Meditation. - May 2024
യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതു വര്‍ഷം കാത്തിരുന്നത് എന്തിന്?
സ്വന്തം ലേഖകന്‍ 06-05-2024 - Monday
"പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന് അവർക്ക് വിധേയനായി ജീവിച്ചു..." (ലൂക്കാ 2:51)
യേശു ഏകരക്ഷകൻ: മെയ് 6
നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മപദ്ധതി വിശുദ്ധീകരിക്കാനും ആഗ്രഹിച്ചുകൊണ്ട് യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതു വര്‍ഷം കാത്തിരുന്നു. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് മാതാപിതാക്കൾക്കു വിധേയരായി ജീവിക്കുകയും, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുകയും ചെയ്തു (ലൂക്കാ 2:51-52).
അവിടുന്ന് ഒരു യഹൂദ ഗ്രാമീണസമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടത്തേക്ക് തന്‍റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഇതിലൂടെ തിരുകുടുംബം ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്ക് എന്നും മാതൃകയും, വേദനകളിൽ ആശ്രയവുമായി തീർന്നു.
തന്‍റെ ഭൗമിക ജീവിതത്തിന്‍റെ ഏറിയഭാഗവും യേശു ചെലവഴിച്ചത്, ബഹുഭൂരിഭാഗം മനുഷ്യരുടെയും ജീവിതാവസ്ഥയില്‍ പങ്കുചേര്‍ന്നു കൊണ്ടായിരുന്നു. പ്രകടമായ മാഹാത്മ്യമൊന്നും കൂടാതെ, കരവേലചെയ്താണ് അവിടുന്ന് അനുദിനം ജീവിച്ചത്. ദൈവിക നിയമത്തിനു വിധേയമായി, യഹൂദമതപ്രകാരം അവിടുന്നു സമൂഹത്തില്‍ ജീവിച്ചു.
തന്‍റെ മാതാവിനും വളർത്തുപിതാവിനും വിധേയനായി ജീവിച്ചുകൊണ്ട്, യേശു നാലാംപ്രമാണം പൂര്‍ണമായി അനുസരിച്ചു. തന്‍റെ സ്വര്‍ഗീയപിതാവിനോടുള്ള പുത്രനിര്‍വിശേഷമായ സ്നേഹത്തിന്‍റെ കാലികപ്രതീകമായിരുന്നു അത്. ജോസഫിനെയും മറിയത്തെയും അവിടുന്ന് അനുദിനം അനുസരിച്ചത്, ഗെദ്സെമന്‍ തോട്ടത്തിലെ അനുസരണത്തിന്‍റെ പ്രഖ്യാപനവും മുന്‍നിര്‍വഹണവുമായിരുന്നു. ക്രിസ്തുവിന്‍റെ രഹസ്യജീവിതത്തിലെ ദിനചര്യയില്‍ അവിടുന്ന് കാണിച്ച അനുസരണം ആദത്തിന്‍റെ അനുസരണക്കേടു മനുഷ്യര്‍ക്കു നഷ്ടപ്പെടുത്തിയതു പുന:സ്ഥാപിക്കാനുള്ള ദൈവികപദ്ധതിയുടെ പ്രാരംഭം തന്നെയായിരുന്നു.
വിചിന്തനം
പരസ്യജീവിതം തുടങ്ങാന്‍ 'സാധാരണ ജീവിതം നയിച്ചുകൊണ്ട്' മുപ്പതു വര്‍ഷം കാത്തിരുന്നതിലൂടെ യേശു നമ്മുടെ ഈ ലോകജീവിതത്തിലെ എല്ലാ വേദനകളിലും കഷ്ടപാടുകളിലും പങ്കുചേരുന്നു. നമ്മെപ്പോലെ ഈ ഭൂമിയിലെ ജീവിതത്തിന്റെ എല്ലാ വേദനകളും കഷ്ടപ്പാടുകളും അവിടുന്നു സഹിച്ചു. നമ്മുടെ പാപങ്ങൾ മാത്രമല്ല നമ്മുടെ അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനകളും രോഗങ്ങളും ഏറ്റെടുക്കുവാൻ യേശുവിനു സാധിക്കും. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്: "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും" (മത്തായി 11:28). നമ്മുടെ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ദൈവമല്ല; നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മപദ്ധതി വിശുദ്ധീകരിക്കാനും ആഗ്രഹിക്കുന്ന ദൈവമാണ്.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.