Meditation. - May 2025

യേശു എന്തിനാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്?

സ്വന്തം ലേഖകന്‍ 05-05-2023 - Friday

"ജനങ്ങളെല്ലാം അവനെ ഒന്നു സ്പർശിക്കാൻ അവസരം പാർത്തിരുന്നു. എന്തെന്നാൽ അവനിൽനിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു." (ലൂക്കാ 6:19)

യേശു ഏകരക്ഷകൻ: മെയ് 05
യേശു പ്രവർത്തിച്ച അത്ഭുതങ്ങള്‍ വെറും ഭക്തികഥകളായിരുന്നില്ല, അവ യഥാര്‍ത്ഥ സംഭവങ്ങളായിരുന്നു. ഈ അത്ഭുതകൃത്യങ്ങള്‍ പരസ്യമായാണു സംഭവിച്ചത്. അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളുടെ പേരുസഹിതം സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ദൈവരാജ്യം ആരംഭിക്കുകയാണെന്നു കാണിക്കുന്ന അടയാളങ്ങളായിരുന്നു. അവിടത്തേക്ക് മനുഷ്യവംശത്തോടുള്ള സ്നേഹം അവ പ്രകടിപ്പിച്ചു. അവിടത്തെ ദൗത്യം സ്ഥിരീകരിക്കുകയും ചെയ്തു.

യേശു നടത്തിയ അത്ഭുതങ്ങള്‍ തന്‍റെ തന്നെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്ന മാജിക്കിന്‍റെ പ്രകടനങ്ങളായിരുന്നില്ല. അവിടന്ന് ദൈവത്തിന്‍റെ സൗഖ്യദായകശക്തിയില്‍ നിറഞ്ഞവനായിരുന്നു. താന്‍ മിശിഹാ ആണെന്നും ദൈവരാജ്യം തന്നില്‍ തുടങ്ങുന്നുവെന്നും അത്ഭുതകൃത്യങ്ങളിലൂടെ അവിടന്നു വ്യക്തമാക്കി. അങ്ങനെ പുതിയ ലോകത്തിന്‍റെ ഉദയം അനുഭവിക്കുക സാധ്യമായിത്തീര്‍ന്നു: അവിടന്ന് ആളുകളെ വിശപ്പില്‍ നിന്നും, അനീതിയില്‍ നിന്നും, രോഗത്തില്‍ നിന്നും, മരണത്തില്‍ നിന്നും വിമോചിപിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് സാത്തനെതിരെ വിജയപൂര്‍വ്വം മുന്നേറി. എന്നാലും യേശു ലോകത്തില്‍ നിന്ന്‍ എല്ലാ ദൗര്‍ഭാഗ്യങ്ങളും തിന്മയും മാറ്റിക്കളഞ്ഞില്ല. പ്രധാനമായി പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന്‍ മോചിപ്പിക്കുന്നതിലാണ് അവിടുന്ന് ശ്രദ്ധിച്ചത്.

യേശുവിന്‍റെ വാക്കുകളോടൊപ്പം, അവിടുത്തെ കരുത്തുറ്റ പ്രവൃത്തികളും അത്ഭുതങ്ങളും അടയാളങ്ങളും നാം കാണുന്നു. യേശു പ്രവര്‍ത്തിച്ച 'അടയാളങ്ങള്‍' പിതാവാണ് അവിടുത്തെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ ഈ അടയാളങ്ങള്‍ മനുഷ്യരെ ക്ഷണിക്കുന്നു. വിശ്വാസപൂര്‍വം അവിടുത്തെ പക്കലേക്ക് തിരിയുന്നവര്‍ അപേക്ഷിക്കുന്നതെന്തും അവിടുന്ന് സാധിച്ചുകൊടുക്കുന്നു. അങ്ങനെ തന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്ന യേശുവിലുള്ള വിശ്വാസത്തെ അത്ഭുതങ്ങള്‍ ശക്തിപ്പെടുത്തുന്നു. അവിടുന്ന് ദൈവപുതനാണെന്ന് അവ സാക്ഷ്യം നല്‍കുന്നു. മനുഷ്യരുടെ ജിജ്ഞാസയെയോ, 'മാന്ത്രികവിദ്യ' കാണാനുള്ള കൗതുകത്തെയോ തൃപ്തിപ്പെടുത്താനുള്ളവയല്ല, യേശുവിന്റെ അത്ഭുതങ്ങള്‍. വളരെ പ്രകടമായ അത്ഭുതങ്ങള്‍ കണ്ടിട്ടുപോലും, ചിലര്‍ യേശുവിനെ തിരസ്കരിച്ചു. പിശാചുക്കളുടെ ശക്തിയാലാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പോലും ചിലര്‍ ആരോപിച്ചു.

വിശപ്പ്, അനീതി, രോഗം, മരണം മുതലായ ഭൗമിക തിന്മകളില്‍ നിന്നു ചിലരെ വിമോചിപ്പിച്ചുകൊണ്ട്, യേശു അടയാളങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നിരുന്നാലും, ഇവിടെ ഭൂമിയിലെ സര്‍വവിധ തിന്മകളും ഇല്ലാതാക്കുവാനല്ല, പ്രത്യുത, ഏറ്റവും വലിയ ദാസ്യത്തില്‍ നിന്ന്‍, അതായത്, പാപദാസ്യത്തില്‍ നിന്ന്, മനുഷ്യരെ വിമോചിപ്പിക്കുവാനാണ് അവിടുന്ന് സമാഗതനായത്; പാപത്തിന്‍റെ ദാസ്യമാണ്, മനുഷ്യരുടെ ദൈവമക്കള്‍ പദവിയെ ധ്വംസിക്കുന്നതും, സര്‍വവിധ മാനുഷിക ബന്ധനത്തിലേയ്ക്ക് അവരെ വലിച്ചിഴക്കുന്നതും. ചില വ്യക്തികളെ പിശാചുക്കളുടെ ആധിപത്യത്തില്‍ നിന്നു വിമോചിപ്പിച്ചുകൊണ്ട് യേശു നടത്തിയ പിശാചുബഹിഷ്ക്കരണങ്ങള്‍ കുരിശിലൂടെ യേശു നേടാനിരുന്ന വിജയത്തിന്‍റെ ഒരു മുന്നനുഭവമായിരുന്നു.

വിചിന്തനം
യേശുവിന്റെ പരസ്യജീവിതകാലത്ത് വളരെ പ്രകടമായ അത്ഭുതങ്ങള്‍ കണ്ടിട്ടുപോലും, ചിലര്‍ അവിടുത്തെ തിരസ്കരിച്ചു. പിശാചുക്കളുടെ ശക്തിയാലാണ് യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പോലും ചിലര്‍ ആരോപിച്ചു. ഇത്തരം ആരോപണങ്ങൾ ഇന്നും ചിലർ തുടരുന്നു. അതിനാൽ ക്രൈസ്തവ വിശ്വാസത്തിനെതിരെ ഉയരുന്ന വെല്ലുവിളികൾ കണ്ട് നാം തളരരുത്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ്, മരിച്ചവരെ ഉയിർപ്പിച്ചവനും, മരിച്ച് ഉത്ഥാനം ചെയ്തവനുമായ യേശുക്രിസ്തു അതേ ശക്തിയോടും പ്രതാപത്തോടും കൂടി നമ്മോടു കൂടെയുണ്ട് എന്ന സത്യം ഒരിക്കലും നാം ഒരിക്കലും വിസ്മരിച്ചു കൂടാ. ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിനെ വിശ്വാസത്തോടെ വിളിക്കുക അവിടുന്ന് നമ്മുടെ ജീവിതത്തിലും ഈ ലോകത്തിലും അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »