Meditation. - June 2024

'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുക

സ്വന്തം ലേഖകന്‍ 14-06-2024 - Friday

"നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ..." (മത്തായി 6:9-13)

യേശു ഏകരക്ഷകൻ: ജൂൺ 14
'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന ഏറ്റവും പൂര്‍ണ്ണമായ പ്രാര്‍ത്ഥനയാണ്. നമ്മുടെ ഗുരുവും നാഥനും രക്ഷകനായ യേശുക്രിസ്തു തന്നെയാണ് ഈ പ്രാർത്ഥന നമ്മുക്കു നൽകിയത്. അതിനാൽ തന്നെ ഇതിനു പകരം വയ്ക്കാൻ മറ്റൊരു പ്രാർത്ഥനയുമില്ല. മഹത്തായ ഈ പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുമ്പോൾ അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനോടുള്ള ഏഴ് അപേക്ഷകളാണ് ഈ പ്രാര്‍ത്ഥനയിലുള്ളത്. ആദ്യത്തെ മൂന്ന് അപേക്ഷകള്‍ ദൈവത്തെയും, ശരിയായി അവിടത്തെ സേവിക്കുന്നതിനെയും സംബന്ധിച്ചുള്ളവയാണ്. അവസാനത്തെ നാല് അപേക്ഷകള്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട് നാം പറയുന്ന മൗലിക മാനുഷികാവശ്യങ്ങളാണ്.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നമ്മൾ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാണെന്ന് സന്തോഷപൂര്‍വ്വം തിരിച്ചറിയാൻ "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് ഏറ്റുചൊല്ലുന്നതിലൂടെ നമ്മുക്കു സാധിക്കുന്നു. പിതാവായ ദൈവം തന്‍റെ മക്കളില്‍ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നു. അവിടത്തെ താത്പര്യ വിഷയമായി നമ്മള്‍ മാത്രമുണ്ടായിരിക്കുന്നുവെന്നപോലെ സ്നേഹിക്കുന്നു. ദൈവം എവിടെയെല്ലാമായിരിക്കുന്നുവോ അവിടെയെല്ലാമാണു സ്വര്‍ഗ്ഗം.

സ്വര്‍ഗ്ഗമെന്ന പദം ഒരു പ്രത്യേക സ്ഥലത്തെയല്ല, പിന്നെയോ, ദൈവത്തിന്‍റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതാകട്ടെ, സ്ഥലകാലങ്ങളാല്‍ പരിമിതമാക്കപ്പെട്ടിട്ടുള്ളതല്ല. എവിടെയെല്ലാം ദൈവത്തിന്റെ മഹത്വത്തിലേയ്ക്കും നമ്മുടെ അയല്‍ക്കാരന്റെ ആവശ്യങ്ങളിലും തിരിയുന്നുവോ, എവിടെയെല്ലാം നാം സ്നേഹത്തിന്‍റെ സന്തോഷം അനുഭവിക്കുന്നുവോ, എവിടെയെല്ലാം നാം മാനസാന്തരപ്പെടുകയും ദൈവവുമായി അനുരഞ്ജിതരാവുകയും ചെയ്യുന്നുവോ, അവിടെയെല്ലാം സ്വര്‍ഗം തുറക്കപ്പെടുന്നു. എവിടെ സ്വര്‍ഗമുണ്ടോ അവിടെ ദൈവവുമുണ്ട് എന്നല്ല, പിന്നെയോ ദൈവം എവിടെ ഉണ്ടോ അവിടെ സ്വര്‍ഗ്ഗമുണ്ട് എന്നതാണു ശരി.

അങ്ങയുടെ നാമം പൂജിതമാകണമേ...
ദൈവത്തിന്‍റെ നാമത്തെ പൂജിക്കുക അല്ലെങ്കില്‍ പവിത്രമായി കരുതുക എന്നതിന്‍റെ അര്‍ത്ഥം എല്ലാ വസ്തുക്കളെക്കാളും ഉപരിയായി ദൈവത്തെ പ്രതിഷ്ഠിക്കുകയെന്നതാണ്. വിശുദ്ധ ലിഖിതത്തില്‍ 'നാമം' എന്നത് വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ നാമത്തെ പൂജിക്കുകയെന്നതിന്‍റെ അര്‍ത്ഥം, അവിടത്തോടു നീതി പുലര്‍ത്തുക, അവിടത്തെ അംഗീകരിക്കുക, സ്തുതിക്കുക, അര്‍ഹമായ ബഹുമതി നല്‍കുക, അവിടത്തെ കല്‍പനകളനുസരിച്ചു ജീവിക്കുകയെന്നതാണ്.

അങ്ങയുടെ രാജ്യം വരണമേ...
"അങ്ങയുടെ രാജ്യം വരണമേ" എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തുവിനോട്, അവിടത്തെ വാഗ്ദാനമനുസരിച്ച് വീണ്ടും വരാന്‍ നാം പ്രാര്‍ത്ഥിക്കുകയാണ്. ഭൂമിയില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഭരണം സുനിശ്ചിതമായി പ്രബലപ്പെടട്ടെ എന്നും നാം പ്രാര്‍ത്ഥിക്കുന്നു. ജറുസലേമിലെ വിശുദ്ധ സിറിൽ പറയുന്നതുപോലെ ശുദ്ധിയുള്ള ഒരു ആത്മാവിനു മാത്രമേ പ്രത്യാശാപൂർവ്വം 'അങ്ങയുടെ രാജ്യം വരണമേ' എന്നു പറയാൻ കഴിയൂ. അതിനാൽ വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ഈ അപേക്ഷ നമ്മുക്കു ഏറ്റുചൊല്ലാം.

അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ...
ദൈവത്തിന്‍റെ ഹിതം സാര്‍വത്രികമായി നിറവേറണമെന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അത് സ്വര്‍ഗ്ഗത്തിലായിരിക്കുന്നതു പോലെ ഭൂമിയിലും നമ്മുടെ ഹൃദയത്തിലും ആയിരിക്കണമെന്നു നാം പ്രാര്‍ത്ഥിക്കുകയാണ്. സ്വന്തം ഇഷ്ടത്തിനും സ്വന്തം ആശയങ്ങൾക്കനുസരിച്ചും മനുഷ്യൻ പദ്ധതികള്‍ നടപ്പിലാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം ഭൂമി സ്വര്‍ഗമാകുകയില്ല. ഒരുവന്‍ ഒരുകാര്യം ആഗ്രഹിക്കുന്നു. മറ്റൊരുവന്‍ മറ്റൊരു കാര്യം ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മള്‍ ഒന്നിച്ച് ദൈവത്തിന്‍റെ ഇഷ്ടം ആഗ്രഹിക്കുമ്പോള്‍ നമ്മള്‍ സന്തോഷം കണ്ടെത്തുന്നു.

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ...
അനുദിനാഹാരത്തെക്കുറിച്ചുള്ള അപേക്ഷ നമ്മെ, എല്ലാ വസ്തുക്കളും നമ്മുടെ സ്വര്‍ഗീയ പിതാവിന്‍റെ നന്മയില്‍ നിന്ന് പ്രതീക്ഷിക്കുന്നവരാക്കുന്നു. ജീവനെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുന്ന ഭൗതികവും ആധ്യാത്മികവുമായ സര്‍വ്വതും അവിടത്തെ നന്മയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നു. കൂടാതെ, ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരെകുറിച്ചു ചിന്തിക്കുവാൻ ഈ അപേക്ഷ നമ്മെ പ്രേരിപ്പിക്കുന്നു. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള തന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിക്കാതെ ഈ യാചന ഉരുവിടാന്‍ ഒരു ക്രിസ്ത്യാനിക്കും സാധ്യമല്ല.

"മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ നാവില്‍ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്" (മത്താ 4:4). ഭൗതികവസ്തുക്കള്‍ കൊണ്ടു തൃപ്തിപ്പെടുത്താനാവാത്ത ഒരാധ്യാത്മിക വിശപ്പ് മനുഷ്യര്‍ക്ക് ഉണ്ടെന്ന് വിശുദ്ധ ലിഖിതത്തിലെ ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാൽ 'അന്നന്നു വേണ്ട ആഹാരം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആത്മാവിനും ശരീരത്തിനും ആവശ്യമായ ഭക്ഷണം അതിന്റെ ശരിയായ അളവിൽ ലഭിക്കുക എന്നുള്ളതാണ്. ശരീരത്തിന് ആവശ്യമായ അപ്പമില്ലാത്തതുകൊണ്ട് ഒരുവന് മരിക്കാന്‍ കഴിയും. പക്ഷേ, ഈ അപ്പം മാത്രം സ്വീകരിച്ചതുകൊണ്ടും ഒരുവന് മരിക്കാന്‍ കഴിയും- ആത്മീയമായ മരണം. അതിനാൽ ഈ അപേക്ഷ വാക്കുകളുടെ അർത്ഥതലങ്ങൾക്കും അപ്പുറം മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ ആവശ്യങ്ങളിലേക്കും കടന്നുചെല്ലുന്നു.

ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ...
നാം മറ്റുള്ളവരോട്‌ കാണിക്കുന്ന ദയയും, നാം അന്വേഷിക്കുന്ന ദയയും വിഭജിക്കാനാവാത്തതാണ്. നമ്മള്‍ ദയാപൂര്‍ണമല്ലാതിരിക്കുകയും, പരസ്പരം ക്ഷമിക്കാതിരിക്കുകയും ചെയ്‌താല്‍ ദൈവത്തിന്‍റെ കാരുണ്യം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുകയില്ല. പലരും ക്ഷമയുടെ അഭാവത്തോടെ ജീവിതകാലം മുഴുവനും സമരം ചെയ്യുന്നു. അനുരഞ്ജിതരാകാതിരിക്കുകയെന്ന അഗാധമായ തടസ്സം ദൈവത്തിലേക്കു നോക്കിക്കൊണ്ടു മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. നമ്മള്‍ പാപികളായിരിക്കെ നമ്മെ പുത്രരായി സ്വീകരിച്ചവനാണല്ലോ ദൈവം. കാരുണൃമുള്ള സ്വർഗ്ഗീയ പിതാവു നമുക്കുള്ളതു കൊണ്ടു മറ്റുള്ളവരോടു ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും നമ്മുക്കു സാധിക്കും. അതിനാൽ, ഈ അപേക്ഷ ദൈവത്തിന്റെ വലിയ കരുണയെപ്പറ്റിയും, മറ്റുള്ളവരോടു ക്ഷമിക്കുവാനുള്ള നമ്മുടെ കടമയെപ്പറ്റിയും നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ...
ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറിലും നമ്മള്‍ പാപത്തില്‍ വീഴുവാനുള്ള അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് പ്രലോഭനത്തിന്‍റെ ശക്തിയില്‍ നമ്മെ രക്ഷാമാര്‍ഗമില്ലാത്തവരായി വിട്ടുകളയരുതെന്നു നാം ദൈവത്തോട് യാചിക്കുന്നു. നമ്മള്‍ ദുഷ്ടരെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ദുര്‍ബലരായ മനുഷ്യരാണെന്ന് പിശാചിനാൽ പരീക്ഷിക്കപ്പെട്ടിട്ടുള്ള യേശുവിനു നന്നായി അറിയാം. പരീക്ഷയുടെ മണിക്കൂറില്‍ ദൈവസഹായത്തിന് ആശ്രയിക്കണമെന്ന് പഠിപ്പിച്ച അവിടുന്ന് "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ" എന്ന പ്രാർത്ഥനയിലൂടെ നാം യാചിക്കുന്നത് കാരുണ്യപൂര്‍വ്വം അനുവദിച്ചു തരുന്നു.

തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ...
'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ' എന്ന പ്രാർത്ഥനയിൽ പറയുന്ന 'തിന്മ' എന്നതുകൊണ്ട് നിഷേധാത്മകമായ അരൂപിക്കടുത്ത ശക്തിയോ ഊര്‍ജ്ജമോ അല്ല അർത്ഥമാക്കുന്നത്, പിന്നെയോ വ്യക്തിയായിരിക്കുന്ന തിന്മയാണ് വിവക്ഷിക്കുന്നത്. അതായത് 'പരീക്ഷകന്‍', 'നുണകളുടെ പിതാവ്' 'സാത്താന്‍' അഥവാ 'പിശാച്' എന്നിങ്ങനെയുള്ള പേരുകളില്‍ വിശുദ്ധ ലിഖിതത്തിൽ പറയുന്ന തിന്മയുടെ 'വ്യക്തി'യെയാണ് ഉദ്ദേശിക്കുന്നത്.

ലോകത്തിലെ തിന്മയ്ക്ക് സര്‍വനാശം വരുത്താന്‍ വേണ്ട ശക്തിയുണ്ടെന്ന കാര്യം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്നാൽ പിശാചിന്റെ ഏറ്റവും വഞ്ചനാത്മകമായ തന്ത്രം താൻ ഇല്ലന്ന് നമ്മെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ്. വിശുദ്ധ ലിഖിതം മാത്രമാണ് കാര്യങ്ങള്‍ കൃത്യമായി പറയുന്നത്: "എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്‍റെ അധിപന്‍മാര്‍ക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്" (എഫേ 6:12). 'തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ' എന്ന യാചന ഈ ലോകത്തിലെ സകല ദുരിതങ്ങളേയും ദൈവതിരുമുമ്പാകെ എത്തിക്കുകയും സര്‍വ്വതിന്മകളില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ സര്‍വശക്തനായ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു.

ആമ്മേന്‍...
ക്രിസ്ത്യാനികളും യഹൂദരും അതിപ്രാചീനകാലം മുതല്‍ അവരുടെ സകല‍ പ്രാര്‍ത്ഥനകളും 'ആമ്മേന്‍' എന്നു പറഞ്ഞുകൊണ്ട് ഉപസംഹരിച്ചിരുന്നു. 'അതെ', 'അങ്ങനെയാകട്ടെ' എന്നിങ്ങനെ പറയുകയാണ്‌ അതുവഴി അവര്‍ ചെയ്തത്. ഒരു വ്യക്തി തന്‍റെ വാക്കുകളോട് 'ആമ്മേന്‍' പറയുമ്പോള്‍, തന്‍റെ ജീവിതത്തോടും ഭാഗധേയത്തോടും 'ആമേന്‍' പറയുമ്പോള്‍, തന്നെ കാത്തിരിക്കുന്ന സന്തോഷങ്ങള്‍ക്ക് 'ആമ്മേന്‍' പറയുമ്പോള്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്നു. ആരംഭത്തില്‍ നമ്മെ സൃഷ്ടിച്ച സ്നേഹത്തോടുകൂടെ നാം ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.

വിചിന്തനം
യേശു പഠിപ്പിച്ച 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന ഒരു പ്രാര്‍ത്ഥനയേക്കാള്‍ കൂടിയ ഒന്നാണ്. നമ്മുടെ പിതാവിന്‍റെ ഹൃദയത്തിലേക്ക് നേരിട്ടു നയിക്കുന്ന വഴിയാണത്. സഭയുടെ ഈ ആദിമ പ്രാര്‍ത്ഥന ആദിമ ക്രൈസ്തവര്‍ ദിവസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ചൊല്ലിയിരുന്നു. ഈ പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടു ചൊല്ലാനും, ഹൃദയത്തിലേക്ക് സ്വീകരിക്കാനും, നമ്മുടെ ജീവിതത്തില്‍ അതു യാഥാര്‍ത്ഥ്യമാക്കാനും പരിശ്രമിക്കാത്ത ഒരു ദിവസം പോലും കടന്നുപോകാനിടയാകരുത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിനമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »