News - 2024
ഈജിപ്തിലെ ക്രൈസ്തവരുടെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി പാത്രിയാര്‍ക്കീസ് തവദ്രോസ് II
സ്വന്തം ലേഖകന്‍ 30-03-2017 - Thursday
കെയ്റോ: ഈജിപ്തിലെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷാ സാഹചര്യങ്ങള്‍ അനുകൂലമായി തുടങ്ങിയതായി കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. മാര്‍ച്ച് 27-ന് സിബിസി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം പറഞ്ഞത്. ഐസിസ് പിന്തുണയുള്ള ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകള്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്നു പലായനം ചെയ്തവര്‍ ഉടനെ തന്നെ മടങ്ങുമെന്നും ബിഷപ്പ് പറഞ്ഞു.
ജിഹാദി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് സൈന്യം, പോലീസ്, നിയമവ്യവസ്ഥ എന്നിവയേകൂടിയാണ് ബാധിക്കുന്നത്. ഈജിപ്ഷ്യന്‍ സമൂഹത്തെ ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട്. ഈജിപ്തിനെ വിഭജിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ സീനായിയില്‍ നിന്നും കൂട്ടപ്പലായനം ചെയ്ത ക്രൈസ്തവരെ കുറിച്ച് ചോദ്യകര്‍ത്താവ് ആരാഞ്ഞപ്പോള്‍ എല്ലാവരുടേയും ജീവന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പലായനം ചെയ്തവരെ തിരികെ കൊണ്ട് വരുവാനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നുമാണ് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ മറുപടി നല്‍കിയത്.
അതേ സമയം പലായനം ചെയ്തവര്‍ മടങ്ങി വരുന്നതായി അല്‍ ആരിഷിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായ അന്‍ബാ കൊസ്മാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍ ആരിഷില്‍ അനുദിനമുള്ള വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണവും പുനഃരാരംഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പുരോഹിതരെ തീവ്രവാദികള്‍ വേട്ടയാടികൊണ്ടിരിക്കുകയാണെന്നു ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണെന്നും പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.