News - 2025
ബൈബിള്‍ കഥകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ യു.കെ യിൽ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് സീസണിൽ
ഷാജു പൈലി 18-11-2015 - Wednesday
യു.കെ യിലെ ഈവര്‍ഷത്തെ പ്രത്യേക ക്രിസ്തുമസ്സ് സ്റ്റാമ്പുകളില്‍ ബൈബിള്‍ കഥകളെ അടിസ്ഥാനമാക്കിയുള്ള, പരിശുദ്ധ കന്യകാ മറിയം ദൈവപുത്രനെ ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ചുള്ള മാലാഖയുടെ വിളംബരവും തുടര്‍ന്നുള്ള മേരിയുടെ യാത്രയും യേശുവിന്റെ ജനനം വരെയുള്ള കാര്യങ്ങളും വിവരിക്കുന്ന ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ലണ്ടനില്‍ ജനിച്ച കലാകാരനായ ഡേവിഡ് ഹോംസ് ആണ് ചിത്രരചന ചെയ്തിരിക്കുന്നത്. താഴെ പറയുന്നവയാണ് മുഖ്യമായും ചിത്രരചനക്ക് പാത്രമായിട്ടുള്ള സന്ദര്‍ഭങ്ങള്‍ :
1. ഗബ്രിയേല്‍ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെടുന്നതും അവള്‍ ഒരു പുത്രനെ ഗര്‍ഭം ധരിക്കുമെന്ന വിളംബരവും ആ പുത്രനായ യേശു ദൈവപുത്രനാണെന്ന കാര്യം വിവരിക്കുന്നതുമായ നിമിഷം.
2. റോമന്‍ ചക്രവര്‍ത്തിയായ സീസര്‍ അഗസ്റ്റസിന്റെ സമയത്ത് നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ തങ്ങളുടെ പേര്‍ ചേര്‍ക്കുന്നതിനായി മേരിയുടെയും ഭര്‍ത്താവായ ജോസെഫിന്റെയും ബെത്ലഹേം പട്ടണത്തിലേക്കുള്ള യാത്ര.
3. മൂന്ന് പണ്ഡിതന്മാര്‍ക്ക് പുതിയ രാജാവിന്റെ ജനനത്തിന്റെ അടയാളമെന്ന നിലയില്‍ ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതും, അവര്‍ ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് രക്ഷകനെ ആരാധിക്കുവാന്‍ ബെത്ലഹേമിലേക്ക് പോകുന്നതും, സ്വര്‍ണ്ണവും, കുന്തിരിക്കവും, മീറയും കാഴ്ച്ചവെക്കുന്നതും.
4. മേരിയും ജോസഫും ബത്ലഹേമിലെത്തുന്നതും തങ്ങള്‍ക്ക് തങ്ങുവാന്‍ സ്ഥലം അന്യോഷിക്കുന്നതും എല്ലാ സത്രങ്ങളും നിറഞ്ഞു കവിഞ്ഞതിനാല്‍ ആ രാത്രിയില്‍ കാലിതൊഴുത്തില്‍ താമസിക്കുകയും അവിടെ വച്ച് യേശുവിന് യേശുവിന് ജന്മം നല്‍കുകയും കിടക്ക ഇല്ലാത്തതിനാല്‍ അവര്‍ കുഞ്ഞിനെ പുല്‍തൊട്ടിലില്‍ കിടത്തുന്നതും.
5. ബത്ലഹേമിനു സമീപം ആടുകളെ മേച്ചുകൊണ്ടിരുന്ന ആട്ടിടയന്‍മാര്‍ക്ക് മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവപുത്രന്റെ ജനത്തെ കുറിച്ചുള്ള മംഗളവാര്‍ത്ത അറിയിക്കുന്നത്.
6. മേരിയും ഭര്‍ത്താവായ ജോസഫും രക്ഷകന്റെ ജനനത്തിനു ശേഷം ഒരുമിച്ച് നില്‍ക്കുന്നത്.
1843-ല്‍ വാണീജ്യാടിസ്ഥാനത്തില്‍ കാര്‍ഡിന്റെ നിര്‍മ്മാണത്തോട് കൂടിയാണ് ക്രിസ്തുമസ്സ് കാലങ്ങളില്‍ ആശംസാ കാര്‍ഡുകള്‍ അയക്കുന്ന പതിവ് തുടങ്ങിയത്. അതിനു മൂന്ന്‍ വര്‍ഷം മുന്‍പ് സര്‍ ഹെന്റി കോള്‍ ആണ് കാര്‍ഡുകള്‍ കമ്മീഷന്‍ ചെയ്തത്. റോയല്‍ മെയിലിന്റെ പെന്നി പോസ്റ്റ് സര്‍വീസ് തുടങ്ങുന്നതില്‍ ഇദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്. വെറും 1000 കാര്‍ഡുകള്‍ മാത്രമായിരുന്നു അപ്പോള്‍ അച്ചടിച്ചിരുന്നത്.
റോയല്‍ മെയിലിന്റെ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന തപാല്‍ വിതരണക്കാരാര്‍ തന്നെയാണ് കാര്‍ഡുകളുടെ മുന്‍വശത്ത് എക്കാലത്തും ജനസമ്മതിയാര്‍ജ്ജിച്ച 'റോബിന്‍ ഗ്രേസിംഗ്' ചിത്രങ്ങളുടെ ഉത്തരവാദികള്‍. 1800ന്റെ മധ്യകാലങ്ങളില്‍ കടും ചുവപ്പ് നിറത്തോടു കൂടി തപാല്‍പ്പെട്ടികള്‍ക്ക് യോജിക്കുന്ന രീതിയിലുള്ള യൂണിഫോം തപാല്‍ വിതരണകാര്‍ക്കായി നിലവില്‍ വന്നു. ആരെയും ആകര്‍ഷിക്കുന്ന ഈ യൂണിഫോം മൂലമാണ് തപാല്‍ വിതരണക്കാരെ 'റോബിന്‍ റെഡ്‌ബ്രീസ്റ്റസ്' എന്ന്‍ പരാമര്‍ശിച്ചു തുടങ്ങിയത്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തപാല്‍ വിതരണക്കാരന്റെ പ്രതീകം എന്ന നിലയിലാണ് ക്രിസ്തുമസ്സ് കാര്‍ഡുകളില്‍ റോബിന്‍ പ്രിന്റ് ചെയ്യുവാന്‍ തുടങ്ങിയത്.
"ഞങ്ങള്‍ ഉറ്റ്നോക്കി കൊണ്ടിരിക്കുന്ന ഒന്നാണ് ഈ വര്‍ഷം പുറത്തിറക്കിയ ക്രിസ്തുമസ്സ് കാര്‍ഡുകള്‍. അവയുടെ മനോഹരമായ രൂപവും നിര്‍മ്മാണവും ക്രിസ്തുമസ്സ് കാലത്തിന്റെ അനുഭൂതി നമ്മളില്‍ ഉളവാക്കും" എന്ന് റോയല്‍ മെയില്‍ സ്റ്റാമ്പ് വിഭാഗത്തിലെ ആണ്ട്ര്യു ഹാമ്മണ്ട് അഭിപ്രായപ്പെട്ടതായി Independent Catholic News റിപ്പോർട്ട് ചെയ്യുന്നു.
