News - 2024

മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയെ ബിഷപ്പ് ജോസഫ് അബ്സി നയിക്കും

സ്വന്തം ലേഖകന്‍ 22-06-2017 - Thursday

ലെബനോന്‍: മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ബിഷപ്പ് ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടു. ലെബനോനിലെ അലേയിലുള്ള എയിന്‍ ടെരേസില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സിനഡിലാണ് 71 വയസ്സുള്ള ബിഷപ്പ് ജോസഫ് അബ്സി പുതിയ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. 2007 മുതല്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഡമാസ്കസ് രൂപതയിലെ പാത്രിയാര്‍ക്കീസ് വികാരിയായി സേവനം ചെയ്തുവരികെയാണ് അദ്ദേഹത്തിന് പുതിയ ദൗത്യം ലഭിക്കുന്നത്.

മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസായിരിന്ന ഗ്രിഗറി ലാഹം III-ന്റെ രാജി ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ മെയ് 6നു ആണ് അദ്ദേഹം രാജി കത്ത് കൈമാറിയത്. സഭയെ അനുരജ്ഞനത്തിന്റെ പാതയില്‍ നയിക്കുവാനും പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമേകാനുമുള്ള ദൗത്യമാണ് പുതിയ പാത്രിയാര്‍ക്കീസിനുള്ളത്.

1946- ജൂണ്‍ 20നു സിറിയയിലെ ഡമാസ്കസിലാണ് ജോസഫ് അബ്സി ജനിച്ചത്. 1973-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ജോസഫ് അബ്സി സെന്റ്‌ പോള്‍സ് മിഷണറി സൊസൈറ്റിയുടെ ചാപ്ലൈന്‍ ആയി നിയമിതനായി. 2001-ല്‍ ഗ്രീസിലെ ടാര്‍സസിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും, മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റിലെ ക്യൂരിയല്‍ മെത്രാനായും, സഹായ മെത്രാനായും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

സിറിയയിലെ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവ സാന്നിധ്യമാണ് നിയുക്ത പാത്രിയാര്‍ക്കീസ്. ഇദ്ദേഹത്തിനു ലെബനന്‍ പൗരത്വവും ഉണ്ട്. ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലായി ഏതാണ്ട് 1.2 ദശലക്ഷത്തോളം വിശ്വാസികള്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭക്കുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.


Related Articles »