Christian Prayer - July 2024
തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 02-07-2022 - Saturday
യേശുവേ, അങ്ങേ തിരുരക്തം ഞങ്ങളുടെ വീണ്ടെടുപ്പിന്‍റെ വിലയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഞങ്ങള്‍ ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവേ, എന്നേയും, എനിക്കുള്ളവയേയും, എന്നെ ഏല്‍പ്പിക്കുന്നവരേയും അങ്ങയുടെ തിരുരക്തത്താല്‍ മുദ്രണം ചെയ്യേണമേ. എന്‍റെ പഞ്ചേന്ദ്രിയങ്ങളെയും, ചിന്ത, ഭാവന, ബുദ്ധി, ഓര്‍മ്മ, കല്‍പനാശക്തി, ഇച്ച്ചശക്തി ഇവയേയും, അവിടുത്തെ തിരുരക്തത്താല്‍ ഓരോ നിമിഷവും കഴുകണമേ, വിശുദ്ധീകരിക്കണമേ.
ഞാന്‍ ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, സഞ്ചരിക്കുമ്പോഴും, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അവിടുത്തെ തിരുരക്തത്തിന്‍റെ വലിയ സംരക്ഷണം നിരന്തരം എനിക്കു നല്‍കണമേ. അങ്ങനെ ഞാന്‍ സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുകൊണ്ട് അവിടുത്തെ പാതയില്‍ സഞ്ചരിക്കുവാനും എപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കാനും ഇടയാകട്ടെ!
യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ ഓരോ നിമിഷവും എന്നെ കഴുകണമേ. (3 പ്രാവശ്യം)
യേശുവിന്‍ രക്തം ജയം... യേശുവിന്‍ രക്തം ജയം... യേശുവിന്‍ രക്തം ജയം... യേശുവിന്‍ തിരുരക്തം ജയം... (3 പ്രാവശ്യം)