Meditation. - June 2024
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്? അത് യേശുവിൽ നിന്നും പഠിക്കുക
സ്വന്തം ലേഖകന്‍ 04-06-2024 - Tuesday
"അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക" (ലൂക്കാ 11:1)
യേശു ഏകരക്ഷകൻ: ജൂൺ 04
എല്ലാ മതങ്ങളും മനുഷ്യനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ക്രൈസ്തവ വിശ്വാസത്തിൽ മാത്രമാണ് സാക്ഷാൽ ദൈവം തന്നെ മനുഷ്യനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതും, പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് മനുഷ്യനു കാണിച്ചുകൊടുക്കുന്നതും. യേശു വിവിധ സാഹചര്യങ്ങളിൽ പ്രാർത്ഥിച്ചിരുന്നത് ശിഷ്യന്മാർ ദർശിച്ചിരുന്നു. എങ്കിലും പ്രാർത്ഥനയെക്കുറിച്ചുള്ള അവരുടെ അറിവ് അപൂർണ്ണമായിരുന്നു. അതുകൊണ്ടാണ് അവരെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന പഠിപ്പിച്ചുകൊണ്ട് എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. പിന്നീട്, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് അവിടുന്ന് ശുഷ്യന്മാരെ പഠിപ്പിക്കുന്നത് സുവിശേഷത്തിൽ പല ഭാഗങ്ങളിലായി നാം കാണുന്നു. പ്രാർത്ഥിക്കാൻ പഠിപ്പിക്കുക മാത്രമല്ല യേശു ചെയ്തത്, അവിടുന്ന് തന്റെ ജീവിതത്തിലൂടെ അത് കാണിച്ചുകൊടുക്കുകയും ചെയ്തു.
ബാലനായ യേശു പ്രാർത്ഥിക്കാൻ പഠിച്ച വിവിധ മാർഗ്ഗങ്ങൾ, പ്രർത്ഥനയെക്കുറിച്ചുള്ള ആഴമായ അറിവിലേക്കു നമ്മെ നയിക്കും. തന്‍റെ കുടുംബത്തിലും സിനഗോഗിലും വച്ച് ബാലനായ യേശു പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. ഒരേസമയം ദൈവവും മനുഷ്യനുമായ യേശു മറ്റു യഹൂദകുട്ടികളോടൊപ്പം തന്‍റെ ജനത്തിന്‍റെ- ഇസ്രായേല്‍ ജനത്തിന്‍റെ മതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനാസൂക്തങ്ങളുടെയും ഇടയില്‍ വളര്‍ന്നുവന്നു.
എങ്കിലും, പഠനം വഴി നേടാനാവാത്ത ഒന്ന്‍ യേശുവിന്‍റെ ജീവിതത്തിലുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തിലുള്ള തന്‍റെ പിതാവുമായുള്ള അഗാധവും അനന്യവുമായ ഐക്യമായിരുന്നു അത്. പന്ത്രണ്ടു വയസ്സുള്ള യേശുവിനെ സംബന്ധിച്ച് ദേവാലയത്തിലുണ്ടായ സംഭവം (ലൂക്കാ 2:41) ഈ സത്യം വെളിപ്പെടുത്തുന്നു. മറ്റെല്ലാ മനുഷ്യരേയും പോലെ, യേശു പരലോകത്തെ, വരാനുള്ള ലോകത്തെ, പ്രതീക്ഷിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരിക്കല്‍ മനുഷ്യർ യേശുവിനോടു പ്രാര്‍ത്ഥിക്കുമെന്നും അവിടത്തെ ദൈവമായി അംഗീകരിക്കുമെന്നും അവിടത്തെ കൃപയ്ക്കായി യാചിക്കുമെന്നും ഈ സന്ദര്‍ഭം വ്യക്തമാക്കുന്നു.
മനുഷ്യാനായവതരിച്ചു നമ്മുടെയിടയില്‍ വാസമുറപ്പിച്ച വചനത്തിലൂടെയാണു പ്രാര്‍ത്ഥനയാകുന്ന നാടകം നമുക്കു പൂര്‍ണ്ണമായി വെളിപ്പെടുന്നത്. യേശുവിന്‍റെ സാക്ഷികള്‍ സുവിശേഷത്തില്‍ നമ്മോടു പ്രഘോഷിക്കുന്നവയിലൂടെ അവിടുത്തെ പ്രാര്‍ത്ഥനയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിന്‍റെ അര്‍ത്ഥം കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെയെന്നപോലെ നാം പരിശുദ്ധനും കര്‍ത്താവുമായ യേശുവിനെ സമീപിക്കുന്നു എന്നതാണ്. ആദ്യംതന്നെ പ്രാര്‍ത്ഥനയില്‍ അവിടുത്തെ ധ്യാനവിഷയമാക്കുക, പിന്നീട് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക, അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന എങ്ങനെ കേള്‍ക്കുന്നു എന്നു മനസ്സിലാക്കുന്നതിനു വേണ്ടിയാണത്.
"കന്യാപുത്രനായിത്തീര്‍ന്ന ദൈവപുത്രന്‍ തന്‍റെ മനുഷ്യഹൃദയപ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സര്‍വശക്തന്‍ ചെയ്ത എല്ലാ "വന്‍കാര്യങ്ങളും" സ്വഹൃദയത്തില്‍ കാത്തുസൂക്ഷിക്കുകയും അവയെപ്പറ്റി ധ്യാനിക്കുകയും ചെയ്ത തന്‍റെ അമ്മയില്‍ നിന്നാണ് ബാലനായ യേശു പ്രാര്‍ത്ഥനാ വചസ്സുകള്‍ പഠിച്ചത്. നസ്രത്തിലെ സിനഗോഗിലും, (ജറുസലേമിലെ) ദേവാലയത്തിലും തന്‍റെ ജനം ചൊല്ലിവന്ന പ്രാര്‍ത്ഥനയുടെ വാക്കുകളും താളങ്ങളുമുപയോഗിച്ച് പ്രാര്‍ത്ഥിക്കുവാന്‍ അവന്‍ അഭ്യസിച്ചു.
"ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കണം" എന്നു പന്ത്രണ്ടാം വയസ്സില്‍ അവിടുന്ന് വെളിപ്പെടുത്താന്‍ കനിഞ്ഞതുപോലെ അന്യഥാ നിഗൂഢമായ വേറൊരു ഉറവിടവും അവിടുത്തെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു. ഇവിടെ സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ പ്രാര്‍ത്ഥനയുടെ പുതുമ വെളിപ്പെടുവാന്‍ ആരംഭിക്കുന്നു. പിതാവു സ്വന്തം മക്കളില്‍ നിന്നു പ്രതീക്ഷിക്കുന്ന പുത്രസഹജമായ പ്രാര്‍ത്ഥന ഇപ്പോഴിതാ തന്‍റെ ഏകജാതന്‍ അവിടുത്തെ മനുഷ്യസ്വഭാവത്തില്‍ മനുഷ്യരോടൊപ്പവും മനുഷ്യര്‍ക്കു വേണ്ടിയും ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു" (CCC 2599)
വിചിന്തനം
പ്രാർത്ഥനയെക്കുറിച്ച് നമ്മൾ എത്ര അറിവു നേടിയിട്ടുണ്ടങ്കിലും, നാം വ്യക്തിപരമായി ക്രിസ്തുവിനോട് ചോദിക്കുകയും അവിടുന്നു തന്നെ വ്യക്തിപരമായി നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രാർത്ഥനയെക്കുറിച്ചുള്ള നമ്മുടെ അറിവു പൂർണ്ണമാവുകയുള്ളൂ. ഓരോ മനുഷ്യന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ നാം പ്രാർത്ഥന ആരംഭിക്കുമ്പോൾ തന്നെ യേശുവിനോട് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും എന്താണ് പ്രാർത്ഥിക്കേണ്ടതെന്നും ചോദിക്കണം. പിതാവുമായി ഒന്നായിരിക്കുന്ന അവിടുത്തേക്കുമാത്രമേ നമ്മുടെ ആവശ്യങ്ങളും നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളും വ്യക്തമായി അറിയൂ. അപ്പോൾ അവിടുത്തെ ആത്മാവുതന്നെ നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും, നമ്മിലും നമുക്കുവേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്യും. അപ്പോൾ മാത്രമേ ദൈവത്തിന്റെ തിരുഹിതം നമ്മിൽ പൂർത്തിയാവുകയുള്ളൂ.
▛ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.