Meditation. - May 2024
തിരുകുടുംബത്തിൽനിന്നും വർഷിക്കപ്പെടുന്ന ഉന്നതമായ 7 അനുഗ്രഹങ്ങൾ
സ്വന്തം ലേഖകന്‍ 07-05-2023 - Sunday
"ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു" (ലൂക്കാ 2:40)
യേശു ഏകരക്ഷകൻ: മെയ് 7
ഓരോ സമൂഹത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. കുടുംബങ്ങൾ ശക്തിപ്രാപിക്കുമ്പോൾ സമൂഹവും, അതിലൂടെ രാജ്യങ്ങളും ശക്തിപ്രാപിക്കുന്നു. അങ്ങനെ ഈ ലോകത്തിന്റെ നിലനിൽപ്പു തന്നെ കുടുംബങ്ങളെ ആശ്രയിച്ചാണെന്ന് പറയാം. എന്നാൽ ഈ കുടുംബങ്ങൾ എവിടെനിന്നാണ് ശക്തി സ്വീകരിക്കേണ്ടത്? അതിന് ഒറ്റ ഉത്തരമേയുള്ളൂ 'നസ്രത്തിലെ ഭവനം'. ലോകത്തിലെ എല്ലാ കുടുംബങ്ങളുടെയും മാതൃകയും ശക്തികേന്ദ്രവും നസ്രത്തിലെ തിരുകുടുംബമാണ്.
ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളിലേക്കും നസ്രത്തിലെ ഈ ഭവനത്തിൽ നിന്നും ശക്തി ഒഴുകുന്നുണ്ട്. അത് സ്വീകരിക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾ ധാരാളമായി അനുഗ്രഹിക്കപ്പെടും. തിരുകുടുംബത്തിൽ നിന്നും നമ്മുടെ കുടുംബങ്ങളിലേക്കു വർഷിക്കപ്പെടുന്ന പ്രധാനപ്പെട്ട അനുഗ്രഹങ്ങൾ:
1. നിശ്ശബ്ദത പഠിപ്പിക്കുന്നു. മനസ്സിനു സ്വസ്ഥത നല്‍കുന്ന ആശ്ചര്യവും അനുപേക്ഷണീയവുമായ ഈ അവസ്ഥ ഓരോ കുടുംബങ്ങളെയും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.
2. ലാളിത്യം പരിശീലിപ്പിക്കുന്നു. കുടുംബത്തിലെ സ്നേഹൈക്യവും, അനാര്‍ഭാടവും, ലളിതവുമായ ജീവിതത്തിന്‍റെ സൗന്ദര്യവും അലംഘനീയതയും പവിത്രതയുമെല്ലാം എന്താണെന്നും ആരോഗ്യപരമായി നസ്രത്തിലെ ഭവനം നമ്മെ പരിശീലിപ്പിക്കുന്നു.
3. ജോലിയുടെ ശിക്ഷണം ലഭിക്കുന്നു. മനുഷ്യപ്രയത്നത്തെ സംബന്ധിക്കുന്ന കര്‍ശനവും രക്ഷാകരവുമായ നിയമം നസ്രത്തിലെ ഈ ഭവനം ലോകത്തോടു ഉദ്ഘോഷിക്കുന്നു. ഇതിനും പുറമേ, ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ മഹനീയ മാതൃക 'തച്ചന്‍റെ മകന്‍റെ' ഭവനമായ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു.
4. ദൈവസ്നേഹത്തിൽ വളർത്തുന്നു. നസ്രത്തിലെ ഭവനത്തിലെ യേശുവിന്റെ രഹസ്യജീവിതം, അനുദിനജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളില്‍ക്കൂടെ ദൈവസ്നേഹത്തിൽ വളരുവാൻ എല്ലാവര്‍ക്കും അവസരം നല്‍കുന്നു.
5. ദൈവസ്വരം ശ്രവിക്കുവാൻ കൃപ ലഭിക്കുന്നു. സുവിശേഷത്തിലെ നിശബ്ദനും എന്നാൽ ശക്തനായ ഒരു വ്യക്തിയാണ് തിരുകുടുംബത്തിലെ വി. യൗസേപ്പ്. ദൈവത്തിൽ നിന്നുമുള്ള വെളിപ്പെടുത്തലുകൾ ശ്രവിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിക്കുന്ന യൗസേപ്പിതാവ് ലോകം മുഴുവനുമുള്ള കുടുംബനാഥൻമാർക്ക് ഒരു മാതൃകയാണ്. ഇന്ന് പല കുടുംബംങ്ങളുടെയും തകർച്ചയ്ക്കു കാരണം ദൈവത്തോട് ആലോചന ചോദിക്കാതെ കുടുംബത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ്. തിരുകുടുംബത്തിൽ ആശ്രയിച്ചാൽ, ദൈവസ്വരം ശ്രവിച്ചുകൊണ്ട് കുടുംബത്തെ നയിക്കുവാനുള്ള കൃപ ഓരോ കുടുംബനാഥൻമാർക്കും ലഭിക്കും.
6. സ്വർഗ്ഗീയ പദ്ധതികളോട് "YES" പറയുവാനുള്ള കൃപ ലഭിക്കുന്നു. ദൈവം ഓരോ കുടുംബത്തിനുവേണ്ടിയും ഒരുക്കി വച്ചിരിക്കുന്ന അനുഗ്രഹങ്ങൾ വളരെ വലുതാണ്. നമ്മുടെ മക്കൾക്ക് ശോഭനമായ ഭാവിയും നമ്മുടെ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും നൽകുവാനുള്ള ദൈവത്തിന്റെ പദ്ധതിയാണത്. ഈ പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കണമെങ്കിൽ നാം ദൈവിക പദ്ധതിയോട് "YES" എന്നു പറയുവാൻ തയാറാകണം. ഇക്കാര്യത്തിൽ പരിശുദ്ധ കന്യകാമറിയം ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്. പരിശുദ്ധ അമ്മയെപ്പോലെ സ്വർഗ്ഗീയ പദ്ധതികളോട് "അതെ" പറയുവാനുള്ള കൃപ നസ്രത്തിലെ ഭവനത്തിൽ നിന്നും ഓരോ കുടുംബങ്ങൾക്കും ലഭിക്കുന്നു.
7. മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുവാനുള്ള കൃപ ലഭിക്കുന്നു. ഒരു കുട്ടി കുടുംബത്തിൽ ജനിക്കുന്ന നിമിഷം മുതൽ ജീവിതകാലം മുഴുവൻ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുവാനുള്ള കൃപ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ സ്രത്തിലെ ഭവനത്തിൽ വളർന്നുവന്ന യേശുക്രിസ്തുവിൽ നിന്നാണ് ഈ കൃപ ലോകം മുഴുവനുമുള്ള കുടുംബങ്ങളിലേക്ക് ഒഴുകുന്നത്.
വിചിന്തനം
നസ്രത്തിലെ തിരുകുടുംബത്തിൽ നിന്നും ധാരാളം കൃപകൾ ഓരോ കുടുംബങ്ങളിലേക്കും ഒഴുകുന്നുണ്ട്. അതു സ്വീകരിക്കുവാൻ ഓരോ കുടുംബങ്ങളും യേശുവിനായി വാതിൽ തുറന്നുകൊടുക്കണം. തിരുകുടുംബത്തിന്റെ കേന്ദം ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവാണ്. അതുപോലെ യേശുക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കുടുംബങ്ങളെ ഒരു ശക്തിക്കും പരാജയപ്പെടുത്താൻ സാധ്യമല്ല. ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളും ഈ വലിയ സത്യം തിരിച്ചറിഞ്ഞ് യഥാർത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും കടന്നുവരുന്നതിനായി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.