Friday Mirror - 2024
ഫാത്തിമയിൽ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ പറഞ്ഞ 7 ആത്മീയ സന്ദേശങ്ങള്‍
സ്വന്തം ലേഖകന്‍ 29-11-2024 - Friday
ഫാത്തിമയില്‍ വെച്ച് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നു പേരിൽ ഒരാളായ ലൂസിയ നമ്മുക്ക് സുപരിചിതയാണ്. ക്രിസ്തുവിനായി സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് പൂര്‍ത്തിയായി. 97 വര്‍ഷത്തോളം സിസ്റ്റര്‍ ലൂസിയ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു, അതിനാല്‍ തന്നെ അവളുടെ നാമകരണ പ്രക്രിയയുടെ പ്രാരംഭ നടപടി ഏതാണ്ട് 9 വര്‍ഷത്തോളമാണ് നീണ്ടുനിന്നത്.
30 ജോലിക്കാര്‍ മുഴുവന്‍ സമയവും ജോലിചെയ്താണ് സിസ്റ്റര്‍ ലൂസിയയുടെ ജീവിതത്തെ പറ്റി വിശകലനം ചെയ്തത്, ഇതിനായി അവളുടെ അസംഖ്യം എഴുത്തുകളും, 60-ഓളം സാക്ഷ്യങ്ങളും വളരെ ആഴത്തില്‍ പരിശോധിക്കുകയുണ്ടായി. പോര്‍ച്ചുഗലിലെ കര്‍മ്മലീത്ത മഠത്തില്‍ ഏകാന്ത ജീവിതമായിരുന്നു സിസ്റ്റര്‍ ലൂസി നയിച്ചിരുന്നത്. നമ്മുടെ ജീവിതത്തില്‍ ഏറെ ചിന്തിക്കുവാനും പഠിക്കുവാനുമായി വിജ്ഞാനത്തിന്റെ ഒരു നിധിശേഖരം തന്നെ ഉപേക്ഷിച്ചിട്ടാണ് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായത്.
പരിശുദ്ധ മാതാവിന്റെ കരങ്ങളിലൂടെ ആത്മാക്കളെ ദൈവത്തിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ദൈവദാസി സിസ്റ്റര്‍ അന്നാ മരിയ ലൂസിയയുടെ 7 വാക്യങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. ഈ വാക്യങ്ങള്‍ സിസ്റ്റര്‍ ലൂസി എഴുതിയിട്ടുള്ള “കോള്‍സ് ഫ്രം ദി മെസ്സേജ് ഓഫ് ഫാത്തിമ” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
➤ “നാം ജീവിക്കുന്ന ഈ അവസാന സമയത്ത് ജപമാല പ്രാര്‍ത്ഥന പ്രത്യേകമായ കൃപ വാഗ്ദാനം ചെയ്യുന്നു. നമുക്കോ നമ്മുടെ കുടുംബത്തിനോ ഉള്ള പ്രശ്നങ്ങള്‍ എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും, ജപമാല പ്രാര്‍ത്ഥന കൊണ്ട് പരിഹരിക്കുവാന്‍ കഴിയാത്തതായി യാതൊന്നുമില്ല.”
➤ “ദൈവവും സാത്താനും തമ്മിലുള്ള അവസാന യുദ്ധം വിവാഹത്തേയും കുടുംബത്തേയും പറ്റിയുള്ളതായിരിക്കും. ഭയപ്പെടരുത്, എന്തെന്നാല്‍ വിവാഹത്തിന്റേയും കുടുംബത്തിന്റേയും വിശുദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവന് അവന്റെ എല്ലാ വഴികളിലും പോരാട്ടങ്ങളെ നേരിടേണ്ടതായി വരും. എന്നിരുന്നാലും ഒന്നോര്‍ക്കുക, നമ്മുടെ പരിശുദ്ധ അമ്മ ഇതിനോടകം തന്നെ സാത്താന്റെ ശിരസ്സിനെ തകര്‍ത്തിരിക്കുന്നു.”
➤ “ദൈവം നമ്മോട് ഓരോ നിമിഷവും പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു, നമുക്ക് തീര്‍ത്തും ആവശ്യമായ പ്രാര്‍ത്ഥനയാണ് ജപമാല. ദേവാലയത്തിൽ വെച്ചോ, നമ്മുടെ ഭവനത്തില്‍ വെച്ചോ ചൊല്ലുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. അതുപോലെ യാത്രയിലോ അല്ലെങ്കില്‍ നമ്മുടെ കൃഷിയിടങ്ങളിലൂടെയോ നടന്നു കൊണ്ട് ചൊല്ലുവാന്‍ കഴിയുന്ന, ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുമ്പോഴോ വീട്ടുജോലികള്‍ ചെയ്യുമ്പോഴോ ചൊല്ലുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. നമ്മുടെ ഓരോ ദിവസത്തിലും 24 മണിക്കൂറുകള്‍ വീതമുണ്ട്. ഒരു മണിക്കൂറിന്റെ കാല്‍ ഭാഗം ആത്മീയ ജീവിതത്തിനു വേണ്ടി, നമ്മുടെ പ്രിയപ്പെട്ട ദൈവവുമായുള്ള സംവാദത്തിനു വേണ്ടി ചിലവഴിക്കുവാന്‍ പറയുന്നത് പ്രയാസമുള്ള കാര്യമല്ല”.
➤ “നിത്യവും നാം ആദ്ധ്യാത്മിക ജീവിതം അനുഷ്ഠിക്കുന്നത് പതുക്കെ പതുക്കെ രക്തസാക്ഷിത്വം വരിക്കുന്നതിനു തുല്ല്യമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തില്‍ നമ്മുടെ ആത്മാവും ദൈവവുമായുള്ള കൂടിക്കാഴ്ച വഴി അത് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും ഒരു അമാനുഷികമായ നിലയിലേക്കെത്തിക്കുകയും ചെയ്യുന്നു. ഇവിടെ താരതമ്യം ചെയ്യുവാന്‍ കഴിയാത്തത്ര ആത്മീയത യാണ് പ്രകടമാകുന്നത്”.
➤ നരകം ഒരു യാഥാര്‍ത്ഥ്യമാണ്. ഭൗതീകമല്ലാത്ത അസാധാരണമായൊരു അഗ്നിയാണത്. വിറകിനെ ദഹിപ്പിക്കുന്ന അഗ്നിയുമായി അതിനെ താരതമ്യം ചെയ്യുവാന്‍ സാധ്യമല്ല. നരകത്തെ കുറിച്ച് പ്രഘോഷിക്കുന്നത് തുടരുവിന്‍, കാരണം നമ്മുടെ കര്‍ത്താവ് തന്നെ നരകത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല വിശുദ്ധ ലിഖിതങ്ങളിലും നരകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനാണ് ദൈവം. അവിടുന്ന് ആര്‍ക്കും നരകം വിധിക്കുന്നില്ല, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു”. “
➤ “പ്രേമിക്കുന്നവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ മണിക്കൂറുകളോളം ആവര്‍ത്തിച്ചു പറയുന്നത് ഒരു കാര്യം തന്നെയാണ്. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു!’. ജപമാല വെറും ആവര്‍ത്തനമാണ് എന്ന് പറയുന്നവര്‍ക്കില്ലാത്ത ഒരു കാര്യവും ഈ ‘സ്നേഹമാണ്’. സ്നേഹമില്ലാതെ ചെയ്യുന്നതെല്ലാം വെറും പാഴാണ്”.
➤ “ദൈവം നമുക്കായി ഒരുക്കിയിട്ടുള്ള പാതയിലൂടെ വിശ്വസ്തതയോടും പൂര്‍ണ്ണമനസ്സോടും കൂടെ നമുക്ക് മുന്നേറാം. കാരണം സ്നേഹം വഴിയാണ് ദൈവം നമുക്ക് തന്റെ കാരുണ്യത്തിന്റേതായ ഈ വിളി അയച്ചിരിക്കുന്നത്, മോക്ഷത്തിന്റെ പാതയില്‍ മുന്നേറുവാന്‍ അവിടുന്ന് നമ്മളെ സഹായിക്കുന്നു.”
(Originally Published On 18th February 2017)