Meditation. - May 2024

മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി തീരുന്ന ഒരു വ്യക്തിയുടെ മുൻപിൽ അനുഗ്രഹങ്ങളുടെ വലിയ കലവറ തുറക്കുന്നു

സ്വന്തം ലേഖകന്‍ 07-05-2021 - Friday

"അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്നു പ്രവാചകൻമാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു" (അപ്പ. 10:43)

യേശു ഏകരക്ഷകൻ: മെയ് 7
അത്യുന്നതനായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചു കൊണ്ട്‌ അവനിൽ വിശ്വസിക്കുവാനും അവന്റെ മാർഗ്ഗം പിന്തുടരുവാനും സകല ജനതകളോടും ആവശ്യപ്പെടുന്നു. ഈ ക്രിസ്തുമാർഗ്ഗം യഥാർത്ഥത്തിൽ സൗഭാഗ്യത്തിലേക്കുള്ള ഒരു വിളിയാണ്. ലോകത്തിൽ മറ്റൊരു ശക്തിക്കും, മതങ്ങൾക്കും, പ്രത്യയശാസ്ത്രങ്ങൾക്കും സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഉന്നതവും ശ്രേഷ്‌ഠവുമാണ് ക്രിസ്തുമാർഗ്ഗം നൽകുന്ന അനുഗ്രഹങ്ങൾ.

ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ വാഗ്‌ദാനം ചെയ്യുമ്പോഴും, ഈ ഭൂമിയിലെ ജീവിതത്തിനാവശ്യമായ ദാനങ്ങളും ക്രിസ്തുമാർഗ്ഗം പിന്തുടരുന്നതിലൂടെ ഒരു മനുഷ്യനു ലഭിക്കുന്നു. ക്രിസ്തുമാർഗ്ഗം സ്വീകരിക്കുന്നവർക്ക് ഈ ഭൂമിയിൽ വച്ചു തന്നെ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണെങ്കിലും അവയിൽ പ്രധാനപ്പെട്ടവ:

1. പരിശുദ്ധാത്മാവ്: ക്രൈസ്തവ ജീവിതത്തിന്‍റെ ആന്തരിക ഗുരുവും, സൗമ്യനായ അതിഥിയും, ഈ ജീവിതത്തെ പ്രചോദിപ്പിക്കുകയും നയിക്കുകയും തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുമായ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അനുഗ്രഹം.

2. കൃപാവര സമൃദ്ധി: ഒരു ക്രൈസ്തവ വിശ്വാസി രക്ഷിക്കപ്പെട്ടിരിക്കുന്നതു കൃപാവരത്താലാണ്. നിത്യജീവനിലേക്കുള്ള ഫലം പുറപ്പെടുവിക്കാന്‍ ഒരു വിശ്വാസിക്കു സാധിക്കുന്നതും കൃപാവരത്താലാണ്.

3. സുവിശേഷഭാഗ്യങ്ങൾ: ക്രിസ്തുവിന്‍റെ മാര്‍ഗം മാത്രമാണ് മനുഷ്യഹൃദയം അത്യധികം അഭിലഷിക്കുന്ന ശാശ്വത സൗഭാഗ്യത്തിലേക്കു മനുഷ്യനെ നയിക്കുന്ന ഏകമാര്‍ഗം. സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഈ സൗഭാഗ്യങ്ങൾ സ്വീകരിക്കാനുള്ള അനുഗ്രഹം ക്രിസ്തുമാർഗ്ഗത്തിലൂടെ മനുഷ്യനു കൈവരുന്നു.

4. പാപമോചനം: താന്‍ ഒരു പാപിയാണെന്നു ഒരു മനുഷ്യന്‍ തിരിച്ചറിയുന്നില്ലെങ്കില്‍, തന്നെപ്പറ്റിത്തന്നെയുള്ള സത്യം അവന് അറിയുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവം നൽകുന്ന സൗജന്യ പാപമോചനം സ്വീകരിക്കുവാൻ സാധിക്കുന്നു.

5. മാനുഷികസുകൃതങ്ങള്‍: നന്മയിലേക്കുള്ള ശരിയായ മനോഭാവങ്ങളുടെ സൗന്ദര്യവും ആകര്‍ഷണവും ഗ്രഹിക്കുവാനും, നന്മ സ്വീകരിക്കുവാനും, മറ്റുള്ളവർക്കു നന്മ ചെയ്യുവാനും സഹായിക്കുന്ന മാനുഷികസുകൃതങ്ങള്‍ ക്രിസ്തുമാർഗ്ഗത്തിലൂടെ മനുഷ്യനു ലഭിക്കുന്നു.

6. ക്രൈസ്തവസുകൃതങ്ങൾ: വിശുദ്ധരുടെ മാതൃകയാല്‍ അത്യധികം പ്രചോദിപ്പിക്കപ്പെട്ട വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ക്രൈസ്തവ സുകൃതങ്ങള്‍ സ്വീകരിക്കുവാനും മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുമുള്ള അനുഗ്രഹം ക്രിസ്തുമാർഗ്ഗത്തിലൂടെ ഒരു വിശ്വാസിക്കു ലഭിക്കുന്നു.

വിചിന്തനം
മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി തീരുന്ന ഒരു വ്യക്തിയുടെ മുൻപിൽ അനുഗ്രഹങ്ങളുടെ ഒരു വലിയ കലവറ തുറക്കുന്നു. ലോകത്തിൽ മറ്റൊരു ശക്തിക്കും, മതങ്ങൾക്കും, പ്രത്യയശാസ്ത്രങ്ങൾക്കും സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഉന്നതവും ശ്രേഷ്‌ഠവുമായ ഈ അനുഗ്രഹങ്ങളെ വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് കണ്ട്, അവ സ്വീകരിക്കുവാൻ നമ്മുടെ ജീവിതം ദൈവത്തിന്റെ മുൻപിൽ തുറന്നുവയ്ക്കാം. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുവാൻ സാധിക്കാതെ, തെറ്റായ ഈശ്വര സങ്കൽപങ്ങളിൽ മുഴുകി ജീവിക്കുന്ന എല്ലാ മനുഷ്യരെയും ദൈവസന്നിധിയിൽ സമർപ്പിച്ചു നമ്മുക്കു പ്രാർത്ഥിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »