Meditation. - May 2024

ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അൽമായരുടെ പ്രത്യേകമായ വിളി

സ്വന്തം ലേഖകന്‍ 10-05-2024 - Friday

"എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും." (അപ്പ. 1:8)

യേശു ഏകരക്ഷകൻ: മെയ് 10
'ക്രിസ്തുവിനെ പ്രഘോഷിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?' എന്ന് അല്‍മായരോട് ആരെങ്കിലും ചോദിച്ചാൽ, ആ ചോദ്യം തന്നെ വലിയ അബദ്ധമാണ്. അല്‍മായരെ, അവരുടെ മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും, ദൈവമാണ് പ്രേഷിതധര്‍മ്മം ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട്, രക്ഷയുടെ ദിവ്യരഹസ്യം ലോകമെങ്ങും എല്ലാ മനുഷ്യരും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി വ്യക്തിപരമായോ സംഘങ്ങളായിച്ചേര്‍ന്നോ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശവും കടമയും ഉണ്ട്.

ചില സാഹചര്യങ്ങളിൽ അവരിലൂടെ മാത്രമേ സുവിശേഷം ശ്രവിക്കാനും ക്രിസ്തുവിനെ അറിയാനും മനുഷ്യര്‍ക്കു സാധിക്കുകയുള്ളൂ എന്നു വരുമ്പോൾ ഈ കടമ കൂടുതല്‍ നിര്‍ബന്ധസ്വഭാവമുള്ളതായിത്തീരുന്നു. സഭാസമൂഹങ്ങളില്‍ അവരുടെ പ്രവര്‍ത്തനം വളരെ അത്യാവശ്യമാണ്. എന്തെന്നാല്‍ അതില്ലാതെ പലപ്പോഴും അജപാലകരുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പൂര്‍ണമായ ഫലം ലഭിക്കുകയില്ല.

തിരുപ്പട്ടം സ്വീകരിച്ചവരും സഭ അംഗീകരിച്ചിട്ടുള്ള സന്യാസസഭകളില്‍പ്പെട്ടവരും ഒഴികെയുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളും എന്ന അര്‍ത്ഥത്തിലാണ് 'അല്‍മായര്‍' എന്ന പദം ഉപയോഗിക്കുന്നത്. മാമ്മോദീസ വഴി ക്രിസ്തുവില്‍ ഒരു ശരീരമായിത്തീര്‍ന്നവരും ദൈവജനമായി രൂപീകരിക്കപ്പെട്ടവരുമായ അവര്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യപരവും പ്രവാചകപരവും രാജത്വപരവുമായ ധര്‍മത്തില്‍ തങ്ങളുടേതായ രീതിയില്‍ പങ്കുകാരാക്കപ്പെട്ടവരാണ്.

ഭൗതികകാര്യങ്ങള്‍ ദൈവഹിതത്തിനനുസൃതം കൈകാര്യം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട് ദൈവരാജ്യം അന്വേഷിക്കുവാന്‍ അല്‍മായര്‍ തങ്ങളുടെ സവിശേഷമായ വിളിമൂലം കടപ്പെട്ടിരിക്കുന്നു. അവര്‍ അടുത്തബന്ധം പുലര്‍ത്തുന്ന ഭൗതികകാര്യങ്ങളെല്ലാം ക്രിസ്തുവിന്റെ കല്പനകൾക്ക് അനുസൃതമായി ക്രമീകരിക്കുവാനും അങ്ങനെ സ്രഷ്ടാവിനെയും രക്ഷകനെയും മഹത്വപ്പെടുത്തുവാനും അവര്‍ക്ക് സവിശേഷമായ കടമയുണ്ട്.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ യാഥാര്‍ത്ഥ്യങ്ങളെ, ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ അന്വഷിച്ചു കണ്ടെത്തേണ്ട സന്ദര്‍ഭങ്ങളില്‍ അല്‍മായരായ ക്രൈസ്തവരുടെ മുന്‍കൈയെടുക്കല്‍ പ്രത്യേകം ആവശ്യമാണ്‌. അല്‍മായർ സഭാജീവിതത്തിന്‍റെ മുന്‍നിരയിലാണ്. തങ്ങള്‍ തന്നെയാണ് സഭ എന്നു അവര്‍ക്കു സുവ്യക്തമായ ബോധ്യമുണ്ടായിരിക്കണം. അതായത് പൊതുതലവനായ റോമാ മാര്‍പ്പാപ്പയുടെയും അദ്ദേഹത്തോടുള്ള കൂട്ടായ്മയില്‍ വര്‍ത്തിക്കുന്ന മെത്രാന്‍മാരുടെയും നേതൃത്വത്തിന്‍കീഴില്‍, ഭൂമിയിലെ വിശ്വാസികളുടെ സമൂഹമാണു തങ്ങളെന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. അവരാണു സഭ.

വിചിന്തനം
ഭൗതികകാര്യങ്ങള്‍ ദൈവഹിതത്തിനനുസൃതം കൈകാര്യം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള നമ്മുടെ കടമ നാം നിർവ്വഹിക്കാറുണ്ടോ? ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ ലോകത്തിന്റെ മുൻപിൽ ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളാണോ നാം നമ്മുടെ അനുദിനജീവിതത്തിൽ നടത്തുന്നത്? അതോ സഭയുടെ ചില അധികാരികൾക്കു പറ്റുന്ന വീഴ്ചകൾ ആഘോഷമാക്കി മാറ്റുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളോട് കൂട്ടുചേർന്ന് ക്രിസ്തുവിന്റെ സഭയെ നാം പീഡിപ്പിക്കുകയാണോ ചെയ്യുന്നത്? -നമ്മുക്കു ചിന്തിക്കാം. മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന പ്രേഷിതധര്‍മ്മം സഭയോട് ചേർന്നു നിർവ്വഹിച്ചുകൊണ്ട് ഈ ലോകത്തിൽ നമ്മുക്കു ക്രിസ്തുവിന്റെ സാക്ഷികളായി മാറാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »