Meditation. - June 2024
യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും
സ്വന്തം ലേഖകന്‍ 07-06-2024 - Friday
"ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും" (ലൂക്കാ 2:34-35)
യേശു ഏകരക്ഷകൻ: ജൂൺ 7
യേശു മാത്രമാണ് ലോകരക്ഷകൻ എന്നു സഭ എക്കാലവും പ്രഘോഷിക്കുന്നു. ദൈവത്തിനു മാത്രം അർഹമായ ആരാധ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിനു മാത്രമേ നൽകുവാൻ പാടുള്ളൂ എന്നു സഭ വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. മറിയം നമ്മെപ്പോലുള്ള ഒരു സൃഷ്ടിയാണ്. എന്നാല്‍ നമ്മുടെ കര്‍ത്താവിന്‍റെ അമ്മയെന്ന നിലയില്‍ നാം അവളെ ആദരിക്കണം. കുരിശിൽ കിടന്നുകൊണ്ട് യേശു തന്നെ അവളെ നമ്മുടെ അമ്മയായി നല്കിയതുകൊണ്ട് മറിയം വിശ്വാസജീവിതത്തിൽ നമ്മുടെ അമ്മയാണ്.
ക്രിസ്തുവിൽ വിശ്വസിക്കേണ്ടതും അവിടുത്തെ ആരാധിക്കേണ്ടതും അനുഗമിക്കേണ്ടതും എങ്ങനെയാണെന്ന് ഈ അമ്മ നമ്മെ പഠിപ്പിക്കും. സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ മാനവരക്ഷാകർമ്മത്തിൽ സഹകരിച്ച കന്യകാമറിയത്തിന് നമ്മുടെ ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനും, തന്റെ തിരുക്കുമാരന്റെ അനന്ത യോഗ്യതയാൽ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹങ്ങൾ നേടിത്തരുവാനും സാധിക്കും. ഈ അമ്മയെക്കുറിച്ച് സാധാരണ ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.
1. മറിയത്തിന് യേശുവിനെക്കൂടാതെ മറ്റു മക്കളുണ്ടായിരുന്നോ?
ഇല്ല; മറിയത്തിന്‍റെ ഏകപുത്രന്‍ യേശു ആണ്. ആദിമസഭയില്‍പ്പോലും മറിയത്തിന്‍റെ നിത്യകന്യാത്വം അംഗീകരിച്ചിരുന്നു. യേശുവിന് ഒരേ അമ്മയില്‍ നിന്നുള്ള സഹോദരീ സഹോദരന്മാര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത അത് തള്ളിക്കളഞ്ഞിരുന്നു. യേശുവിന്‍റെ മാതൃഭാഷയായ അറമായാ ഭാഷയില്‍ ഒരേ പിതാവില്‍ നിന്നുള്ള സന്താനങ്ങളെയും (Siblings), സഹോദരീസഹോദരന്മാരുടെ സന്താനങ്ങളെയും (Cousins) സൂചിപ്പിക്കാന്‍ ഒരു പദമേ ഉള്ളൂ. അതിനാൽ, സുവിശേഷങ്ങളില്‍ യേശുവിന്‍റെ "സഹോദരീ സഹോദരന്മാര്‍" എന്നു പറയുമ്പോള്‍ യേശുവിന്‍റെ ഉറ്റ ബന്ധുക്കളെയാണ് പരാമര്‍ശിക്കുന്നത്.
2. മറിയത്തെ 'ദൈവത്തിന്‍റെ അമ്മ' എന്ന് വിളിക്കുന്നത് തെറ്റല്ലേ?
അല്ല. മറിയത്തെ ദൈവത്തിന്‍റെ അമ്മയെന്ന് വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന്‍ ദൈവമാണെന്ന് ഏറ്റുപറയുകയാണ്. ജനനത്തിനുശേഷം ദൈവം ആയിത്തീര്‍ന്ന ഒരാള്‍ക്ക് ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയോ അവളുടെ ഗര്‍ഭപാത്രത്തില്‍ വച്ചുപോലും അവളുടെ ശിശു ദൈവത്തിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയോ യേശു ഒരേ സമയത്ത് യഥാര്‍ത്ഥ മനുഷ്യനും യഥാര്‍ത്ഥ ദൈവവുമാണോ എന്ന പ്രശ്നം സംബന്ധിച്ചുള്ളതാണ്.
3. മറിയത്തിന്‍റെ "അമലോത്ഭവം" എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും പരിശുദ്ധ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ പാപമാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു."(മറിയത്തിന്‍റെ അമലോത്ഭവത്തെ കുറിച്ചുള്ള 1854-ലെ വിശ്വാസ പ്രഖ്യാപനം)
4. മറിയം ദൈവത്തിന്‍റെ ഒരു ഉപകരണം മാത്രമായിരുന്നോ?
മറിയം ദൈവത്തിന്‍റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണത്തെക്കാള്‍ കൂടുതലായിരുന്നു. ദൈവത്തിന്‍റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടുകൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ 1:38). അങ്ങനെ മനുഷ്യവംശത്തിനു യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മറിയത്തിൽ നിന്നുള്ള ഒരു സ്വതന്ത്രസമ്മതവും കൊണ്ട് ആരംഭിക്കുകയും പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിക്കുകയും ചെയ്തു. അങ്ങനെ അസാധാരണമായ ഒരു മാര്‍ഗത്തിലൂടെ മറിയം നമുക്ക് "രക്ഷയിലേക്കുള്ള കവാടം" ആയിത്തീര്‍ന്നു.
5. മറിയം എന്തുകൊണ്ടാണ് നമ്മുടെയും അമ്മയായിരിക്കുന്നത്?
മറിയം നമ്മുടെ അമ്മയാണ്. കാരണം, കര്‍ത്താവായ യേശു അവളെ നമുക്ക് അമ്മയായി തന്നു. "സ്ത്രീയെ ഇതാ നിന്‍റെ മകന്‍... ഇതാ, നിന്‍റെ അമ്മ" (യോഹ 19:26-27) എന്നു പറഞ്ഞുകൊണ്ട് മുഴുവന്‍ സഭയെയും യേശു മറിയത്തിനു ഭരമേല്‍പ്പിക്കുന്നു. അങ്ങനെ മറിയം നമ്മുടെയും അമ്മയാണ്. നമുക്ക് അവളെ വിളിച്ചപേക്ഷിക്കുകയും നമുക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥം യാചിക്കാന്‍ അപേക്ഷിക്കുകയും ചെയ്യാം.
6. വിശുദ്ധരുടെ ഐക്യത്തില്‍ കന്യകാമറിയത്തിനു ഇത്ര വിശിഷ്ടമായ സ്ഥാനമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്?
മറിയം ദൈവമാതാവാണ്. അവള്‍ യേശുവുമായി ഭൂമിയില്‍ അവഗാഢം ഐക്യപ്പെട്ടിരുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാള്‍ക്കും അതു സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വര്‍ഗ്ഗത്തില്‍ ഇല്ലാതാകുന്നില്ല. മറിയം ആത്മാവോടും ശരീരത്തോടും കൂടെ ദൈവത്തിന്റെ രക്ഷാകര പദ്ധതിക്കു സ്വയം സമര്‍പ്പിച്ചു. അതുകൊണ്ട് അവള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവൾ സ്വര്‍ഗ്ഗറാണിയാണ്. മറിയത്തെപ്പോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
7. കന്യകാമറിയത്തിന് യഥാര്‍ത്ഥത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയുമോ?
ഉവ്വ്. മറിയം നമ്മെ സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതല്‍ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കുന്നു. മറിയം യേശുവിന്‍റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കെ അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയില്‍ അവള്‍ ശിഷ്യരുടെയിടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ രണ്ടു സുപ്രധാന നിമിഷങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ചയാക്കാം: "ഇപ്പോഴും മരണനേരത്തും".
വിചിന്തനം
മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം മറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെ അമ്മയാണ്. യേശു തന്നെ മറിയത്തെ നമ്മുടെ അമ്മയായി നല്കിയതുകൊണ്ട് അവൾ വിശ്വാസജീവിതത്തിൽ നമ്മുടെ അമ്മയാണ്. അവളുടെ കരംപിടിച്ചുകൊണ്ട് നമ്മുക്ക് ക്രിസ്തുവിലേക്കു നടന്നടുക്കാം. കാനായിലെ വിവാഹ വിരുന്നിൽ സംഭവിച്ചതുപോലെ ഈ അമ്മ നമ്മുടെ ജീവിതത്തിൽ നമ്മോടും പറയും: "അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ".
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.