News - 2025

ഈജിപ്തിലെ സെന്റ്‌ കാതറിന്‍ ആശ്രമത്തില്‍ നിന്നും അമൂല്യമായ കയ്യെഴുത്ത് പ്രതി കണ്ടെത്തി

സ്വന്തം ലേഖകന്‍ 08-07-2017 - Saturday

കെയ്റോ: ഈജിപ്തിലെ തെക്കന്‍ സീനായി പര്‍വ്വതമേഖലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ കാതറിന്‍ ആശ്രമത്തിലെ ഗ്രന്ഥശാലയില്‍ നിന്നും ഗ്രീസില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ഭിഷഗ്വരനും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവുമായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് എഴുതപ്പെട്ട അത്യപൂര്‍വ്വമായ ചികിത്സാക്കുറിപ്പുകള്‍ കണ്ടെത്തി. ഈജിപ്തിലെ പുരാവസ്തുവിഭാഗം മന്ത്രിയായ ഖാലെദ്‌ എല്‍-എനാനിയാണ് പുരാതന ക്രൈസ്തവ ആശ്രമത്തില്‍ നിന്നും അമൂല്യമായ കയ്യെഴുത്ത് പ്രതി കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.

ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആശ്രമങ്ങളിലൊന്നായ സെന്റ്‌ കാതറിന്‍ ആശ്രമം യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. നിലവില്‍ ലോകത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലയാണിത്.

ഗ്രന്ഥശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആശ്രമത്തിലെ സന്യാസിമാരാണ് കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തിയത്. അറബി, എത്യോപ്യന്‍, കോപ്റ്റിക്, അര്‍മേനിയന്‍, സിറിയക്ക്, ഗ്രീക്ക് എന്നീ ഭാഷകളില്‍ എഴുതപ്പെട്ട ഏതാണ്ട് 6,000-ത്തോളം കയ്യെഴുത്ത് പ്രതികള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്. അവയില്‍ ചിലത് നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണ്. ആറാം (548നും 564നും ഇടക്ക്) നൂറ്റാണ്ടിലാണ് സെന്റ്‌ കാതറിന്‍ ആശ്രമത്തില്‍ ലൈബ്രറി ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഈ ലൈബ്രറി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരമാണ് സെന്റ്‌ കാതറിന്‍ ആശ്രമം പണികഴിപ്പിച്ചത്‌. അതിപുരാതനമായ റോമന്‍ ചുരുളുകള്‍ ഈ ആശ്രമകെട്ടിടത്തിന്റെ ഭിത്തികള്‍ക്കിടയിലുണ്ടെന്ന് പറയപ്പെടുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലേന ചക്രവര്‍ത്തിനി പണികഴിപ്പിച്ച 'കത്തുന്ന മുള്‍ച്ചെടിയുടെ ദേവാലയം' എന്നറിയപ്പെടുന്ന ചാപ്പലിന് ചുറ്റുമാണ് ഈ ആശ്രമം നിര്‍മ്മിച്ചിരിക്കുന്നത്.

കയ്യെഴുത്ത് പ്രതികളുടേയും, കുറിപ്പുകളുടേയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശേഖരമാണ് സെന്റ്‌ കാതറിന്‍ ആശ്രമത്തിലെ ഗ്രന്ഥശാല. റോമിലെ വത്തിക്കാന്‍ ലൈബ്രറിയാണ് ഒന്നാം സ്ഥാനത്ത്. ചരിത്രത്തിന്റെ നിധി എന്നറിയപ്പെടുന്ന സിനൈറ്റിക്കൂസ് (സീനായി ബൈബിള്‍) സീനായി ലൈബ്രറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗ്രീക്ക് ബൈബിളിന്റെ പുരാതന കയ്യെഴുത്ത് പ്രതികളിലൊന്നായ ഈ അമൂല്യ ഗ്രന്ഥം 345-ലാണ് എഴുതിയതെന്ന് കരുതപ്പെടുന്നു. ചരിത്രാന്വേഷകര്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും ആവേശം പകരുന്നതാണ് ഹിപ്പോക്രാറ്റസിന്റെ കയ്യെഴുത്ത് പ്രതിയുടെ കണ്ടെത്തല്‍.


Related Articles »