Meditation. - January 2024
ക്രൈസ്തവ ഐക്യത്തിനായുള്ള വിളി
സ്വന്തം ലേഖകന്‍ 19-01-2024 - Friday
"അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹന്നാന്‍ 17:21).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 19
തിരുവത്താഴവേളയില്‍ സന്നിഹിതരായിരുന്ന ശിഷ്യന്മാര്‍ക്കുവേണ്ടിയും, അവനില്‍ വിശ്വസിക്കുവാന്‍ പോകുന്ന സകലര്‍ക്കും വേണ്ടിയാണ് യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചത്. ക്രൈസ്തവര്‍ക്കിടയിലെ സമ്പൂര്‍ണ്ണഐക്യത്തിനായുള്ള മുഴുവന്‍ ശ്രമങ്ങളും ഈ പ്രാര്‍ത്ഥനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിയേക ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും കര്‍ത്താവും രക്ഷിതാവുമായി യേശുവിനെ ഏറ്റുപറയുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ സഭ അതിന്റെ കാര്യക്ഷമതയുടെ മാനദണ്ഡവും ദര്‍ശിക്കുന്നത് യേശുവിന്റെ ഈ പ്രാര്‍ത്ഥനയിലാണ്. ലോക സുവിശേഷവല്‍ക്കരണത്തിന്റെ അടയാളവും ഉപകരണവും ഐക്യമാണ്.
ക്രൈസ്തവരുടെ സമ്പൂര്‍ണ്ണഐക്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവശാസ്ത്രപരവും പ്രബോധനകരവുമായ പ്രവര്‍ത്തനങ്ങളെല്ലാം ക്രിസ്തുവില്‍ അടിസ്ഥാനപ്പെട്ടതാണ്. നാം ഈ ദിവസങ്ങളില്‍ ആഘോഷിക്കുന്ന ക്രൈസ്തവ ഐക്യത്തിന്റെ പ്രാര്‍ത്ഥനാവാരം, വിശ്വസ്തതയോടും ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുമാണ് പുറത്തുവരേണ്ടത്. ദൈവകൃപയാല്‍ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്ന ഈ ഫലപ്രദമായ സംരഭം പൊതുവായുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അവനവന്റെ കര്‍മ്മം നിര്‍വഹിച്ച്, സമ്പൂര്‍ണ്ണ ഐക്യത്തിലേക്ക് ഒത്തൊരുമിച്ച് നടന്നടുക്കുവാനായുള്ള കടമ നമ്മുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.1.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.