News - 2025
ഈജിപ്തിലെ അതിപുരാതനമായ സെന്റ് കാതറിന്‍ ആശ്രമത്തിനു സമീപം ഐഎസ് ആക്രമണം
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
കെയ്റോ: ഈജിപ്തിലെ തെക്കന്‍ സീനായിലെ പുരാതനമായ സെന്റ് കാതറിന്‍ ആശ്രമത്തിനു സമീപം ഐഎസ് ആക്രമണം. ആശ്രമത്തിനും പോലീസ് സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെ തോക്ക് ധാരികളായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് അവരുടെ വാര്‍ത്താ മാധ്യമമായ അമാക്കിലൂടെ ഏറ്റെടുത്തിരിന്നു.
സീനായി മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍ ആശ്രമം ക്രൈസ്തവലോകത്ത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ആശ്രമങ്ങളില്‍ ഒന്നാണ്. ലോകമാകമാനമുള്ള പുരാതന ആശ്രമങ്ങളില്‍ ഒന്നായ സെന്റ് കാതറിന്‍ ആശ്രമം ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം കൂടിയാണ് ആശ്രമം. ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട വിവരമനുസരിച്ച് പോലീസ് ചെക്ക്‌പോസ്റ്റും ആശ്രമവും വ്യക്തമായി കാണാവുന്ന ഒരു കുന്നിന്‍ മുകളില്‍ നിന്നുകൊണ്ടാണ് ഭീകരര്‍ നിറയൊഴിച്ചത്.
തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ഈജിപ്ത് പ്രസിഡന്റായ അബ്ദേല്‍ ഫത്താ എല്‍ സിസി രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനത്തിന് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ആക്രമണം എന്നത് പ്രത്യേകം ഗൗരവമര്‍ഹിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ സിനായി മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോലീസ് പ്രത്യേകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ഓശാന തിരുനാള്‍ ദിനത്തില്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 45 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ കെയ്റോയിലെ പ്രധാനപ്പെട്ട കോപ്റ്റിക് ക്രൈസ്തവ കത്തീഡല്‍ ദേവാലയത്തില്‍ ഉണ്ടായ മറ്റൊരാക്രമണത്തില്‍ 25-ഓളം പേര്‍ കൊല്ലപ്പെടുകയും 35-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2013-ല്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള കലാപത്തെ തുടര്‍ന്ന് പ്രസിഡന്റായ മൊഹമ്മദ് മുര്‍സി അധികാരത്തില്‍ നിന്നും നിഷ്കാസിതനായതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 92 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്‍. മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് വിശ്വാസികള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.