Meditation. - June 2024
യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും അനന്തമായ കരുണ പ്രവഹിച്ചുകൊണ്ടിരിക്കുന്നു
സ്വന്തം ലേഖകന്‍ 07-06-2024 - Friday
"എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു" (യോഹ 19:34)
യേശു ഏകരക്ഷകൻ: ജൂൺ 7
നാം എന്തിനുവേണ്ടിയാണ് യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവകല്പനകൾ അനുസരിക്കുകയും ചെയ്യുന്നത്? അത് ശിക്ഷയെപ്പറ്റിയുള്ള ഭയംമൂലമാണെങ്കിൽ നാം അടിമകളുടെ സ്ഥാനത്താണ്. അത് പ്രതിഫലം ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ നാം കൂലിവേലക്കാരനെപ്പോലെയാണ്. എന്നാൽ നന്മയ്ക്കു വേണ്ടിയും ദൈവത്തോടുള്ള സ്നേഹത്തെപ്രതിയും ആണെങ്കിൽ നമ്മൾ ദൈവമക്കളുടെ സ്ഥാനത്താണ്.
എങ്ങനെയാണ് ഈ സ്നേഹം നമ്മുക്കു ലഭിക്കുക? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ; ഈശോയുടെ തിരുഹൃദയത്തിൽ ആശ്രയിക്കുക. ലോകരക്ഷകന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. “ബൈബിളിന്റെ ഭാഷയില്‍ 'ഹൃദയം' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗത്തെയാണ്. രക്ഷകന്റെ ഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകം മുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായ കാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, 5 June 2005).
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീനക്ക്, തന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന അനന്തമായ കരുണയെക്കുറിച്ച് കർത്താവ് ഇപ്രകാരം വെളിപ്പെടുത്തി. “കരുണയുടെ ജീവനുള്ള ഉറവിടമെന്ന നിലയില്‍ എന്റെ ഹൃദയം തുറന്നിരിക്കുന്നു, അപാരമായ ആത്മവിശ്വാസത്തോട് കൂടി ഈ കരുണയുടെ കടലിനെ സമീപിക്കുന്ന എല്ലാവർക്കും പുതുജീവന്‍ ലഭിക്കും, പാപികള്‍ക്ക് മോചനം ലഭിക്കുകയും, നന്മയില്‍ ശക്തിപ്പെടുകയും ചെയ്യും. എന്റെ കാരുണ്യത്തില്‍ വിശ്വസിക്കുന്നവരുടെ ആത്മാക്കളില്‍ അവരുടെ മരണസമയത്ത് ഞാന്‍ ദൈവീക സമാധാനം നിറക്കും. ആയതിനാല്‍ എന്റെ മകളേ, എന്റെ കരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് തുടരുക. പാപികളോട് എന്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ചും, അനുകമ്പയെ കുറിച്ചും പറയുകയാണെങ്കില്‍ അവരുടെ ഹൃദയങ്ങൾ മാനസാന്തരപ്പെടുമെന്ന്പുരോഹിതരോട് പറയുക. എന്റെ കരുണയെക്കുറിച്ച് പ്രഘോഷിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന പുരോഹിതര്‍ക്ക് ഞാന്‍ അത്ഭുതകരമായ ശക്തിയും, അവരുടെ വാക്കുകളില്‍ സാന്ത്വനവും നല്‍കും, കൂടാതെ അവര്‍ സംസാരിക്കുന്ന ഹൃദയങ്ങളെ ഞാന്‍ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യും” (Book 5,21 January 1938).
യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും. കാരണം വിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവിടുന്ന് തന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണാമയമായ സ്നേഹം ഇതിലൂടെ നമുക്ക് നൽകുകയും ചെയ്യുന്നു. "സഭയുടെ പ്രാർത്ഥന, യേശുവിന്റെ പരിപാവനമായ നാമം വിളിച്ചപേക്ഷിക്കുന്നതു പോലെ അവിടുത്തെ തിരുഹൃദയത്തെ വണങ്ങുകയും ആദരിക്കുകയും ചെയ്യുന്നു. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി നമ്മുടെ പാപങ്ങളാൽ കുത്തിത്തുളയ്ക്കപ്പെടുവാൻ അവിടുന്ന് അനുവദിച്ച തന്റെ ഹൃദയത്തെയും മനുഷ്യനായവതരിച്ച വചനത്തെയും സഭയുടെ പ്രാർത്ഥന ആരാധിക്കുന്നു" (CCC 2669).
വിചിന്തനം
സമൂഹത്തിനും, സംസ്കാരത്തിനും, രാഷ്‌ട്രങ്ങൾക്കും ഇക്കാലത്ത് യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണ അത്യാവശ്യമാണ്. അതിനായി എല്ലാ മനുഷ്യരും തങ്ങളുടെ ഹൃദയകവാടങ്ങള്‍ യേശുവിന് വേണ്ടി മലര്‍ക്കെ തുറന്നിടേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ദൈവസ്നേഹത്തില്‍ നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം അവന്‍ 'ഹൃദയ ശൂന്യനായി' തീരുന്നു. കാരണം അവന്‍ ജീവ ജലത്തിന്റെ ഉറവയെ ഉപേക്ഷിച്ചു. അതിനാല്‍ നമ്മളെ ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടാന്‍ അനുവദിക്കുകയും, അങ്ങനെ നമ്മൾ യഥാർത്ഥ സ്നേഹത്തിൽ വളരുകയും വേണം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟