November 23 : വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ
റോമിലെ വിശുദ്ധ ക്ലമന്റ്-I (92-101) ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു; വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തില്‍ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത.
അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്ക് അറിവുള്ളൂ. ഫിലി. 4:3-ല്‍ വിശുദ്ധ പോള്‍ പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും വിശുദ്ധ ക്ലമന്റ് കൊറീന്ത്യക്കാര്‍ക്ക് അയച്ച കത്തിന് ആധികാരികതയുണ്ട്. ഇതില്‍ വിശുദ്ധന്‍ നിരന്തര സംഘര്‍ഷങ്ങളാല്‍ മുറിവേറ്റ ആ സമൂഹത്തില്‍ ആധികാരികമായി ഇടപെടുന്നതായി കാണാം. ഇത് ആദ്യകാല പാപ്പാ ചരിത്രത്തില്‍ എടുത്ത് പറയാവുന്ന ഒരു പ്രവര്‍ത്തിയാണ്.
കത്തോലിക്കാസഭയുടെ ദിനംതോറുമുള്ള ആരാധാനാക്രമ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാം. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടുകടത്തുകയും അവിടെ സമാനമായി നാടുകടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. “അനുഗ്രഹീതനായ ക്ലമന്റെ, യേശു ക്രിസ്തുവിന്റെ വാഗ്ദാനങ്ങളില്‍ ഞങ്ങളെ കൂടി പങ്കാളികളാക്കുമാറ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ” അവര്‍ ഒരേസ്വരത്തില്‍ വിശുദ്ധനോടപേക്ഷിച്ചു. ഇപ്രകാരം പറഞ്ഞുകൊണ്ട് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. “എന്റെ യോഗ്യതകള്‍ മൂലമല്ലാതെ തന്നെ ദൈവം എന്നെ നിങ്ങളുടെ ഇടയിലേക്ക് അയച്ചിരിക്കുന്നു.”
6 മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവര്‍ക്ക് വെള്ളം കൊണ്ടുവരുവാന്‍ ഇതിനെ കുറിച്ച് അവര്‍ വിശുദ്ധനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശുക്രിസ്തുവിനോട് “തന്റെ സാക്ഷ്യംവഹിക്കുന്നവര്‍ക്കായി ഒരു നീരുറവ തുറന്ന് തരണമേ” എന്നപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ നുരഞ്ഞു പൊങ്ങുന്ന ശുദ്ധജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അയല്‍വാസികളായ വിജതീയര്‍ പോലും ക്രിസ്തീയ വിശ്വാസികളായി മാറി.
ട്രാജന്‍ ചക്രവര്‍ത്തി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍, വിശുദ്ധന്റെ കഴുത്തില്‍ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ചുകൊണ്ട് വിശുദ്ധനെ കടലിലേക്കെറിയുവാന്‍ ആജ്ഞാപിച്ചു. അതിന്‍ പ്രകാരം വിശുദ്ധനെ കടലിലേക്കെറിഞ്ഞപ്പോള്‍ കൂടി നിന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്. തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോള്‍ മൂന്ന് മൈലോളം കടല്‍ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം മാര്‍ബിള്‍ ചുണ്ണാമ്പ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയില്‍ കല്ല്‌കൊണ്ടുള്ള മഞ്ചപ്പെട്ടിയില്‍ കിടക്കുന്നതായി കാണപ്പെട്ടു.
അദ്ദേഹത്തിന്‍റെ കഴുത്തില്‍ കെട്ടിയ നങ്കൂരം അരികില്‍തന്നെ ഉണ്ടായിരുന്നു. “അല്ലയോ ദൈവമേ, നീ നിന്റെ രക്തസാക്ഷിയായ ക്ലമന്റിനു കടലില്‍ ഒരു നല്ല പാര്‍പ്പിടം തന്നെ ഒരുക്കി, മാലാഖമാരുടെ കരങ്ങളാല്‍ പണിത ചുണ്ണാമ്പ്കല്ലു കൊണ്ടുള്ള മനോഹരമായ ഒരു ദേവാലയം.” ഏതാണ്ട് 858-867 കാലയളവില്‍ നിക്കോളാസ്-I ന്റെ കാലത്ത് വിശുദ്ധന്‍മാരായ സിറിലും, മെത്തോഡിയൂസും വിശുദ്ധന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു (S. Clemente). പഴയകാലത്തെ ആരാധനാ സംവിധാനങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ ഈ ദേവാലയം റോമില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളില്‍ ഒരു ദേവാലയമാണ്.