തിക്കാനില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുവാനും മാര്‍പാപ്പ തന്നെയാണ് മുന്‍കൈ എടുത്തത്.

പോള്‍ ആറാമന്‍ ഹാളില്‍ എത്തിയവര്‍ മാര്‍പാപ്പയോടുള്ള തങ്ങളുടെ നന്ദി അറിയിച്ചു. കുട്ടികളില്‍ പലരും തങ്ങള്‍ വരച്ച ചിത്രങ്ങളും ആശംസാ കാര്‍ഡുകളും പാപ്പയ്ക്ക് കൈമാറി. ഭൂചലനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ മാര്‍പാപ്പയെ കാണിക്കുവാനായി പലരും കൊണ്ടുവന്നിരുന്നു. ചിത്രങ്ങള്‍ ആശീര്‍വദിച്ചാണ് മാര്‍പാപ്പ തിരികെ നല്‍കിയത്. ദുരിതമുഖത്തില്‍ നിന്നും എത്തിയവരോട് എഴുതി തയ്യാറാക്കിയ പ്രസംഗം നടത്താതെയാണ് പാപ്പ സംസാരിച്ചത്.

ഭൂചലനത്തില്‍ തങ്ങളെ സഹായിച്ച വൈദികരുടെ പേരുകള്‍ എടുത്ത് പറഞ്ഞ് തങ്ങളുടെ നന്ദി പലരും അറിയിച്ചു. നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ കേട്ട ശേഷം നിങ്ങളോട് സംസാരിക്കാം എന്നാണ് മാര്‍പാപ്പ് വന്നുകൂടിയവരോട് പറഞ്ഞത്. ഭൂകമ്പത്തെ അതിജീവിക്കുവാന്‍ ജനങ്ങളെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി താന്‍ പ്രത്യേകം അറിയിക്കുന്നതായും പരിശുദ്ധ പിതാവ് പറഞ്ഞു.


Related Articles »