Meditation. - May 2024

ക്രൈസ്തവ ആരാധനക്രമം മറ്റു മതങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?

സ്വന്തം ലേഖകന്‍ 02-05-2023 - Tuesday

"യേശു പറഞ്ഞു... അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്". (യോഹ 4:21-24)

യേശു ഏകരക്ഷകൻ: മെയ് 2
ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ 'ദൈവത്തെ' ആരാധിക്കാൻ മനുഷ്യനെ പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ ആരാധനക്രമം ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്ന് നാം തിരിച്ചറിയണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന 'ക്രൈസ്തവ ആരാധനക്രമം' ഉന്നതവും ശ്രേഷ്ഠവുമായ ഒരു പ്രവൃത്തിയാകുന്നതിന്റെ പ്രധാന കാരണങ്ങൾ:

1. മറ്റു മതങ്ങൾ ദൈവത്തെ ദൈവത്തെ ഒരു ശക്തിയായി കണക്കാക്കുകയും, ചില മതങ്ങൾ വിഗ്രഹങ്ങളെയും മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ ദൈവിക സങ്കല്പങ്ങളെയും ആരാധിക്കുകയും ചെയ്യുമ്പോൾ ക്രൈസ്തവർ സത്യദൈവത്തെ, അതായത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തെ ആരാധിക്കുന്നു.

2. ലോകത്തിലുള്ള എല്ലാ മതങ്ങൾക്കും തന്നെ ദൈവാരാധന എന്നത് ദൈവത്തെ ആരാധിക്കാൻ വേണ്ടി മനുഷ്യൻ ചെയ്യുന്ന 'മനുഷ്യന്റെ' ഒരു പ്രവർത്തിയാണ്. എന്നാൽ ക്രൈസ്തവ പാരമ്പര്യത്തില്‍ ഇത് 'ദൈവത്തിന്‍റെ' പ്രവൃത്തിയിലുള്ള ദൈവജനത്തിന്‍റെ പങ്കുചേരല്‍ ആണ്.

3. മറ്റു മതങ്ങളിലെല്ലാംതന്നെ, ദൈവാരാധനയിലൂടെ മനുഷ്യൻ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുകയും തങ്ങളുടെ ആവശ്യങ്ങൾക്കായി ദൈവത്തോട് യാചിക്കുകയും ചെയ്യുന്നു. ക്രൈസ്തവ ആരാധനാക്രമത്തിൽ ലോകരക്ഷകനും പ്രധാനപുരോഹിതനുമായ ക്രിസ്തു ദൈവജനത്തെ തേടിവരികയും അവർക്കു വേണ്ടിയുള്ള രക്ഷാകര്‍മം തുടരുകയും ചെയ്യുന്നു.

4. പുതിയനിയമത്തില്‍, ആരാധനക്രമം അഥവാ 'ലിറ്റര്‍ജി' എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ദൈവാരാധന മാത്രമല്ല, സുവിശേഷപ്രഘോഷണവും പരസ്നേഹപ്രവര്‍ത്തനവും കൂടിയാണ്. ആരാധനാക്രമാഘോഷത്തില്‍ തന്‍റെ കര്‍ത്താവായ 'ഏകശുശ്രൂഷകന്‍റെ' സാദൃശ്യത്തില്‍ സഭ ശുശ്രൂഷകയാണ്. അവള്‍ ക്രിസ്തുവിന്‍റെ പ്രവാചകപരവും (പ്രഘോഷണം), രാജകീയവും (പരസ്നേഹശുശ്രൂഷ), ആയ പൗരോഹിത്യത്തില്‍ (ആരാധന) പങ്കുചേരുന്നു.

5. "ക്രൈസ്തവ ആരാധനാക്രമത്തിൽ യേശുക്രിസ്തുവിന്റെ മൗതികശരീരം, അതായതു ശിരസ്സും അവയവങ്ങളും ചേര്‍ന്നു പൂര്‍ണമായ പൊതു ആരാധന നടത്തുന്നു. ഓരോ ആരാധനാഘോഷവും, പുരോഹിതനായ ക്രിസ്തുവിന്‍റെയും സഭയാകുന്ന അവിടുത്തെ ശരീരത്തിന്‍റെയും പ്രവൃത്തിയാകയാല്‍, അതു മറ്റുള്ള എല്ലാറ്റിനേക്കാളും വിശുദ്ധമായ പ്രവൃത്തിയാണ്‌. സഭയുടെ മറ്റൊരു പ്രവൃത്തിക്കും അതേ പദവിക്കും അതേ അളവിനും തുല്യമായ ഫലദായകത്വം ഉണ്ടായിരിക്കാന്‍ സാധ്യമല്ല." (Sacrosanctum Concilium 7)

വിചിന്തനം
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തെ ആരാധിക്കുക എന്നതിനെക്കാൾ ഉന്നതവും ശ്രേഷ്ഠവുമായ ഒരു പ്രവർത്തി ഈ ഭൂമിയിലില്ല. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണമെങ്കിൽ ആദ്യം സത്യദൈവത്തെ തിരിച്ചറിയണം. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിലൂടെ മാത്രമേ ദൈവത്തെ കാണുവാനും, രക്ഷപ്രാപിക്കുവാനും മനുഷ്യനു സാധിക്കൂ. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും മനുഷ്യ നിർമ്മിതമായ 'സങ്കൽപ ദൈവങ്ങളെ' ആരാധിച്ചുകൊണ്ട് സമയം പാഴാക്കുന്നു. അവർ സത്യം തിരിച്ചറിയുവാനും ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുവാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »