Meditation. - May 2024
ഒരുങ്ങിയിരിക്കുക..! ലോകം മുഴുവനെയും വിധിക്കാൻ ക്രിസ്തു വീണ്ടും വരും
സ്വന്തം ലേഖകന്‍ 20-05-2018 - Sunday
"അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതെന്ത്? നിങ്ങളിൽ നിന്ന് സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു, സ്വർഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും" (അപ്പ 1:11)
യേശു ഏകരക്ഷകൻ: മെയ് 20
നമ്മെയും ലോകം മുഴുവനെയും വിധിക്കാൻ ക്രിസ്തു വീണ്ടും വരുമെന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യത്തെ പലരും ഗൗരവമായി കാണുന്നില്ല. രക്ഷകനായ യേശുക്രിസ്തു കന്യകയിൽ നിന്നു ജനിക്കുമെന്നും, സകല മനുഷ്യരുടെയും രക്ഷക്കായി കുരിശിൽ മരിക്കുമെന്നും, ഉത്ഥാനം ചെയ്യുമെന്നും, സ്വർഗ്ഗാരോഹണത്തിനു ശേഷം പരിശുദ്ധാത്മാവിനെ വർഷിക്കുമെന്നും വിശുദ്ധലിഖിതം മുൻകൂട്ടി വെളിപ്പെടുത്തിയത് സംഭവിച്ചെങ്കിൽ അവിടുന്നു വീണ്ടും വരുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നത് സംഭവിക്കുക തന്നെ ചെയ്യും.
ക്രിസ്തുവിന്‍റെ ഭരണം ഇപ്പോള്‍ത്തന്നെ ഭൂമിയിൽ സന്നിഹിതമാണെങ്കിലും അതു പൂര്‍ണ്ണമല്ല. ഭൂമിയിലേക്കുള്ള അവിടുത്തെ പ്രത്യാഗമനം വഴി 'അധികാരത്തോടും വലിയ മഹത്വത്തോടും കൂടെ' ഇനിയും അതു പൂര്‍ണ്ണമാകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ പെസഹായാല്‍ തിന്മയുടെ ശക്തികളെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തിയെങ്കിലും അവിടുത്തെ ഭൂമിയിലെ ഭരണം ഇപ്പോഴും ആ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കു വിധേയമാണ്. അതുകൊണ്ടാണ് ഇന്നും ഭൂമിയിൽ തിന്മ നിലനിൽക്കുന്നത്. "തിന്മയുടെ ശക്തികള്‍ നടത്തുന്ന അന്തിമമായ ഒരു പോരാട്ടം കൂടാതെ ക്രിസ്തുവിന്‍റെ രാജ്യം വിജയം കൈവരിക്കുകയില്ല" (CCC 680). ഈ സത്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ.
ക്രിസ്തു വീണ്ടും വരുമ്പോൾ എല്ലാം അവിടുത്തേക്ക് അധീനമാകും. അപ്പോൾ നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സാക്ഷാത്കരിക്കപ്പെടും. ആ നിമിഷം വരെ, വിലപിക്കുകയും ഈറ്റുനോവനുഭവിക്കുകയും ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി ഇനിയും കാത്തിരിക്കുകയും ചെയ്യുന്ന സൃഷ്ടികളുടെ ഇടയിലാണ് വിശ്വാസികളുടെ സമൂഹം കഴിഞ്ഞു കൂടുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍, സര്‍വോപരി ദിവ്യബലിയില്‍ ക്രിസ്തുവിനോടു വേഗം വരുവാന്‍ പ്രാര്‍ത്ഥിക്കുന്നതും 'കര്‍ത്താവേ വരുക' എന്നു പറയുന്നതും.
ഇസ്രായേല്‍ കാത്തിരിക്കുന്ന മെസ്സയാനിക രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ സ്ഥാപനത്തിനുള്ള സമയം ഇനിയും സമാഗതമായിട്ടില്ല എന്നു ക്രിസ്തു തന്‍റെ സ്വര്‍ഗാരോഹണത്തിനു മുന്‍പ് പ്രഖ്യാപിച്ചു. ആ രാജ്യമാകട്ടെ, പ്രാവചകന്‍മാരുടെ വീക്ഷണത്തില്‍ എല്ലാ മനുഷ്യര്‍ക്കും നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സുനിശ്ചിതമായ ക്രമം നടപ്പിലാക്കാനുള്ളതാണ്. കര്‍ത്താവിന്‍റെ സൃഷ്ടിയില്‍ ഈ സമയം ആത്മാവിന്‍റെയും സാക്ഷ്യത്തിന്‍റെയും സമയമാണ്. അതുപോലെ, ഇത് സഭയ്ക്കു പിടികൂടുന്ന 'ഉത്കണ്ഠ'യുടെയും, തിന്മയുടെ പരീക്ഷകളുടെയും, അവസാന നാളുകളുടെ ഞെരുക്കങ്ങളുടെ തുടക്കത്തിന്‍റെയും സമയമാണ്. ഇത് കാത്തിരിപ്പിന്‍റെയും ജാഗ്രതയുടെയും സമയമാണ്.
വി. പത്രോസ് പന്തക്കുസ്തായ്ക്കു ശേഷം ജറുസലേമിലുള്ള യഹൂദരോടു പറയുന്നു: "അതിനാല്‍ നിങ്ങളുടെ പാപങ്ങള്‍ മായിച്ചു കളയാനും നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് സമാശ്വാസത്തിന്‍റെ കാലം വന്നെത്താനും നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കാനും വേണ്ടി നിങ്ങള്‍ പശ്ചാത്തപിച്ച് മാനസാന്തരപ്പെടുവിന്‍. ആദിമുതല്‍ തന്‍റെ വിശുദ്ധ പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തതു പോലെ സകലത്തിന്‍റെയും പുന:സ്ഥാപനകാലം വരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരുന്നു" (cf: അപ്പ 3:19-21). ഈ വാക്കുകളുടെ പ്രതിധ്വനി ഓരോ മനുഷ്യന്റെയും ജീവിതത്തിൽ നിരന്തരം മുഴങ്ങട്ടെ. മഹത്വപൂര്‍ണ്ണനായ മിശിഹായുടെ വരവു ചരിത്രത്തിന്‍റെ ഓരോ നിമിഷത്തിലും മാറ്റിവയ്ക്കപ്പെടുന്നു. എന്നാൽ അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
വിചിന്തനം
സ്വര്‍ഗാരോഹണത്തിനുശേഷമുള്ള ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനം, പിതാവു സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതാണെന്നും, അതിന്റെ സമയമോ കാലമോ നാം അറിയേണ്ട കാര്യമല്ലന്നും ക്രിസ്തു തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അതിനാൽ യുഗാന്ത്യത്തിലുള്ള ക്രിസ്തുവിന്റെ ആഗമനവും അതിനു മുന്‍പുണ്ടാകാനിരിക്കുന്ന അന്തിമ പരീക്ഷയും 'താമസിച്ചേക്കാ'മെങ്കിലും ഏതു നിമിഷത്തിലും ഇതു നിറവേറിയേക്കാം. അതിനാൽ നമ്മുക്കു ജാഗ്രതയുള്ളവരായിരിക്കാം. ആ നിമിഷത്തിനുവേണ്ടി ലോകം മുഴുവനെയും ഒരുക്കുന്നതിനായി നമ്മുക്കു പ്രാർത്ഥിക്കുകയും ചെയ്യാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.