News - 2025

'ക്രിസ്തുവിന്റെ സമാധാനം' ലോകത്തിനു മുൻപിൽ പ്രഘോഷിച്ചു കൊണ്ട് ബെത്ലഹേമിലെ പള്ളിമണികൾ ഒരുമിച്ച് മുഴങ്ങും

ഷാജു പൈലി 03-12-2015 - Thursday

സമാധാനം എന്ന മഹത്തായ ലക്ഷ്യത്തിനായി ഡിസംബര്‍ 5, ശനിയാഴ്ച 7.30pm ന് ബെത്ലഹേമിലെ മുഴുവന്‍ പള്ളികളിലെയും മണികള്‍ ഒരുമിച്ച് മുഴങ്ങുന്നതായിരിക്കും. ഈ മഹാ സംഭവത്തില്‍ പങ്കാളികളാവുന്നതിനായി ലോകം മുഴുവനുമുള്ള പള്ളികളോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു : Independent Catholic News റിപ്പോർട്ട് ചെയ്യുന്നു.

രക്ഷകന്റെ തിരുപിറവിക്കായി കാത്തിരിക്കുന്ന ആരാധനാക്രമത്തിലെ ആഗമന കാലത്തിലേക്ക് തിരുസഭ പ്രവേശിശിച്ചിരിക്കുന്ന ഈ സമയത്ത് എല്ലാവര്‍ഷങ്ങളിലേയും പോലെ സകലരുടേയും ശ്രദ്ധ തിരുകുമാരന്റെ ജന്മസ്ഥലമായ ബെത്ലഹേമിലാണ്. ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ബെത്ലഹേമില്‍ വളരെ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഈ അവസരത്തില്‍ വിശുദ്ധനാട്ടില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുത്ത് മുന്‍കാലങ്ങളില്‍ നിന്നും ചിലമാറ്റങ്ങളോടെ ആഘോഷ പരിപാടികള്‍ കൊണ്ടാടുവാന്‍ ബെത്ലഹേം നഗര സഭ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച്, മാങ്ങര്‍ സ്കൊയറിലെ ക്രിസ്തുമസ്സ് ട്രീ തെളിയിച്ചതിനു ശേഷം പരമ്പരാഗതമായി നടത്തിവരാറുള്ള ഭക്ഷണ പരിപാടി ഒഴിവാക്കപ്പെട്ടിരിക്കുന്നു; അലങ്കാരങ്ങളും തോരണങ്ങളും കുറച്ചിട്ടുണ്ട്, മുന്‍പ് നിശ്ച്ചയിച്ചുറപ്പിച്ചിരുന്ന പല സംഗീത പരിപാടികളും ഒഴിവാക്കി.

സമീപകാലങ്ങളില്‍ ഇസ്രായേല്‍ സേനയുമായുള്ള സംഘട്ടങ്ങളില്‍ രക്തസാക്ഷികളായ ബെത്ലഹേംകാരോടുള്ള ബഹുമാനസൂചകമായും, അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും, കൂടാതെ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടതെന്ന്‍ ബെത്ലഹേമിലെ മേയറായ വേരാ ബബൌണ്‍ പ്രസ്ഥാവിച്ചിട്ടുണ്ട്.

"ബെത്ലഹേം എപ്പോഴും സമാധാനപൂര്‍ണ്ണമായ ഒരു നഗരമായി നിലനിന്നിട്ടുണ്ട്" അവര്‍ ചൂണ്ടികാണിച്ചു, "ഈ ക്രിസ്തുമസ്സ് കാലത്ത് ഞങ്ങള്‍ എപ്പോഴത്തേക്കാള്‍ കൂടുതലായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു" അവര്‍ തുടര്‍ന്നു "സമാധാനത്തിനും, നീതിക്കും, അന്തസ്സിനും വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സൂചകമായി ഈ വരുന്ന ഡിസംബര്‍ 5 ശനിയാഴ്ച 7.30pm (GMT) ന് മുന്‍കാലങ്ങളിലെ കരിമരുന്ന് പ്രയോഗത്തിനു പകരമായി ബെത്ലഹേമിലെ മുഴുവന്‍ മണികളും ഒരുമിച്ചു മുഴക്കുന്നതായിരിക്കും."


Related Articles »