Meditation. - June 2024

ക്രൈസ്തവ ദേവാലയം: ക്രിസ്തുവിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന സ്ഥലം

സ്വന്തം ലേഖകന്‍ 22-06-2024 - Saturday

"അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു" (യോഹ 8:2).

യേശു ഏകരക്ഷകൻ: ജൂൺ 22
ക്രൈസ്തവ ദേവാലയങ്ങള്‍ കേവലം സമ്മേളന സ്ഥലങ്ങളല്ല. പിന്നെയോ, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുകയും ഐക്യപ്പെടുകയും ചെയ്ത മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്‍റെ വാസസ്ഥാനമാണ്‌ അവ. പ്രസ്തുത സ്ഥലത്ത് ജീവിക്കുന്ന സഭയെ സൂചിപ്പിക്കുകയും ദൃശ്യമാക്കുകയും ചെയ്യുന്നവയാണ് ഓരോ ദേവാലയങ്ങളും.

വിശുദ്ധ കുര്‍ബാന ആഘോഷിക്കുകയും കാത്തുസൂക്ഷിക്കുകയും വിശ്വാസികള്‍ സമ്മേളിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനാഭവനമാണ് ദേവാലയം. യാഗപീഠത്തില്‍ നമുക്കായി, വിശ്വാസികളുടെ സഹായത്തിനും ആശ്വാസത്തിനുമായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ രക്ഷകനായ ദൈവപുത്രന്‍റെ സാന്നിധ്യത്തെ ആരാധിക്കുന്ന ഈ ഭവനം ഭംഗിയുള്ളതും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്നതുമായിരിക്കണം. ഈ ദൈവഭവനത്തെ രൂപപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളുടെ സത്യവും സമന്വയവും, ക്രിസ്തു ഈ സ്ഥലത്ത് സന്നിഹിതനും പ്രവര്‍ത്തനനിരതനുമാണെന്നു കാണിക്കുന്നു.

ബലിപീഠം
പുതിയ ഉടമ്പടിയുടെ ബലിപീഠം കര്‍ത്താവിന്‍റെ കുരിശാണ്. അവിടെനിന്നു പെസഹാരഹസ്യത്തിന്‍റെ കൂദാശകള്‍ പുറപ്പെടുന്നു. ദേവാലയത്തിന്‍റെ കേന്ദ്രമാകുന്ന ബലിപീഠത്തില്‍, കൗദാശികാടയാളങ്ങളിലൂടെ കുരിശിലെ യാഗം സന്നിഹിതമാക്കപ്പെടുന്നു. ബലിപീഠം കര്‍ത്താവിന്‍റെ ഭക്ഷണമേശയുമാണ്. അതിലേക്കു ദൈവജനം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ചില പൗരസ്ത്യ ആരാധനക്രമങ്ങളില്‍, ബലിപീഠം ക്രിസ്തുവിന്റെ കബറിടത്തിന്‍റെ പ്രതീകം കൂടിയാണ്. 'ക്രിസ്തു യഥാര്‍ത്ഥത്തില്‍ മരിക്കുകയും യഥാര്‍ത്ഥത്തില്‍ ഉയിര്‍ക്കുകയും ചെയ്തു' എന്ന വലിയ സത്യം ഇതു സൂചിപ്പിക്കുന്നു.

സക്രാരി
ദേവാലയങ്ങളില്‍ സക്രാരി ഏറ്റവും യോഗ്യമായ സ്ഥലത്ത്, ഏറ്റവും കൂടുതല്‍ ആദരവോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദിവ്യകാരുണ്യ സക്രാരിയുടെ മാഹാത്മ്യം, സ്ഥാനം, സുരക്ഷിതത്വം എന്നിവ അള്‍ത്താരയിലെ വിശുദ്ധ കൂദാശയില്‍ യഥാര്‍ത്ഥത്തില്‍ സന്നിഹിതനായ കര്‍ത്താവിനോടുള്ള ആരാധനയെ പരിപോഷിപ്പിക്കുന്നു.

വിശുദ്ധതൈലം
പരിശുദ്ധാത്മാവിന്‍റെ ദാനത്തിന്‍റെ മുദ്രയുടെ കൗദാശികാടയാളമെന്ന നിലയില്‍ അഭിഷേക കര്‍മ്മങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വിശുദ്ധതൈലം (ക്രിസ/മൂറോന്‍) പരമ്പരാഗതമായി ബലിവേദിയില്‍ (മദ്ബഹയില്‍) ഒരു സുരക്ഷിതസ്ഥാനത്തു സൂക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവരുന്നു. ചില ദേവാലയങ്ങളിൽ ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കുള്ള തൈലവും രോഗീലേപനത്തിനുള്ള തൈലവും കൂടി അവിടെ സ്ഥാപിച്ചിരിക്കുന്നു.

വൈദികന്‍റെ ഇരിപ്പിടം
മെത്രാന്‍റെ സിംഹാസനം (Cathedra) അല്ലെങ്കില്‍ വൈദികന്‍റെ ഇരിപ്പിടം, അദ്ദേഹം സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്നതിന്‍റെയും പ്രാര്‍ത്ഥന നയിക്കുന്നതിന്‍റെയും ധര്‍മ്മത്തെ പ്രകടമാക്കുന്നു.

വചനവേദി
വചനശുശ്രൂഷയുടെ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള ദേവാലയത്തിലെ ഉചിതമായ ഒരു സ്ഥാനമാണ് വചനവേദി. ഇത് ദൈവവചനത്തിന്‍റെ മഹത്വം എടുത്തുകാണിക്കുന്നു.

മാമ്മോദീസാത്തൊട്ടി
ക്രൈസ്തവജീവിതം മാമ്മോദീസയോടുകൂടെ തുടങ്ങുന്നു. ദേവാലയത്തില്‍ മാമ്മോദീസാഘോഷണത്തിനുള്ള സ്ഥലം (മാമ്മോദീസാത്തൊട്ടി) ഉണ്ടായിരിക്കും. ഇത് മാമ്മോദീസ വ്രതങ്ങളുടെ സ്മരണ പോഷിപ്പിക്കുന്നതിനും (വിശുദ്ധ ജലം) ആവശ്യമാണ്.

കുമ്പസാരക്കൂട്
ജീവിതത്തിന്‍റെ നവീകരണം പലപ്പോഴും അനുതാപം ആവശ്യപ്പെടുന്നു. അതുകൊണ്ട്, ദൈവാലയം അനുതാപത്തിന്‍റെയും പാപമോചനത്തിന്‍റെയും കരുണയുടെയും ഭാവം പ്രകടിപ്പിക്കുന്നു. അനുതാപികളെ സ്വീകരിക്കാന്‍ ഉചിതമായ ഒരു സ്ഥാനം അതിനു ആവശ്യമാണ്‌. ഇവിടെ, അനുതപിക്കുന്ന ഓരോ മനുഷ്യനെയും കണ്ടുമുട്ടാൻ ക്രിസ്തു വന്നുചേരുന്നു.

സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകം
അവസാനമായി ദൈവാലയത്തിന് യുഗാന്ത്യപരമായ ഒരു പ്രാധാന്യം കൂടിയുണ്ട്. ദൈവത്തിന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നാം ഒരു പടിവാതില്‍ കടക്കണം. പാപത്താല്‍ മുറിവേറ്റ ഈ ലോകത്തു നിന്ന്‍ സര്‍വമനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്ന നവജീവന്‍റെ ലോകത്തിലേക്കുള്ള കടന്നുപോകലിനെ അത് സൂചിപ്പിക്കുന്നു. ദൈവജനം നടന്നടുത്തു കൊണ്ടിരിക്കുന്ന പിതൃഭവനത്തിന്‍റെ പ്രതീകമാണ് ദൃശ്യമായ ക്രൈസ്തവ ദേവാലയം. അവിടെ അവരുടെ കണ്ണുകളില്‍ നിന്ന് പിതാവ് കണ്ണീരു മുഴുവനും തുടച്ചുകളയുന്നു. ഇക്കാരണത്താല്‍ ദൈവത്തിന്‍റെ സകല മക്കള്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്ന, സ്വാഗതമരുളുന്ന ഒരു ഭവനമാണ് ദേവാലയം.

വിചിന്തനം
ഒരു ക്രൈസ്തവ ദൈവാലയത്തിലേക്കു നാം പ്രവേശിക്കുമ്പോൾ ദൈവത്തിന്റെ വലിയ സാന്നിധ്യത്തിലേക്കാണ് നാം കടന്നുചെല്ലുന്നത്. അവിടെ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ബലിപീഠമുണ്ട്, നമ്മുക്കു വേണ്ടി മുറിവേറ്റ അവിടുത്തെ ശരീരമുണ്ട്, നമ്മെ രക്ഷിക്കുന്ന അവിടുത്തെ വചനമുണ്ട്. ഓരോ ദേവാലയവും സര്‍വമനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകമാണ്. കുര്‍ബ്ബാനയാകുന്ന വലിയ പ്രാര്‍ത്ഥനയെ വ്യാപിപ്പിക്കുന്നതും ആന്തരികമാക്കുന്നതുമായ ധ്യാനത്തിലേക്കും മൗനപ്രാര്‍ത്ഥനയിലേക്കും ക്ഷണിക്കുന്ന ഒരു സ്ഥലം കൂടിയാണ് ദൈവാലയം. അതിനാൽ തികഞ്ഞ ഗൗരവത്തോടെയും ഭയഭക്തി ബഹുമാനങ്ങളോടെയും ആയിരിക്കണം നാം ദൈവാലയങ്ങളിൽ പ്രവേശിക്കേണ്ടത്. അതു ഭംഗിയുള്ളതും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്നതുമായി കാത്തുസൂക്ഷിക്കാൻ നമ്മുക്കു ശ്രമിക്കാം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »