Meditation. - December 2024
വിശുദ്ധ കുര്‍ബാനയാല്‍ പരിപോഷിക്കപ്പെടുന്ന സഭ
സ്വന്തം ലേഖകന്‍ 06-12-2024 - Friday
"കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും" (പുറപ്പാട് 16:4).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 6
"സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്" അപ്പം വര്‍ദ്ധിപ്പിക്കല്‍ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കഫര്‍ണാം വരെ അവനെ പിന്‍തുടര്‍ന്ന ജനക്കൂട്ടത്തോടാണ് ക്രിസ്തു ഇപ്രകാരം പറയുന്നത്. ഈജിപ്ത്തില്‍ നിന്ന് വിശുദ്ധ നാട്ടിലേക്കുള്ള പുറപ്പാടില്‍ അപ്പം കിട്ടാതെ വലഞ്ഞ യഹൂദ ജനത്തിന്റെ പിന്‍ഗാമികളോട് യേശു ഇങ്ങനെ പറയുന്നു: "നിങ്ങളുടെ പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു" (യോഹ. 6:58). യേശു പരാമര്‍ശിക്കുന്ന മന്നാ അതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ദൈവം നല്‍കിയ വിശിഷ്ടമായ സമ്മാനം. ഇവിടെ ഒരു സമാനത ഉണ്ട്, പക്ഷേ അതിലും ശക്തമായ വ്യത്യാസമാണുള്ളത്. "അവിടെ അവര്‍ ഭക്ഷിച്ചെങ്കിലും മരിച്ചു; ഇവിടെ ''ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും".
അന്ത്യ അത്താഴത്തില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നതിനെപ്പറ്റിയാണ് കഫര്‍ണാമിന് സമീപത്ത് വച്ച് യേശു സംസാരിച്ചത്. 'ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്' (യോഹ 6:51) ഈ പ്രസ്താവനയുടെ പ്രതിധ്വനിയാണ് 50 വര്‍ഷങ്ങള്‍ക്കുശേഷം വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതുമ്പോള്‍ കാണുന്നത്. "നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കോറി. 10:16). പുതിയ നിയമത്തിലെ ദൈവജനമാകുന്ന സഭ എക്കാലത്തും കുര്‍ബാനയാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.