Thursday Mirror - 2024
വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍
സ്വന്തം ലേഖകന്‍ 05-09-2018 - Wednesday
ഇന്ന് ആഗസ്റ്റ് 26, സ്വര്‍ഗ്ഗീയ വിളിയ്ക്ക് ജീവിതം കൊണ്ട് പ്രത്യുത്തരം നല്‍കി അനേകായിരങ്ങളുടെ കണ്ണീരൊപ്പിയ വിശുദ്ധ മദര്‍ തെരേസയുടെ 111ാം പിറന്നാള്‍. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ 111ാം ജന്മദിനത്തില്‍, വിശുദ്ധ വിവിധ അവസരങ്ങളില്‍ പങ്കുവെച്ച പ്രചോദനാത്മകമായ 10 വാക്യങ്ങള്‍ വായിക്കാം, വിചിന്തനം ചെയ്യാം.
ലോകത്തിലെ എല്ലാ അവസ്ഥയിലും വച്ച് ഏറ്റവും ഭീകരമായ അവസ്ഥയാണ് ആരാലും സ്‌നേഹിക്കപ്പെടാതെ കഴിയുന്നത്. പക്ഷേ മദര്‍ തെരേസ തന്റെ ജീവിതത്തിലൂടെ ആ ഭീകരവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു. സ്‌നേഹിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്രം എന്ന് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ദൈവസ്‌നേഹത്തിന്റെ ദീപ്തമായ പ്രകാശം അപരനിലേക്കു പകര്‍ന്നു നല്‍കുവാന്‍ മദര്‍ തെരേസയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതം വഴി അനേകര്‍ക്ക് അഭയം നല്‍കിയ, അനേകര്‍ക്ക് ആശ്വാസം നല്കിയ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്.
➤ “ഇന്നലെ കടന്നുപോയി, നാളെയാണെങ്കില്‍ വന്നിട്ടുമില്ല; നമ്മള്‍ ഓരോ ദിവസവും നമ്മുടെ അവസാന ദിവസമെന്ന പോലെ ജീവിക്കണം”.
( 1995-ല്‍ പുറത്തിറക്കിയ 'എ സിമ്പിള്‍ പാത്ത്' എന്ന പുസ്തകത്തില്‍ നിന്ന്‍ ).
➤ “എനിക്കു ഒറ്റയ്ക്കു ഈ ലോകത്തെ മാറ്റുവാന്‍ കഴിയുകയില്ല, പക്ഷേ വെള്ളത്തിന്റെ നടുക്ക് ഒരു കല്ലെറിഞ്ഞുകൊണ്ട് നിരവധി ഓളങ്ങള്‍ ഉണ്ടാക്കുവാന്‍ എനിക്ക് സാധിക്കും”.
➤ “മുന്‍പൊരിക്കലും ഒരു യുദ്ധത്തിന്റെ കെടുതി അനുഭവിക്കേണ്ടതായി എനിക്ക് വന്നിട്ടില്ല, ക്ഷാമവും മരണവും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എന്നോട് തന്നെ ചോദിച്ചു, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് എന്താണ് അനുഭവപ്പെടുക. എനിക്കത് മനസ്സിലാകുന്നില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. പിന്നെന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തത്. എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.”
(1982 ഓഗസ്റ്റ് 14നു ലെബനനിലെ സാബ്രാ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മാനസികാരോഗാശുപത്രിയില്‍ നിന്നും 37-ഓളം വികലാംഗരായ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ സഹായിച്ചതിന് ശേഷം പറഞ്ഞത്).
➤ “പലപ്പോഴും ഒരുവാക്ക്, ഒരു നോട്ടം, ഞൊടിയിടയിലുള്ള ഒരു പ്രവര്‍ത്തി. നമ്മള്‍ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ അന്ധകാരം വ്യാപിക്കുവാന്‍ ഇത് മതി”.
(1987ല്‍ പുറത്തിറക്കിയ ലവ്, എ ഫ്രൂട്ട് ഓള്‍വേസ് ഇന്‍ സീസണ്‍ എന്ന പുസ്തകത്തില്‍ നിന്ന്‍).
➤ “ദയവായി ദൈവം തന്നിരിക്കുന്നതിനെ നമ്മള്‍ നശിപ്പിക്കരുത്. നിങ്ങളുടെ മനസ്സും, ആത്മാവും ദൈവേഷ്ടത്തോടൊപ്പമായിരിക്കട്ടെ. ഈ ലോകത്ത് യുദ്ധമുണ്ടാക്കുവാനോ, സമാധാനം സ്ഥാപിക്കുവാനോ നിങ്ങള്‍ക്ക് അധികാരമുണ്ട്. ദയവായി സമാധാനത്തിന്റെ പാത സ്വീകരിക്കുക”.
(1991 ജനുവരി 2നു ജോര്‍ജ്ജ് ബുഷിനും സദ്ദാം ഹുസൈനും എഴുതിയ കത്തില്‍ നിന്ന്‍).
➤ “ദൈവം നീയുമായി എത്രമാത്രം സ്നേഹത്തിലാണെന്ന് അറിയുമ്പോള്‍, മാത്രമാണ് ആ സ്നേഹം പ്രസരിപ്പിച്ചു കൊണ്ട് ജീവിക്കുവാന്‍ നിനക്ക് സാധിക്കുന്നത്.”
➤ “സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ ഞാന്‍ നില്‍ക്കുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ വിശുദ്ധ പത്രോസ് ശ്ലീഹാ എന്നോടു പറഞ്ഞു, 'ഭൂമിയിലേക്ക് തിരികെ പോവുക, ഇവിടെ ചേരികള്‍ ഇല്ല'.”
(1996-ല്‍ ഗ്രീസിലെ മൈക്കേല്‍ രാജകുമാനുമായുള്ള സംഭാഷണത്തില്‍)
➤ “നമ്മുടെ ജനത്തിന്റെ ദാരിദ്ര്യം ഞാന്‍ തിരഞ്ഞെടുത്തു. പക്ഷേ വിശക്കുന്നവരുടേയും, വസ്ത്രമില്ലാത്തവരുടേയും, ഭവനമില്ലാത്തവരുടേയും, വികലാംഗരുടേയും, അന്ധരുടേയും, കുഷ്ഠരോഗികളുടേയും, സ്നേഹിക്കുവാനോ സംരക്ഷിക്കുവാനോ ആരുമില്ലാതെ സമൂഹത്തില്‍ നിന്നും പുറംതള്ളപ്പെട്ടവരുടെയും പേരില്‍ നന്ദിപറഞ്ഞുകൊണ്ട് ഞാന്‍ ഈ സമ്മാനം (നോബല്‍) സീകരിക്കുന്നു.”
(1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞത്).
➤ “ഞാന്‍ സ്വതന്ത്രയാകുവാനാണ് ആഗ്രഹിക്കുന്നത്, പക്ഷേ ദൈവത്തിനു സ്വന്തം പദ്ധതികള്‍ ഉണ്ട്.”
(1990-ല്‍ കൊല്‍ക്കത്തയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍, മദര്‍ കൊടുത്ത രാജിക്കത്ത് പിന്‍വലിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞത്).
➤ “ലോകത്തെ കീഴടക്കുവാനായി ബോംബുകള്‍ക്കും തോക്കുകള്‍ക്കും പകരം നമുക്ക് സ്നേഹവും, സഹാനുഭൂതിയും ഉപയോഗിക്കാം”.
(1997-ല്‍ പുറത്തിറക്കിയ ഇന്‍ ദി ഹാര്‍ട്ട് ഓഫ് ദി വേള്‍ഡ് എന്ന പുസ്തകത്തില്‍ നിന്ന്‍).
കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തെ പഠിപ്പിച്ച മദര്‍ തെരേസ ആയിരങ്ങളുടെ മനസ്സില്‍ ഇന്നും മായാത്ത മുഖമാണ്. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ ഓരോ വാക്കുകളും നമ്മുടെ ജീവിതനവീകരണത്തിന് വേണ്ടിയുള്ള ആഹ്വാനമാണ്. പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണെന്ന വിശുദ്ധ യാക്കോബ് ശ്ലീഹായുടെ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ 'പാവങ്ങളുടെ അമ്മ'യെ നമ്മുക്കും പിഞ്ചെല്ലാം. ഈലോക ജീവിതത്തിന് വേണ്ടി സമയം പാഴാക്കി കളയാതെ അനേകരുടെ കണ്ണീരൊപ്പാന്‍ നമ്മുടെ ഓരോ നിമിഷവും നമ്മുക്ക് ചിലവിടാം.
< Originally Published On 04/04/17 >
< Updated On: 26/08/21 >
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക