Meditation. - June 2024

സ്ഥൈര്യലേപനമെന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവിന്റെ പൂർണ്ണത എല്ലാ വിശ്വാസികൾക്കും ലഭിക്കുന്നു

സ്വന്തം ലേഖകന്‍ 05-06-2024 - Wednesday

"എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. 1:8).

യേശു ഏകരക്ഷകൻ: ജൂണ്‍ 05
ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുടെമേല്‍, അവിടുത്തെ രക്ഷാകര ദൗത്യത്തിനായി, കര്‍ത്താവിന്‍റെ ആത്മാവ് ആവസിക്കുമെന്നു പഴയനിയമത്തില്‍ പ്രവാചകന്മാര്‍ അറിയിച്ചു. യേശു യോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ച സമയത്തു പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ ഇറങ്ങിവന്നത്, വരാനിരിക്കുന്ന ദൈവപുത്രനായ മിശിഹാ അവിടുന്നു തന്നെയാണ് എന്നതിന്‍റെ അടയാളമായിരുന്നു. യേശു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്തനായി, അവിടുത്തെ ജീവിതവും ദൗത്യവും മുഴുവന്‍ അളവറ്റ വിധത്തില്‍ അവിടുത്തേക്കു പിതാവു നല്‍കിയ പരിശുദ്ധാത്മാവിനോടുള്ള സമ്പൂര്‍ണ്ണ സംസര്‍ഗത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു.

ആത്മാവിന്‍റെ ഈ പൂര്‍ണ്ണത മിശിഹായില്‍ മാത്രം നിലനില്‍ക്കാനുള്ളതായിരുന്നില്ല, പിന്നെയോ, മെസ്സയാനിക ജനത്തിനു മുഴുവന്‍ കൈമാറാനുള്ളതായിരുന്നു. പരിശുദ്ധാത്മാവിന്‍റെ ഈ വര്‍ഷിക്കല്‍‍ ക്രിസ്തു പല സന്ദര്‍ഭങ്ങളിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യമായി ഉയിര്‍പ്പു ദിനത്തിലും പിന്നീട് ഏറ്റവും ശ്രദ്ധേയമായ വിധത്തില്‍ പന്തക്കുസ്തയിലും അവിടുന്ന് ഈ വാഗ്ദാനം നിറവേറ്റി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അപ്പസ്തോലന്മാര്‍ "ദൈവത്തിന്‍റെ ശക്തമായ പ്രവൃത്തികളെ" പ്രഘോഷിക്കാന്‍ തുടങ്ങി. പരിശുദ്ധാത്മാവിന്‍റെ ഈ വര്‍ഷിക്കല്‍‍ മെസ്സയാനിക യുഗത്തിന്‍റെ അടയാളമാണെന്നു പത്രോസും പ്രഖ്യാപിച്ചു. അപ്പസ്തോലന്മാരുടെ പ്രസംഗം ശ്രവിച്ചു, ക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിച്ചവര്‍ പരിശുദ്ധാത്മാവിന്‍റെ ദാനം സ്വീകരിക്കുകയും ചെയ്തു.

അപ്പസ്തോലന്മാര്‍ക്കു പന്തക്കുസ്തദിനത്തില്‍ നല്‍കപ്പെട്ടതുപോലെ പരിശുദ്ധാത്മാവിന്‍റെ സമ്പൂര്‍ണ്ണമായ വര്‍ഷിക്കപ്പെടലാണ് സ്ഥൈര്യലേപനമെന്ന കൂദാശയിൽ സംഭവിക്കുന്നത്. ഇക്കാരണത്താല്‍ മാമ്മോദീസയിലെ കൃപാവരത്തിന്‍റെ വര്‍ധനവിനും ആഴപ്പെടലിനും സ്ഥൈര്യലേപനം ഹേതുവാകുന്നു. ഈ കൂദാശയുടെ ഫലങ്ങൾ:

1. "ആബാ, പിതാവേ!" എന്നു വിളിക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ദൈവിക പുത്രസ്വീകരണത്തില്‍, നമ്മെ കൂടുതല്‍ ആഴത്തില്‍ അത് വേരുറപ്പിക്കുന്നു.

2. അതു നമ്മെ ക്രിസ്തുവിനോടു ഗാഢമായി ഐക്യപ്പെടുത്തുന്നു.

3. അതു നമ്മില്‍ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ വര്‍ധിപ്പിക്കുന്നു.

4. അതു സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ പൂര്‍ണ്ണമാക്കുന്നു.

5. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഒരു ശക്തി സ്ഥൈര്യലേപനം എന്ന കൂദാശ നമുക്കു പ്രദാനം ചെയ്യുന്നു.

മാമ്മോദീസ എന്ന കൂദാശ പോലെ സ്ഥൈര്യലേപനവും ഒരിക്കലേ നല്‍കപ്പെടുകയുള്ളൂ. കാരണം, അത് ആത്മാവില്‍ മായ്ക്കാനാവാത്ത ഒരു ആധ്യാത്മിക അടയാളം ആയ "മുദ്ര" പതിക്കുന്നു. തന്‍റെ സാക്ഷിയായിരിക്കേണ്ടതിന് യേശുക്രിസ്തു ക്രൈസ്തവനെ തന്‍റെ പരിശുദ്ധാത്മാവിന്‍റെ മുദ്രയാല്‍ അത്യുന്നതത്തില്‍ നിന്നുള്ള ശക്തി ധരിപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ് ഈ മുദ്ര. ഈ "മുദ്ര" വിശ്വാസികള്‍ മാമ്മോദീസയില്‍ സ്വീകരിച്ച പൊതുപൗരോഹിത്യത്തെ പൂര്‍ണ്ണമാക്കുന്നു; "സ്ഥൈര്യലേപനം സ്വീകരിക്കുന്ന വ്യക്തി, ക്രിസ്തുവിലുള്ള വിശ്വാസം ഔദ്യോഗിക കര്‍മ്മം എന്നപോലെ പരസ്യമായി ഏറ്റുപറയാനുള്ള ശക്തി സ്വീകരിക്കുകയും ചെയ്യുന്നു" (CCC 1305).

വിചിന്തനം
സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിക്കുന്ന ഓരോ വ്യക്തിയെയും പിതാവായ ദൈവം തന്‍റെ അടയാളം കൊണ്ടു മുദ്രിതനാക്കുന്നു. കര്‍ത്താവായ ക്രിസ്തു അവനെ സ്ഥിരീകരിക്കുകയും അവന്റെ ഹൃദയത്തില്‍ ആത്മാവാകുന്ന അച്ചാരം നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വലിയ സൗഭാഗ്യത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. ലോകം മുഴുവൻ ഈ വലിയ സത്യം തിരിച്ചറിഞ്ഞ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »