Meditation. - June 2024
ലളിതമായ ഭാഷയിലൂടെ യേശു എല്ലാ മനുഷ്യരെയും ദൈവരാജ്യത്തിലേക്കു ക്ഷണിക്കുന്നു
സ്വന്തം ലേഖകന്‍ 11-06-2024 - Tuesday
"ഇതെല്ലം ഉപമകൾ വഴിയാണ് യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല" (മത്തായി 13:34)
യേശു ഏകരക്ഷകൻ: ജൂൺ 11
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ യേശു മനുഷ്യരെ ക്ഷണിക്കുന്നത് എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന, ലളിതമായ ഭാഷ ഉപയോഗിച്ചുകൊണ്ടാണ്. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഉപമകളിലൂടെ യേശു ആഹ്വാനംചെയ്യുന്നു. അവിടുത്തെ പ്രബോധനത്തിന്‍റെ ഒരു മുഖമുദ്രയാണ് ഉപമകള്‍. അവയിലൂടെ രാജ്യത്തിന്‍റെ വിരുന്നിലേക്ക് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നു. എന്നാല്‍ അടിസ്ഥാനപരമായ ഒരു തിരഞ്ഞെടുപ്പും അവിടുന്ന് ആവശ്യപ്പെടുന്നു: സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിന് എല്ലാം ദാനം ചെയ്യണം; വാക്കുകള്‍ മാത്രം പോരാ, പ്രവൃത്തികളും വേണം.
അവിടുന്ന് പറഞ്ഞ ഉപമകൾ സാധാരണ മനുഷ്യന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. വചനത്തെ സംബന്ധിച്ച് അവന്‍ നല്ല ഭൂമിയാണോ, അതോ കഠിനമായ മണ്ണാണോ? തനിക്കു ലഭിച്ച താലന്തുകള്‍കൊണ്ട് അവന്‍ എന്തു ചെയ്തു? ഇപ്രകാരം വളരെ ലളിതമായി സ്വയം വിലയിരുത്തുവാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. എങ്കിലും യേശുവും, ദൈവരാജ്യത്തിന്‍റെ ഈ ലോകത്തിലെ സാന്നിധ്യവും അവിടുത്തെ ഉപമകളുടെയെല്ലാം കേന്ദ്രത്തില്‍ നിഗൂഢമായി നിലനില്‍ക്കുന്നു. അതിനാൽ സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയുന്നതിനു നാം അവിടുത്തെ രാജ്യത്തില്‍ പ്രവേശിക്കണം. അതായത്- ക്രിസ്തുവിന്‍റെ ശിഷ്യരാകണം. പുറത്തു നില്‍ക്കുന്നവര്‍ക്ക് എല്ലാം ദുര്‍ഗ്രഹവും നിഗൂഢവുമാണ്.
സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക് യേശു പാപികളെ ക്ഷണിക്കുന്നു. "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു. പാപികളുടെനേര്‍ക്കു തന്‍റെ പിതാവിനുള്ള നിസ്സീമമായ കാരുണ്യവും അനുതപിക്കുന്ന ഒരു പാപിയുടെ പേരില്‍ സ്വര്‍ഗത്തിലുണ്ടാകുന്ന സന്തോഷവും അവിടുന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വ്യക്തമാക്കുന്നു. പാപികളുടെ നേർക്കുള്ള യേശുവിന്റെ സ്നേഹത്തിന്‍റെ പരമമായ പ്രകടനമായിരുന്നു 'പാപമോചനാര്‍ത്ഥം' അവിടുന്ന് സ്വജീവന്‍ കുരിശിൽ ഹോമിച്ചത്.
ദരിദരുടേയും വിനീതഹൃദയരുടേതുമാണു സ്വര്‍ഗരാജ്യം. അതായത്, വിനീതഹൃദയത്തോടെ ക്രിസ്തുവിന്റെ വചനം സ്വീകരിക്കുന്നവർ അതിൽ പ്രവേശിക്കുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നതിനാണ് ഈശോ അയയ്ക്കപ്പെട്ടത്. അവിടുന്ന് അവരെ 'ഭാഗ്യവാന്മാര്‍' എന്നു പ്രഖ്യാപിക്കുകയും 'സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു' എന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. വിജ്ഞാനികളില്‍ നിന്നും വിവേകമതികളില്‍ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നത്, ചെറിയവരായ അവര്‍ക്കു വെളിപെടുത്തുവാന്‍ പിതാവു തിരുവുള്ളമായി. പുല്‍ക്കൂടുമുതല്‍ കുരിശുവരെ യേശു ദരിദ്രരരുടെ ജീവിതത്തില്‍ പങ്കുചേരുന്നു. വിശപ്പും ദാഹവും ദൗര്‍ലഭ്യവും അവിടുന്ന് അനുഭവിക്കുന്നു. എല്ലാത്തരം പാവപ്പെട്ടവരുമായി അവിടുന്ന് താദാത്മ്യം പ്രാപിക്കുന്നുവെന്നു മാത്രമല്ല, പാവങ്ങളുടെ നേര്‍ക്കുള്ള സ്നേഹം തന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള അവശ്യവ്യവസ്ഥയായി അവിടുന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
വിചിന്തനം
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, അതില്‍ പ്രവേശിക്കാന്‍ ഏകരക്ഷകനായ യേശുവിന്‍റെ വചനം സ്വീകരിക്കണം. വയലില്‍ വിതച്ച വിത്തിനോടു സദൃശമാണു കര്‍ത്താവിന്‍റെ വചനം. വിശ്വാസപൂര്‍വം ആ വചനം ശ്രവിക്കുകയും ക്രിസ്തുവിന്‍റെ ചെറിയ ആട്ടിന്‍കൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവരാജ്യം സ്വീകരിച്ചവരാണ്. അനന്തരം അത് സ്വതസിദ്ധമായ ശക്തിയാല്‍ മുളയ്ക്കുകയും കൊയ്ത്തുകാലം വരെ വളരുകയും ചെയ്യുന്നു. അതിനാൽ എല്ലാ മനുഷ്യരും യേശുവിന്റെ ജീവദായകമായ വചനം സ്വീകരിക്കുന്നതിനും, സ്വീകരിച്ചവർ ധാരാളം ഫലം പുറപ്പെടുവിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.