India - 2025
തൃശ്ശൂര്‍ അതിരൂപതയുടെ 130ാം അതിരൂപതാദിനാഘോഷം നടന്നു
സ്വന്തം ലേഖകന്‍ 21-05-2017 - Sunday
തൃശൂർ: സഹനങ്ങളിലൂടേയും പീഡനങ്ങളിലൂടേയുമാണു സഭ എന്നും വളർന്നിട്ടുള്ളതെന്നും വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് യേശു സഭയ്ക്കു നൽകുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപതയുടെ 130ാം അതിരൂപതാദിനാഘോഷ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ കാലം മുതൽ രണ്ടായിരത്തോളം വർഷത്തെ പാരമ്പര്യം തൃശൂരിലെ വിശ്വാസികൾക്കുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
ഒരുലക്ഷത്തോളം കുടുംബങ്ങളുള്ള തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 91.28 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കുടുംബങ്ങളിൽ ജനന നിരക്കു കുറഞ്ഞുവരുന്നതു ശുഭകരമല്ല. ആനുപാതികമായി പെണ്‍കുട്ടികൾ ഇല്ലാത്തതുമൂലം വിവാഹിതരാകാൻ കഴിയാത്ത യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്നും ആർച്ച്ബിഷപ് കണക്കുകൾ സഹിതം വെളിപ്പെടുത്തി.
അപരിചിതരെ ഭയപ്പെടുകയും സംശയിക്കുകയും ചെയ്യുന്ന ലോകത്താണു നാം ജീവിക്കുന്നതെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ ഡിജിപി ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. ചുറ്റുമുള്ള മനുഷ്യർ സഹോദരങ്ങളാണെന്ന കാര്യം നാം മറക്കുന്നു. സമഭാവനയും സഹിഷ്ണുതയും ഇല്ലാതാകുന്നു. ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടവരാണെന്ന സത്യം മറന്നു ചൂഷണം ചെയ്യുന്നവരായി നാം മാറുന്നു. ഇതു തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ, ആതുരശ്രുശ്രൂഷ സ്ഥാപനങ്ങളും സമൂഹത്തിനു നൽകുന്ന സേവനം ലോകത്തിനുതന്നെ മാതൃകയാണ്. ജേക്കബ് പൂന്നൂസ് അനുസ്മരിച്ചു.
വിശിഷ്ട സേവനത്തിന് അതിരൂപതയുടെ പുരസ്കാരംങ്ങൾ നേടിയ ഫാ. ജോണ്‍ ചെമ്മണൂർ, സിസ്റ്റർ ഡോ. ബീന സിഎംസിക്കുവേണ്ടി സഹോദരി സിസ്റ്റർ സാലസ് സിഎംസി, പ്രഫ. കെ.എം. ഫ്രാൻസിസ്, ടി.കെ. അന്തോണിക്കുട്ടി, ഡോ. ഏഡൻവാല, ഡോ. റോസ് ബീന, ഡോ. ജെറി ജോസഫ് പുളിക്കൻ എന്നിവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി, മാർ റാഫി മഞ്ഞളി എന്നിവർ ആശംസയർപ്പിച്ചു. അതിരൂപതാ സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ സ്വാഗതവും പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോൾസണ്‍ പാലത്തിങ്കൽ നന്ദിയും പറഞ്ഞു. വികാരി ജനറാൾമാരായ മോണ്‍. ജോർജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റജീന, ഫാ. ജോസ് കോനിക്കര തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
വരാക്കര സൗത്ത് ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥിനികൾ ഫാത്തിമാ ദർശന ശതാബ്ദിയെ അനുസമരിപ്പിച്ച് അവതരിപ്പിച്ച രംഗപൂജയോടെയാണു പൊതുസമ്മേളനത്തിനു തുടക്കമായത്. അതിരൂപതയിലെ സന്യാസ സമൂഹങ്ങളുടെ മേധാവികൾ, വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകളുടെ രൂപതാതല ഭാരവാഹികൾ, ഇടവക പ്രതിനിധികൾ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
